കൊച്ചി: നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്.വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.അതേസമയം, ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നാണ് എഫ്ഐആറിലുള്ളത്. ബിഎൻഎസ് 238 തെളിവു നശിപ്പിക്കലും ഷൈനിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ എന്‍ഡിപിഎസ് 27 (B), എഡിപിഎസ് 29 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നുവെന്നും എഫ്ഐആറിലുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മുർഷിൻ എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആറിൽ പറയുന്നു.
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കും നടി വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു.
ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറലായിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് വിൻസി പരാതി നൽകിയത് ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണെന്ന വിവരം പുറത്തുവന്നത്.
അതേസമയം, താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നുമാണ് നടി വിൻസി അലോഷ്യസ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. നടന്‍റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോപണം സിനിമയ്ക്കെതിരെയല്ലെന്നും നടനെതിരെയാണെന്നും വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചു. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നുവെന്നും വിൻസി പ്രതികരിച്ചു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും വിൻസി പറഞ്ഞു.