എന്റെ യേശു എനിക്ക് നല്ലവൻ അവൻ എന്നെന്നും മതിയായവൻ എന്ന ഗാനം ഉൾപ്പെടെ 150 ഓളം ഗാനങ്ങൾ രചിച്ച് ആത്മീയ ലോകത്തിന് സംഭാവന ചെയ്ത പാസ്റ്റർ സാംകുട്ടി മത്തായിയെ ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് ചിക്കാഗോ മലയാളി സമൂഹം ആദരിച്ചു
ചിക്കാഗോ: എന്റെ യേശു എനിക്ക് നല്ലവൻ അവൻ എന്നെന്നും മതിയായവൻ എന്ന ഗാനം ഉൾപ്പെടെ 150 ഓളം ഗാനങ്ങൾ രചിച്ച് ആത്മീയ ലോകത്തിന് സംഭാവന ചെയ്ത പാസ്റ്റർ സാംകുട്ടി മത്തായിയെ ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് ചിക്കാഗോ മലയാളി സമൂഹം ആദരിച്ചു. സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന നിരവധിപേർ ഈ ആദരവിന് സാക്ഷികളായി. പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചിക്കാഗോ പെന്തക്കോസ്റ്റൽ മീഡിയ കോർഡിനേറ്റർ കുര്യൻ ഫിലിപ്പ് അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ സാംകുട്ടി മത്തായി ആദ്യ ഗാനം രചിച്ചത് 60 വർഷങ്ങൾക്കു മുൻപാണ്. കഴിഞ്ഞ അര നൂറ്റാണ്ടു മുൻപ് ചിക്കാഗോയിൽ താമസം ആരംഭിച്ച അദ്ദേഹം 150 പരം ഗാനങ്ങൾ എഴുതി ക്രിസ്തീയ ഗാന മേഖലയെ സമ്പുഷ്ടമാക്കി. പാസ്റ്റർ സാംകുട്ടി മത്തായിയെ ആദരിക്കുന്നതിൽ നാം വൈകിപ്പോയി എന്ന് അധ്യക്ഷ പ്രസംഗത്തിൽ കുര്യൻ ഫിലിപ്പ് സൂചിപ്പിച്ചു.
ഹിസ് വോയിസ് എന്ന സംഗീത ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇതോടനുബന്ധിച്ച് നടത്തപ്പെട്ട ഗാന സന്ധ്യയിൽ പാസ്റ്റർ സാംകുട്ടി മത്തായി രചിച്ച നിരവധി ഗാനങ്ങൾ ആലപിച്ചു. ഹിസ് വോയിസ് ചിക്കാഗോ ഗ്രൂപ്പിന്റെ ഡയറക്ടർ റോണി നേതൃത്വം നൽകി. സിസ്റ്റർ ഷൈനി ഡാനിയേൽ, ടിഷ്യൻ തോമസ്, സിസ്റ്റർ നിഷിത, സജി ഫിലിപ്പ്, ജോയ്സ്, ഡോ ബിജു ചെറിയാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ, പാസ്റ്റർ എംജി ജോൺസൺ,ജോ സഫ് മാത്യു,പാസ്റ്റർ ഷാജി വർഗീസ്, ഡോ അലക്സ് ടി കോശി,ഡോ സജി കെ ലൂക്കോസ്, ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജോസഫ് കെ ജോസഫ്, ഡോ വിൽസൻ എബ്രഹാം, ഈസ് വോയിസ് മ്യൂസിക് ഗ്രൂപ്പ് ഡയറക്ടർ റോണി, പാസ്റ്റർ ബാബു കുമ്പഴ, പാസ്റ്റർ ജോൺ ജീവനാദം തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.
ഈസ് വോയിസ് മ്യൂസിക് ടീമിന്റെ പുരസ്കാരം പാസ്റ്റർ ജോസഫ് കെ ജോസഫ്, ചിക്കാഗോ പെന്തക്കോസ്ൽ കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പിന്റെ പുരസ്കാരം പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ, റിവൈവൽ ചർച്ചിന്റെ പുരസ്കാരം പാസ്റ്റർ ബാബു കുമ്പഴ, എഫ് പി സി സി യുടെ പുരസ്കാരം ഡോക്ടർ വിൽസൻ എബ്രഹാം എന്നിവർ നൽകി. ഡോക്ടർ സജി കെ ലൂക്കോസ് പാസ്റ്റർ ജോൺസൺ ഫിലിപ്പ് എന്നിവർ ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.
പാസ്റ്റർ സാംകുട്ടി മത്തായി നൽകിയ മറുപടി പ്രസംഗത്തിൽ കഴിഞ്ഞ 60ൽ പരം വർഷങ്ങളായി സംഗീത ശുശ്രൂഷയിൽ ഏർപ്പെടുവാൻ ഉണ്ടായ പ്രചോദനം വിവരിച്ചു.'എന്റെ യേശു എനിക്ക് നല്ലവൻ അവൻ എന്നെന്നും മതിയായവൻ ആപത്തിൽ രോഗത്തിൽ വൻ പ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ' എന്ന ഗാനം ആത്മഹത്യ ചെയ്യുവാൻ പോയ ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിച്ചത് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ബെൻ കോശിയുടെ സ്മരണ പുതുക്കുന്നതിനും ഈ സമ്മേളനം ഉപകരിച്ചു. ക്രിസ്തീയ ഗാന മേഖലയ്ക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ പലരും അനുസ്മരിച്ചു. ഈസ് വോയിസ് എന്ന സംഗീത ഗ്രൂപ്പിന്റെ അവിഭാജ്യ ഘടകമായിരുന്ന പാസ്റ്റർ ബെൻ കോശിയുടെ നിര്യാണം ഗ്രൂപ്പിനു വൻ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഡയറക്ടർ റോണി പ്രസ്താവിച്ചു. പാസ്റ്റർ സാംകുട്ടി മത്തായിയെ ആദരിക്കുന്നതിനുള്ള പ്രോഗ്രാമിന്റെ പ്രാരംഭ നടപടികൾ ചെയ്തുവരുവെയാണ് ആകസ്മികമായി പാസ്റ്റർ ബെൻ കോശി നിത്യത്തിലേക്ക് പ്രവേശിച്ചത്.
ബ്രറോണി നന്ദി പ്രകാശനം നടത്തി. ഡോക്ടർ ടൈറ്റസ് ഈപ്പൻ സമാപന പ്രാർത്ഥന നടത്തി.പാസ്റ്റർ കെ വി എബ്രഹാം ആശിർവാദം പറഞ്ഞു.
ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു സമ്മേളനം ആയിരുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു. അല്പം വൈകി എങ്കിലും പാസ്റ്റർ സാംകുട്ടി മത്തായിയെ ആദരിക്കുവാൻ മുൻകൈയെടുത്ത സംഘാടകരെ പലരും അഭിനന്ദിക്കുകയുണ്ടായി.
വാർത്ത: കുര്യൻ ഫിലിപ്പ്