ആദ്യ സംവിധാന ചിത്രത്തിന് ദേശീയ പുരസ്കാരം സ്വന്തമാക്കുക. 'പിറവി'യിലൂടെ അതിനർഹനാകുമ്പോൾ ഷാജി എൻ. കരുൺ എന്ന ചലച്ചിത്രകാരൻ, സംവിധായകൻ എന്ന നിലയിൽ മാത്രമേ പുതുമുഖമായിരുന്നുള്ളൂ. വർഷങ്ങൾക്ക് മുൻപേ അദ്ദേഹത്തിന്റെ കാല്പാടുകൾ മലയാള സിനിമയിൽ പതിഞ്ഞിരുന്നു. 'പിറവി'യിൽ നിന്നും എണ്ണിത്തുടങ്ങുമ്പോൾ ഓർക്കേണ്ട കാര്യമുണ്ട്, അതിനോടകം നാല്പതോളം ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം കരസ്ഥമാക്കിയ ഷാജി എൻ. കരുൺ, പ്രസിഡന്റിന്റെ സുവർണ്ണ മെഡലോടു കൂടി പഠനം പൂർത്തിയാക്കി.
അടൂരിന് മങ്കട രവിവർമ്മ എങ്ങനെയോ, അതായിരുന്നു അരവിന്ദന് ഷാജി എൻ. കരുൺ എന്ന കൊല്ലം സ്വദേശിയായ ഷാജി നീലകണ്ഠൻ കരുണാകരൻ. ക്യാമറയിലേക്ക് വെളിച്ചത്തിന്റെ താളമേളങ്ങൾ പകർത്താൻ ആഗ്രഹിച്ചിരുന്ന അരവിന്ദന് എന്തുകൊണ്ടും ചേരുന്ന കൂട്ടായി മാറി ഷാജി.
കെ.ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ, ഹരിഹരൻ, എം.ടി. തുടങ്ങി പ്രഗത്ഭ സംവിധായകന്മാർക്കും ഛായാഗ്രാഹകനായി പ്രവർത്തിച്ചുവെങ്കിലും, അരവിന്ദനുമായുള്ള ദീർഘകാല ബന്ധം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് മുതൽക്കൂട്ടായി. തമ്പ്, കാഞ്ചനസീത, എസ്തപ്പാൻ, കുമ്മാട്ടി, പോക്കുവെയിൽ, മാറാട്ടം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ സിനിമകൾക്ക് ഷാജി എൻ. കരുൺ ക്യാമറ ചലിപ്പിച്ചു.