PRAVASI

ഷൈൻ ടോമിനെതിരായ കേസ് ദുർബലം

Blog Image


പോലീസ് നടത്തിയ ലഹരിപരിശോധനയുടെ ഫലത്തിനായി കാത്ത് ഷൈൻ ടോം ചാക്കോ. ഇത് തനിക്ക് അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എങ്കിൽ എഫ്ഐആർ ‘ക്വാഷ്’ ചെയ്യാനുള്ള അപേക്ഷയുമായി ഉടൻ കോടതിയിലേക്ക് നീങ്ങും. അല്ലാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഷൈൻ തിരിച്ചറിയുന്നുണ്ട്. സിനിമയിൽ നിന്ന് താൽക്കാലിക വിലക്ക് അടക്കം പല തിരിച്ചടികളും വരാനിരിക്കുന്നുവെന്ന ആശങ്കയുണ്ട്. സിനിമയിലെ പ്രമുഖരടക്കം പിന്തുണക്കാർ പലരുണ്ടെങ്കിലും ഇത്ര വലിയ വിവാദത്തിന് നടുവിൽ വച്ച് ആരും കൈകൊടുത്തേക്കില്ല. പോരാത്തതിന് വിൻസി അലോഷ്യസ് ഉന്നയിച്ച പരാതിയും, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവു കേസിലെ മൊഴിയും നിർണായകമാണ്.

നിലവിൽ ഷൈനെ പ്രതിയാക്കി പോലീസെടുത്തിരിക്കുന്ന കേസ് ഏറെ ദുർബലമാണ്. ഉളളത് പറഞ്ഞാൽ, ലഹരി ഉപയോഗിച്ചതിന് ഒരു തെളിവും കയ്യിൽ കിട്ടാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കിട്ടുമെന്ന പ്രതീക്ഷയുടെ പുറത്താണ് കേസ് എന്നുതന്നെ പറയണം…. ഉപയോഗം കണ്ടവരില്ല. ഇറങ്ങിയോടിയ ശേഷം നടൻ്റെ മുറിയിൽ നടത്തിയ പരിശോധനയിലും സംശയിക്കത്തക്കതായി ഒന്നും കിട്ടിയിട്ടില്ല. ഷൈനിന് നൽകാനെത്തിച്ച ലഹരിയെന്ന പേരിൽ ആരിൽ നിന്നും ഒന്നും പിടികൂടിയിട്ടില്ല. ഒടുവിൽ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന ബുധനാഴ്ച രാത്രിക്ക് ശേഷം ഇന്നലെ (ശനിയാഴ്ച) രാവിലെ ഷൈൻ പോലീസിന് മുന്നിലെത്തുന്നത്.

60 മണിക്കൂറിന് ശേഷം നടത്തുന്ന ശരീര സാംപിൾ പരിശോധനയിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടാൻ ചാൻസ് കുറവാണ്. രക്തം, മൂത്രം, നഖം, മുടി, ഉമിനീര് എന്നിവയാണ് ശേഖരിച്ചത്. നഖം, മുടി എന്നിവയിൽ നിന്ന് തെളിവ് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ. 2015ലെ കൊക്കെയ്ൻ കേസിൽ രക്തമൊഴികെ മറ്റൊന്നും എടുക്കാതിരുന്നതിനാൽ തെളിവില്ലാതെ ഷൈൻ ടോം ചാക്കോ അടക്കം പ്രതികൾ രക്ഷപെട്ടതിൻ്റെ അനുഭവം ഉള്ളതിനാൽ പോലീസ് കൂടുതൽ ജാഗ്രതയിലാണ്. എങ്കിലും സാഹചര്യ തെളിവായി പേരിനുപോലും ലഹരി കണ്ടെത്താതെ കേസെടുത്ത നടപടി തികഞ്ഞ സാഹസമാണെന്ന് തന്നെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ലഹരിസംഘവുമായുള്ള ഫോൺ കോളുകൾ കണ്ടെത്തിയെന്നാണ് കേസെടുക്കുമ്പോൾ പോലീസ് അറിയിച്ചത്. എന്നാൽ എൻഡിപിഎസ് കേസിൽ ഫോൺ വിളിയോ ചാറ്റോ തെളിവായി എടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതികളും സുപ്രീം കോടതികളും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയിടപാടിനാണ് എന്ന് വ്യക്തമായി തെളിയാതെ അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാട് പോലും തെളിവായി എടുക്കാൻ കഴിയില്ലെന്ന്, ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ്റെ കേസിൽ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആര്യനെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി പോലുമുണ്ടായി.

ഏറ്റവും പ്രധാനമായി പോലീസിൻ്റെ കൈവശമുള്ള ഷൈനിൻ്റെ മൊഴിക്ക് പോലും കോടതിയിൽ നിലനിൽപ് ഉണ്ടാകില്ല എന്നതാണ് വാസ്തവം. താൻ കഞ്ചാവും രാസലഹരികളും ഉപയോഗിച്ചിട്ടുണ്ട് എന്നും, ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു എന്നുമുള്ള ഏറ്റുപറച്ചിലാണ് ഇത്. ശരീര സാംപിളിൻ്റെ പരിശോധനയിൽ ലഹരി കണ്ടെത്തിയില്ലെങ്കിൽ പിന്നെ പ്രതിയുടെ ഇത്തരം കുറ്റസമ്മതത്തിന് പോലും എൻഡിപിഎസ് കേസിൽ വിലയില്ല എന്നതാണ് വാസ്തവം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേസ് റദ്ദാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകാൻ ഷൈൻ ഒരുങ്ങുന്നത്. ഇതിനായി തുടർച്ചയായി നിയമോപദേശം തേടുന്നുണ്ട്.

അതേസമയം ലഹരിക്കേസിനെ ആശ്രയിച്ചിരിക്കും വിൻസി അലോഷ്യസ് ഉന്നയിച്ച പരാതിയുടെ ഭാവിയും. ഇപ്പോൾ പോലീസ് എടുത്തിരിക്കുന്ന ലഹരിക്കേസ് കടുത്താൽ നടൻ്റെ അവസ്ഥ ദുർബലമാകും. അങ്ങനെ വന്നാൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിലും ഫോളോഅപ് ഉണ്ടാകും. അതോടെ ആർക്കും ഒരുവിധത്തിലും ഷൈനിനെ ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥ വരും. ലഹരി ഉപയോഗം എല്ലാവർക്കും അറിയാമെങ്കിലും അതിൻ്റെ പേരിൽ കേസും പ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന് വന്നാൽ എല്ലാവരും കൈവിടും. ഇത്തരം വിഷയങ്ങളുടെ പേരിൽ അങ്ങനെയൊരു മാറ്റിനിർത്തൽ ഉണ്ടായാൽ പിന്നെ തിരിച്ചുവരവ് ബുദ്ധിമുട്ടായേക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.