PRAVASI

റാന്നി നെല്ലിക്കമണ്‍ ഐ.പി.സി. താബോര്‍ സഭ ശതാബ്ദി നിറവില്‍

Blog Image

ഭാരതത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു പ്രസ്ഥാനമായ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ (ഐ.പി.സി.) ആദ്യത്തെ ഇരുപതു പ്രാദേശിക സഭകളില്‍ ഒന്നായ റാന്നി നെല്ലിക്കമണ്‍ താബോര്‍ സഭ അതിന്‍റെ വളര്‍ച്ചയില്‍ 100 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണല്ലോ.
പെന്തെക്കോസ്തു ഉപദേശവുമായി 1924 ല്‍ റാന്നിയിലെത്തിയ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമും സഹ പ്രവര്‍ത്തകരും 1924-25 വര്‍ഷങ്ങളില്‍ റാന്നിയിലും പരിസര പ്രദേശങ്ങളിലും ചില ചെറിയ ആത്മീയ കൂട്ടായ്മകള്‍ ആരംഭിച്ചു അതിലൊരു കൂട്ടായ്മയാണ് ഇന്നത്തെ നെല്ലിക്കമണ്‍ താബോര്‍ സഭ. റാന്നി പുല്ലംപള്ളി, പറക്കുളം, ഭാഗങ്ങളിലുള്ള ഭവനങ്ങളില്‍ ആരംഭിച്ച ആരാധനയില്‍ നെല്ലിക്കമണ്‍, കണ്ടന്‍പേരൂര്‍, വളകൊടികാവ് ആദിയായ സ്ഥലങ്ങളിലുള്ളവരും സംബന്ധിച്ചിരുന്നു. യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായിരുന്ന ആ സമയത്ത് ഏഴോലി, കരിയംപ്ലാവ് ആദിയായ ദൂരസ്ഥലങ്ങളില്‍ നിന്നും പലരും കൂട്ടായ്മയിലേക്ക് കടന്നുവരുവാന്‍ ഇടയായി. അങ്ങനെ കൂടിവന്നിരുന്ന എല്ലാവരുടെയും സൗകര്യാര്‍ത്ഥം സഭാ കൂടിവരവ് 1929 തോടെ നെല്ലിക്കമണ്‍ ജംഗ്ഷന് സമീപത്തു അയന്തിയില്‍ ഭവനക്കാര്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഒരു താല്‍ക്കാലിക ഓല ഷെഡ് നിര്‍മ്മിച്ചു അവിടേക്ക് മാറ്റുവാന്‍ ഇടയായി.


സഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയുടേയും ത്യാഗപരമായ സാമ്പത്തിക സഹകരണത്തിന്‍റെയും സ്വമേധ വേലയുടെയും ഫലമായും പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്‍റെ സ്വീഡന്‍ യാത്രയില്‍ നിന്നു ലഭിച്ച ഭൗതിക നന്മയില്‍ നിന്നുമുള്ള സഹകരണത്തിന്‍റെയും ഫലമായി 1936 - 37 ല്‍ കരിങ്കല്‍ ഉപയോഗിച്ച് 55 അടി നീളവും 20 അടി വീതിയും ഉള്ള സഭാ ഹാള്‍ നിര്‍മ്മിക്കുവാന്‍ ഇടയായി. സഭയ്ക്കായി അയന്തിയില്‍ ഭവനക്കാര്‍ നല്‍കിയ സ്ഥലത്തോടു ചേര്‍ന്ന് 39 സെന്‍റ് സ്ഥലം കൂടി സഭാംഗങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി വാങ്ങി. പിന്നീട് കാലാകാലങ്ങളില്‍ ശുശ്രൂഷിച്ച ദൈവദാസന്മാരുടെ പ്രത്യേകിച്ചു പാസ്റ്റര്‍ ഫിലിപ്പ് ജോസഫ്, വി.സി. ജോര്‍ജ്, ജോണ്‍ സ്കറിയ, എം.റ്റി. സമുവേല്‍ ആദിയായവരുടെ പ്രോത്സാഹനത്താലും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന സഭാ വിശ്വാസികളുടെ ത്യാഗപരമായ സാമ്പത്തിക കൂട്ടായ്മയുടെ ഫലമായും ഇന്നു കാണുന്ന മനോഹരമായ ആരാധനാലയവും, പാഴ്സനേജും ഓഡിറ്റോറിയവും മറ്റ് അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിപ്പാന്‍ ഇടയായി.
ആരംഭകാലത്ത് ആദ്യകാല പെന്തെക്കോസ്തു പ്രവര്‍ത്തകരായിരുന്ന വിളയില്‍ മത്തായിച്ചന്‍, വേങ്ങത്തോട്ടത്തില്‍ കുട്ടിയച്ചന്‍, കരംവേലില്‍ മത്തായിച്ചന്‍, കപ്പമാംമൂട്ടില്‍ കുഞ്ഞോമ്മാച്ചന്‍ ആദിയായ കര്‍ത്തൃദാസന്മാര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തു. പിന്നീട് പാസ്റ്റേഴ്സ് വി.ടി. ജോസഫ്, ടി.എന്‍ ഏബ്രഹാം, ഉള്ളായം ചെറിയാച്ചന്‍, കുന്നത്തുകര കുട്ടിയച്ചന്‍, എം.വി. ചാക്കോ മുണ്ടിയപ്പള്ളി, കെ.വി. മാത്യു പൊന്നോലില്‍, പി.സി. വറുഗീസ് (മേപ്രാല്‍), സി.സി. ഏബ്രഹാം  ആദിയായ ഐ.പി.സി. യിലെ മുതിര്‍ന്ന ദൈവദാസന്മാരും സഭാ ശുശ്രൂഷകന്മാരായി. ഇപ്പോള്‍ പാസ്റ്റര്‍ കുര്യാക്കോസ് തോട്ടത്തില്‍ സഭാശുശ്രൂഷകനായും പ്രൊഫ. മാത്യു ഏബ്രഹാം മുള്ളംകാട്ടില്‍ സഭാ സെക്രട്ടറിയായും ബ്രദര്‍ എ.ഐ. ബെന്നി അയന്തിയില്‍ ട്രഷറാറായും സേവനമനുഷ്ഠിക്കുന്നു.
സഭയിലെ ആദ്യകാല വിശ്വാസികളായ മാതാപിതാക്കള്‍ സഭാ വളര്‍ച്ചയ്ക്ക് വേണ്ടി വളരെ അധികം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. സാധാരണ കൃഷിക്കാരായിരുന്ന അവര്‍ പകലന്തിയോളം തങ്ങളുടെ കൃഷി ജോലികള്‍ ചെയ്ത ശേഷം ചൂട്ടുകറ്റയും റാന്തല്‍ വിളക്കും ഏന്തി മലകളും, ഇടത്തോടുകളും താണ്ടി കാല്‍നടയാത്ര ചെയ്തു രാത്രിയോഗങ്ങളിലും ഉണര്‍വ്വ് യോഗങ്ങളിലും പങ്കെടുത്തു. ആദ്യകാല കര്‍ത്തൃദാസന്മാരെ ക്ഷണിച്ചു വരുത്തി തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ചു കൊണ്ട് ആഴ്ചകളും, മാസങ്ങളും നീളുന്ന ബൈബിള്‍ ക്ലാസുകളും കാത്തിരിപ്പു യോഗങ്ങളും നടത്തി. പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്‍റെ ആത്മകഥയില്‍ പറയുന്ന പ്രകാരം ഈ സഭയിലെ നെടുംതൂണുകള്‍ ആയിരുന്ന മുള്ളംകാട്ടില്‍ മത്തായിച്ചന്‍, അയന്തിയില്‍ കുട്ടിയച്ചന്‍ മുതലായവര്‍ തങ്ങളുടെ കൃഷിഫലങ്ങള്‍ കാളവണ്ടിയില്‍ കയറ്റി കുമ്പനാട്ട് നടന്ന ഐ.പി.സി. ബൈബിള്‍ സ്കൂള്‍ ആവശ്യങ്ങള്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട് എന്നത് ഒരു ചരിത്ര വസ്തുതയാണ്.
രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പ്രത്യേകിച്ച് അന്ന് പടര്‍ന്ന മാരകമായ വസൂരി രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനും, പാവപ്പെട്ടവരുടെ പുരമേഞ്ഞ് കൊടുക്കുന്നതിലും മറ്റും അവര്‍ മാതൃകകാട്ടി. സഭയില്‍ നടന്ന ആത്മീയ ഉണര്‍വ്വില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ട പലരും സമീപ പ്രദേശങ്ങളിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നു പോയി പ്രവര്‍ത്തനം ആരംഭിച്ചു. ഈ സഭയുടെ സഭാംഗങ്ങളായിരുന്ന പാസ്റ്റേഴ്സ് എം.എസ്. ജോസഫ് തമിഴ്നാട്ടിലും, കുര്യന്‍ തോമസ് ഇറ്റാര്‍സി, മധ്യപ്രദേശിലും, കെ.സി.മാത്യൂസ് കര്‍ണ്ണാടകയിലും റ്റി.എം. സൈമണ്‍ ഡെല്‍ഹിയിലും പി.റ്റി. ജോര്‍ജ് യു.പി.യിലും പി.വി. ജോണ്‍ ആന്‍ഡമാനിലും ഡോ. ജോര്‍ജ് മാത്യു ത്രിപുരയിലും, മാത്യുകെ. ഏബ്രഹാം ജമ്മുകാശ്മീരിലും ഐ.പി.സി. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നേതൃത്വം കൊടുത്തു. ഐ.പി.സി. നേതാക്കളായിരുന്ന പാസ്റ്റര്‍ റ്റി.ജി. ഉമ്മന്‍, പാസ്റ്റര്‍ ജോര്‍ജ് വറുഗീസ് എന്നിവര്‍ സുവിുശേഷവേലയിലേക്ക് ഇറങ്ങിയത് നെല്ലിക്കമണ്‍ സഭയില്‍ നിന്നാണെന്നത് സഭയ്ക്ക് അഭിമാനകരമാണ്. നിത്യതയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ ജോസഫ് കുരുവിള, പാസ്റ്റര്‍ റ്റി.എന്‍. തങ്കപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെ 100 റോളം ദൈവദാസന്മാരും സുവിശേഷകരും ഈ സഭയില്‍ നിന്ന് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കടന്നുപോയി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനിടയായി.
കഴിഞ്ഞ ഒരു വര്‍ഷം നീണ്ട ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുവിശേഷ യാത്രകള്‍, ഭവന നിര്‍മ്മാണം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം ആദിയായ  സുവിശേഷീകരണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടയായി. ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനിയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രദര്‍ ഷിബു മുള്ളംകാട്ടില്‍ നേതൃത്വം കൊടുക്കുന്നു. മെയ് 24 ശനിയാഴ്ച ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം നടക്കുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന സഭാ വിശ്വാസികളും കര്‍ത്തൃദാസന്മാരും കടന്നുവരുന്ന പ്രസ്തുത സമ്മേളനത്തിന്‍റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.

ഡോ. ജോര്‍ജ് മാത്യു മുള്ളംകാട്ടില്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.