മലപ്പുറം ഒരു പ്രത്യേകരാജ്യമാണെന്നു എനിക്കും തോന്നിയിട്ടുണ്ട്.
മലപ്പുറത്തേക്കു പണിക്കു പോയി, പെൻഷൻ ആയിട്ടും അവിടുന്നു പറിച്ചുനടാനാവാതെ, അവിടെ തന്നെ വേരുറച്ചുപോയ, അനേകമനേകം ജില്ലക്കാരുടെ രാജ്യം. കെട്ടിയുണ്ടാക്കിയ കഥകളുടെയും പാടിപ്പതിഞ്ഞ പാട്ടുകളുടെയും, കള്ളി പൊളിയുന്നത് ജീവിതം കൊണ്ടു തിരിച്ചറിഞ്ഞ, തിരികെ പോരേണ്ടിവന്നിട്ടും മലപ്പുറത്തെ മനസ്സിൽ കൊണ്ടുനടക്കുന്ന എത്രയോ അധികം മനുഷ്യരുടെ മനോരാജ്യം.
കഴിഞ്ഞമാസം പ്രിയപ്പെട്ട ഒരു കൂട്ടുകാരന്റെ പിതാവ് മരിച്ചു, കരുവാരക്കുണ്ടിൽ ദീർഘകാലം അധ്യാപകനായിരുന്നു. തിരുവനന്തപുരത്തേക്കു മടങ്ങിയെങ്കിലും മലപ്പുറം ഒരു മനോരാജ്യമായിരുന്നു. കരുവാരക്കുണ്ട് എന്നുപറയുമ്പോൾ അന്തരംഗം അഭിമാനപൂരിതമാവുകയും ഞരമ്പുകളിൽ ചോരതുടിക്കുകയും ചെയ്തിരുന്നു. റിട്ടയർ ആയിട്ട് ഇരുപതു വർഷമെങ്കിലും ആയിക്കാണണം. മരണത്തിനു ചെന്നപ്പോൾ അച്ഛൻ പഠിപ്പിച്ച സ്കൂളിൽ നിന്നും വന്ന പഴയ വിദ്യാർത്ഥികളെ എനിക്കു കാണിച്ചു തന്നു. മക്കളുടെ പരിസരങ്ങളിൽ ഒരുപക്ഷേ വീട്ടുകാരേക്കാളും നാട്ടുകാരേക്കാളും അടുത്ത് അവർ ഉണ്ടായിരുന്നു.
പത്തിരുപതു വർഷം മുൻപ് പഠിപ്പിച്ച അന്യജില്ലക്കാരനായ ഒരു അധ്യാപകനെ കാണാൻ അവർ വണ്ടിപിടിച്ചു വന്നു എന്നോർത്തപ്പോൾ മലപ്പുറം ഒരു പ്രത്യേകരാജ്യം ആണെന്നു തോന്നി. എത്ര അധ്യാപകർക്ക് അങ്ങനെ ഒരു ആദരവും സ്നേഹവും ഉണ്ടാകും എന്നോർത്തു. സംസ്കാര ചടങ്ങുകൾക്കു ശേഷം അവർ സ്കൂളിന്റെ മുറ്റത്ത് മാവിന്റെ തണലിൽ അനുശോചനയോഗം കൂടി. അധ്യാപകരും പൂര്വവിദ്യാർത്ഥികളും അവരുടെ പ്രിയപ്പെട്ട അധ്യാപകനെ കുറിച്ച് നനഞ്ഞു കുതിർന്ന വാക്കുകളിൽ സംസാരിച്ചു. ഫേസ്ബുക്കിൽ അതുകേൾക്കുമ്പോൾ എനിക്കു പിന്നെയും തോന്നി മലപ്പുറം വേറെ ഏതോ ഒരു രാജ്യമാണ്.
ഒരുകാര്യം കൂടി പിന്നീട് അറിഞ്ഞു, തൈക്കാട് ശാന്തികവാടത്തിൽ ചിതയിലേക്ക് എടുക്കാൻ നേരം അവിടുത്തെ ഫീസ് അടച്ചത് അച്ഛൻ പഠിപ്പിച്ച മലപ്പുറത്തുകാരനായ ഒരു വിദ്യാർത്ഥി ആയിരുന്നു എന്ന്. അപ്പോൾ ഞാൻ ഉറപ്പിച്ചു, മലപ്പുറം മനുഷ്യസ്നേഹം കൊണ്ട് പണികഴിപ്പിച്ച ഒരു രാജ്യമാണ്.
ഷിബു ഗോപാലകൃഷ്ണൻ