കാവ്യശിഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6,7,8 എന്നീ തീയതികളിലായി നീണ്ടുനിന്ന സച്ചിദാനന്ദം കേരളമാകെ ചർച്ച ചെയ്ത സാഹിത്യമഹോത്സവമാണ്.കാവ്യശിഖയുടെ കൊടിക്കീഴിൽ ഡോ. രാവുണ്ണിയുടെ നേതൃത്വത്തിലാണ് സച്ചിദാനന്ദം പരിപാടികൾ നടന്നത്
കാവ്യശിഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6,7,8 എന്നീ തീയതികളിലായി നീണ്ടുനിന്ന സച്ചിദാനന്ദം കേരളമാകെ ചർച്ച ചെയ്ത സാഹിത്യമഹോത്സവമാണ്.കാവ്യശിഖയുടെ കൊടിക്കീഴിൽ ഡോ. രാവുണ്ണിയുടെ നേതൃത്വത്തിലാണ് സച്ചിദാനന്ദം പരിപാടികൾ നടന്നത്. ബഹു. വിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദുവിന്റെ നിറസാന്നിധ്യമായിരുന്നു മറ്റൊരു പ്രത്യേകത. കാവ്യശിഖ സാഹിത്യക്കൂട്ടായ്മയിലെ ഡോ. വർഗ്ഗീസ് ആന്റണി, ശ്രീമതി ശ്രീജ, ശ്രീമതി രേഖ, റെജില എന്നിവർ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.ഇവരോടൊപ്പം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്കോളേജിലെ ഭാരവാഹികളുടെ സഹായസഹകരണങ്ങളും ഉണ്ടായിരുന്നു. ശിഖയിലെ അംഗങ്ങളുടെ നിറസാന്നിധ്യം, സച്ചിദാകവിതകളുടെ പഠനങ്ങൾ, കാവ്യമഹോത്സവത്തിലെ ചർച്ചകൾ, സംഭാഷണങ്ങൾ, കാവ്യസംവാദങ്ങൾ അങ്ങനെ ഒരുപാട് അനുഭവങ്ങൾക്ക് സാക്ഷിയായി സച്ചിദാനന്ദം.
ഒന്നാം ദിവസം പുസ്തകപ്പൂരം അരങ്ങേറിയത് കൃഷ്ണൻ സൗപർണ്ണികയുടെ സ്വാഗതഗാനത്തോടെയാണ്. ഡോ. സോണി ജോണിന്റെ അധ്യക്ഷതയിൽ, ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യാതിഥി ആയി പുസ്തകപ്പൂരം കൊടിയേറി.തുടർന്നു നടന്ന കാവ്യമേളത്തിൽ ശ്രീ. പി എൻ സുനിലിന്റെ അധ്യക്ഷതയിൽ വിവിധ കവികൾ അവരുടെ കവിതകൾ വായിച്ചു. രണ്ടാം ദിവസം കവിതയിലെ കലാശങ്ങൾ ആയിരുന്നു. ബഹു. വിദ്യാഭ്യാസമന്ത്രി, ഡോ. ബിന്ദുവിന്റെ അധ്യക്ഷതയിൽ സച്ചിദാനന്ദന്റെ വിവിധങ്ങളായ കവിതകളെ ആധാരമാക്കി പത്തോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു, ശിഖയിലെ അംഗങ്ങൾ.
മൂന്നാം ദിവസം കാവ്യോത്സവം തുടങ്ങിയത് അപർണ്ണ അനീഷിന്റെ സ്വാഗതഗാനത്തോടെയാണ്. ഡോ. ബിന്ദുവിന്റെ അധ്യക്ഷതയിലായിരുന്നു തുടർന്നുള്ള കാവ്യമഹോത്സവം, കാവ്യസംവാദം എന്നീ പരിപാടികളും. മലയാളത്തിലെ തലമുതിർന്ന സാഹിത്യസാംസ്കാരിക നേതാക്കളായ
എം. മുകുന്ദൻ, സാറ ജോസഫ്, സുനിൽ പി ഇളയിടം, KV രാമകൃഷ്ണൻ, അശോകൻ ചരുവിൽ, TD രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത കാവ്യമഹോത്സവത്തിൽ സച്ചിദാനന്ദന്റെ കവിതകളെയും ജീവിതത്തെയും ആ സ്വാധീനത്തിൽ വളർന്ന കേരളസാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചു ഇവർ.
