PRAVASI

പഹൽഗാം ഭീകരാക്രമണം: മരണം 26; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നത തല യോഗം ചേരുന്നു

Blog Image


ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും.  ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ  ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.