PRAVASI

മഹായിടയൻ ദൈവത്തിങ്കലേക്ക് മടങ്ങി;പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Blog Image

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകത്തിന്‍റെ യാത്രാമൊഴി. സംസ്കാരചടങ്ങുകൾ റോമിലെ മേരി മജോറാ ബസലിക്കയിൽപൂർത്തിയായി. വിവിധ രാഷ്ട്രത്തലവൻമാർ അടക്കം രണ്ടര ലക്ഷത്തോളം പേരാണ് പോപ്പിന് വിട ചൊല്ലാൻ  സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തിയത് കനിവിന്‍റെയും ആർദ്രതയുടെയും ആൾരൂപമായ ഇടയ ശ്രേഷ്ഠന് വികാരനിർഭര യാത്രയയപ്പ് നൽകി ലോകം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്കാര ശുശ്രൂഷകൾ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. സെന്‍റ്  പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് ഭൌതികശരീരം ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇടത്തിലേക്ക് എത്തിച്ചതോടെ ശുശ്രൂഷകൾക്ക് തുടക്കമായി. മുഖ്യ കാർമ്മികനായത് കർദ്ദിനാൾ തിരുസംഘത്തിന്‍റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റേയാണ്. ആടുകളുടെ മണമുണ്ടായിരുന്ന ഇടയന്‍റെ ഹൃദയത്തോട് ചേർന്ന് നിന്ന വചനഭാഗങ്ങൾ ചത്വരത്തിൽ മുഴങ്ങി.
ട്രംപും സെലൻസ്കിയും മക്രോണും അടക്കം ലോകനേതാക്കൾക്ക് മുന്നിൽ മടക്കയാത്രയിലും സമാധാനാഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ നിലകൊണ്ടു. മതിലുകൾ ഇല്ലാതാക്കാനും പാലങ്ങൾ നിർമ്മിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ പോപ്പിനെ അനുസ്മരിച്ച് ബാറ്റിസ്റ്റ റേയുടെ ധ്യാനപ്രസംഗത്തിന് വൻ കരഘോഷത്തോടെ വിശ്വാസികള്‍ പ്രതികരണം അറിയിച്ചു.

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും  മലങ്കര കത്തോലിക്കാ സഭയുടെ  കാതോലിക്കാ ബാവാ കർദിനാൾ ക്ലീമീസും  അടക്കം 23 വ്യക്തിസഭകളുടെ തലവൻമാരുടെ നേത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ദിവ്യബലിക്ക് പിന്നാലെ ഭൌതികശരീരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക്  എത്തിച്ചു. അവിടെ നിന്ന് പാപ്പാ മൊബീലിൽ വത്തിക്കാന് പുറത്തേക്കും. 

മാർപാപ്പയുടെ മഹോന്നത പദവിയിലും സാധാരണക്കാരനായി ജീവിച്ച പോപ്പിന്റെ വിലാപയാത്രയും ലളിതമായി. ചരിത്രം ഉറങ്ങുന്ന റോമിന്‍റെ നഗരവീഥിയിലൂടെ, വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അതേ വാഹനത്തിൽ അവസാനയാത്ര. കൊളോസിയം അടക്കം ചരിത്രസ്മാരകങ്ങളുടെ ഇരുവശങ്ങളിലും നിറകണ്ണുകളോടെ പ്രിയ പിതാവിന് യാത്രാമൊഴിയേകി ജനം കാത്തുനിന്നു. 

ഒടുവിൽ അമ്മയുടെ അരികിൽ ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രാർത്ഥനാനിരതനായി നിന്ന സെൻറ്  മേരി മജോറി ബസലിക്കയിലേക്ക് നിശ്ചലനായി ഫ്രാൻസിസ് മാർപാപ്പയെത്തി. പടവുകളിൽ വെള്ളപ്പൂക്കളുമായി ദരിദ്രരും അശരണരും തടവുകാരുമായ 40 പേർ കാത്തുനിന്നു. ഒടുവിൽ മാർപാപ്പ തന്നെ നിശ്ചയിച്ച  സ്ഥലത്ത്, അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ഫ്രാൻസിസ്ക് എന്ന് മാത്രം ആലേഖനം ചെയ്ത  കല്ലറയിൽ നിത്യനിദ്ര. ഇനി കരുണയുടെ മഹായിടയന്‍റെ പിൻഗാമിയെ കണ്ടെത്തുന്ന കോൺക്ലേവിനായി ലോകത്തിന്റെ കാത്തിരിപ്പ് തുടങ്ങുന്നു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.