തിരുവല്ലക്കാര്‍ ഒത്തു ചേര്‍ന്ന് ഓര്‍മകളുടെ വര്‍ണ്ണപ്പൂക്കളം തീര്‍ത്തപ്പോള്‍ ഹൂസ്റ്റണില്‍ നടന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പുതിയ ചരിത്രമായി. മുഖ്യാതിഥിയായി എത്തിയ ബ്ലെസിയും കുടുംബവും ആഘോഷങ്ങളില്‍ ആദ്യാവസാനം പങ്കുചേര്‍ന്നപ്പോള്‍ തിരുവല്ലക്കാരുടെ ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി
തിരുവല്ലക്കാര്‍ ഒത്തു ചേര്‍ന്ന് ഓര്‍മകളുടെ വര്‍ണ്ണപ്പൂക്കളം തീര്‍ത്തപ്പോള്‍ ഹൂസ്റ്റണില്‍ നടന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പുതിയ ചരിത്രമായി. മുഖ്യാതിഥിയായി എത്തിയ ബ്ലെസിയും കുടുംബവും ആഘോഷങ്ങളില്‍ ആദ്യാവസാനം പങ്കുചേര്‍ന്നപ്പോള്‍ തിരുവല്ലക്കാരുടെ ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി.
വൈവിധ്യമാര്‍ന്നതും ശ്രദ്ധേയവുമായ പരിപാടികളുമായി തിരുവല്ലക്കാര്‍ കളം നിറഞ്ഞപ്പോള്‍ നാടിലെ ഓണാഘോഷത്തിന്റെ തനിപകര്‍പ്പായി. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ സംവിധായകള്‍ ബ്ലസി മുഖ്യാതിഥിയായി. അദ്ദേഹത്തോടൊപ്പം തിരുവല്ലക്കാരുടെ ആഘോഷത്തില്‍ ഒപ്പം ചേരുന്നത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത് ഇരട്ടി മധുരമായി. ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയ വന്‍ ജനാവലിക്കു മുന്നില്‍ ട്രഷറര്‍ ഉമ്മന്‍ തോമസ് സംവിധായകന്‍ ബ്ലസിയെ സദസിന് പരിചയപ്പെടുത്തി. ഡോ. ജോര്‍ജ് എം. കാക്കനാട് അധ്യക്ഷത വഹിച്ചു.
തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. തിരുവല്ലക്കാര്‍ എന്നത് ഒരു പ്രദേശത്തെ ആളുകള്‍ മാത്രമല്ല, അത് ഒരു വികാരമാണ്. പരസ്പരം സഹകരണത്തിലും സ്‌നേഹത്തിലുമുള്ള ഒന്നിക്കലിനോടൊപ്പം നാടിന്റെ പ്രത്യേക ആവശ്യങ്ങളില്‍ കൂടെ നില്‍ക്കുക എന്നതും നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുവാതിരയും ഗാനങ്ങളും ഓണപ്പാട്ടുകളും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിച്ച കലാപരിപാടികള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. പെണ്‍കുട്ടികളുടെ ചെണ്ടമേളം ഏവരേയും ആവേശത്തിലാഴ്ത്തി.
ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരും പങ്കെടുത്ത രുചികരവും വിഭവസമൃദ്ധവുമായ ഓണസദൃയോട് കൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തിയ അവിസ്മരണീയമായ ഒരു ഓണം കൂടി ആഘോഷിക്കുന്നതിന് അവസരം ഒരുക്കിയ ഭാരവാഹികളെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തവരും മുക്തകണ്ഠം പ്രശംസിച്ചു.
സെക്രട്ടറി സുജാ കോശി സ്വാഗതം ആശംസിച്ചതിനൊപ്പം പരിപാടികളുടെ നിയന്ത്രണവും നിർവഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റോബിന്‍ ഫിലിപ്പ്, ടെറിഷ് തോമസ്, അജു വാരിക്കാട്, എം.റ്റി. മത്തായി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ട്രഷറര്‍ ഉമ്മൻ തോമസ് ബ്ലസിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി സംസാരിച്ചു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു മുണ്ടയ്ക്കന്‍, ഫോമാ ഫൗണ്ടിംഗ് പ്രസിഡന്റ്് ശശീധരന്‍ നായര്‍, സെന്റ് പീറ്റേഴ്‌സ് മലങ്കര ഓര്‍ത്തഡോക്‌സ് വികാരി ഫാ. പ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. അന്ന കോശി നന്ദിയും പറഞ്ഞു.