സച്ചിദാനന്ദന്റെ കാവ്യയാത്രയെ സാഹിത്യലോകത്തിന്റെ യാത്രയായും വിശേഷിപ്പിച്ച സംഭാഷണങ്ങളിൽ സച്ചിദാനന്ദന്റെ സാഹിത്യയാത്ര ഓർത്തെടുത്തു സാറ ജോസഫ്. സാംസ്കാരികകേരളത്തിന്റെ ഊർജമാണ് സച്ചിദാനന്ദൻ എന്നായിരുന്നു, പി എൻ ഗോപീകൃഷ്ണൻ.
സച്ചിദാനന്ദന്റെ കാവ്യജീവിതവും വിചാരജീവിതവും തങ്ങളുടെ സാഹിത്യജീവിതത്തെ വാർത്തെടുക്കാൻ സഹായിച്ചു എന്ന് സുനിൽ പി ഇളയിടം പറഞ്ഞു. കീഴാളരുടെ സ്വരങ്ങളിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയ്ക്ക് നവമുഖമുദ്ര തീർത്തു സച്ചിദാ എന്നായിരുന്നു M മുകുന്ദന്റെ ഓർമ്മ.
ശ്രീ. എം സ്വരാജിന്റെ നേതൃത്വത്തിൽ, ഡോ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ചോദ്യോത്തരവേളയിൽ സച്ചിദാനന്ദനോട് ചോദിച്ച ഓരോ ചോദ്യത്തിനും കൃത്യമായി, വ്യക്തമായ വെളിപ്പെടുത്തലുകൾ, തുറന്നുകാട്ടലുകൾ സച്ചിദാനന്ദനിൽനിന്നും ഉണ്ടായി. വിദ്യാർഥിജീവിതത്തെയും ഔദ്യോഗികജീവിതത്തെയും ഓർത്തെടുത്തു സച്ചിദാനന്ദൻ. ജീവിച്ചിരിക്കുന്നതുകൊണ്ട് തന്നെ ആഘോഷിക്കുകയാണോ അതോ ആഘോഷിക്കുന്നതുകൊണ്ട് ജീവിച്ചിരിക്കുകയാണോ എന്ന നിരീക്ഷണവും അദ്ദേഹം നടത്തിയത് രസകരമായ ഒരു അനുഭവമായി മാറി ശ്രോതാക്കൾക്ക്.
സ്നേഹസംവാദം കവിയിലേക്കുള്ള ഒരു തുറന്ന കാഴ്ചയായി മാറി.
വർത്തമാനകാലത്തെ സാഹിത്യത്തിലേക്കുവരെയെത്തിയ അറുപതു വർഷത്തെ കാവ്യസപര്യയിലേക്ക് ഒരെത്തിനോട്ടമായിരുന്നു സച്ചിദാനന്ദം എന്ന ഉത്സവം.
ശിഖയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ദിനങ്ങൾ, പലർക്കും ഉൾക്കണ്ണുകൾ തുറന്ന അനുഭവം.
കാലത്തോടൊപ്പം നടന്നും പലപ്പോഴും നയിച്ചും മുന്നേറിയ സച്ചിദാനന്ദൻ നമ്മുടെ അഭിമാനമാണ്, സ്വകാര്യാഹങ്കാരമാണ് എന്ന സൂക്ഷ്മമായ ചില നിരീക്ഷണങ്ങളിലൂടെ സച്ചിദാനന്ദത്തിന്റെ കൊടിയിറങ്ങി സെപ്റ്റംബർ 8ലെ സന്ധ്യയിൽ. ശിഖയിലെ അംഗങ്ങൾ റെജിലയും അപർണ്ണയുമാണ് വേദിയിൽ anchors ആയിരുന്നത്.