ന്യൂ യോർക്ക് പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളിൽ പിന്നോക്കം നിൽക്കുന്ന കമ്മ്യൂണിറ്റികളിലും പ്രത്യേകിച്ച് ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ കമ്മ്യൂണിറ്റിക്കും നൽകിയ സേവനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇൻഡ്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന് (ഐനാനി) വീണ്ടും ഗ്രാന്റ് ലഭിച്ചു.
ന്യൂ യോർക്ക് പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളിൽ പിന്നോക്കം നിൽക്കുന്ന കമ്മ്യൂണിറ്റികളിലും പ്രത്യേകിച്ച് ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ കമ്മ്യൂണിറ്റിക്കും നൽകിയ സേവനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇൻഡ്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന് (ഐനാനി) വീണ്ടും ഗ്രാന്റ് ലഭിച്ചു. കൊയലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് വഴി ന്യൂ യോർക്ക് സംസ്ഥാനത്തിന്റെ $16,800 ആണ് ഗ്രാന്റ് തുകയായി ഐനാനിക്ക് ലഭിക്കുക.
നഴ്സിങ്ങിൽ ഉന്നതവിദ്യാഭ്യാസത്തിനും നഴ്സിംഗ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഇളവുകൾക്കും നഴ്സിംഗ് റിസർച്ചിനും തെളിവധിഷ്ഠിത നഴ്സിംഗ് പ്രാക്ടീസ് സംരംഭങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന ഐനാനി ന്യൂ യോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്ത് ആരോഗ്യപരിരക്ഷാ രംഗത്തെ സൗകര്യങ്ങൾ അനുഭവിക്കാനാവാത്ത കമ്മ്യൂണിറ്റികളിൽ ഹെൽത്‌ഫെയർ നടത്തി വളരെയധികം ആളുകളെ സഹായിച്ചിട്ടുണ്ട്. ഐനാനിയുടെ കേന്ദ്ര സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ ചാപ്റ്റർ ആയ ഐനാനി അമേരിക്കൻ നഴ്സസ് ക്രെഡന്ഷ്യലിംഗ് സെന്റർ അംഗീകരിച്ചിട്ടുള്ള കണ്ടിന്യൂയിങ് എജുക്കേഷൻ പ്രൊവൈഡർ കൂടിയാണ്. നേതൃത്വ ഗുണങ്ങളുള്ള നഴ്സുമാരെ തിരിച്ചറിഞ്ഞു അവരെ നേതൃനിരയിലേക്ക് മുന്നേറുന്നതിനു തയ്യാറാക്കുകയെന്നത് ഐനാനി നേതൃത്വത്തിന്റെ ദൗത്യവും കടപ്പാടുമായാണ് ഐനാനി കാണുന്നത്. അതനുസരിച്ചു പലർക്കും ഐനാനി വഴികാട്ടിയാകുകയും നേതൃനിരയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നുണ്ട്; ഈ പ്രക്രിയ നിരന്തരം തുടരുന്നുണ്ട്. അതുപോലെ തന്നെ ജീവൻ രക്ഷിക്കാൻ ആവശ്യമായ രക്തത്തിന്റെ ലഭ്യത കുറഞ്ഞ അവസരങ്ങളിൽ 'ബ്ലഡ് ഡ്രൈവ്' നടത്തി ന്യൂ യോർക്ക് ന്യൂ യോർക്ക് ബ്ലഡ് സെന്ററിനെ സഹായിക്കുന്നതിലും ഐനാനി മികവു കാണിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ന്യൂ യോർക്കിൽ പെരുകിയ ഏഷ്യൻ വിരുദ്ധ വിദ്വേഷ സംഭവങ്ങളെ നേരിടുന്നതിന് "5D ബൈസ്റ്റാൻഡർ ഇന്റെർവെൻഷൻ" എന്ന പേരിൽ ഐനാനി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിശീലനവും ശിക്ഷണവും നൽകിയിരുന്നു.
ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ കമ്മ്യൂണിറ്റിയുടെ മേന്മയ്ക്കു വേണ്ടിയായിരിക്കും ഐനാനി ഈ പണം ചെലവഴിക്കുകയെന്ന് അസോസിയേഷന്റെ ഗ്രാന്റ് കമ്മിറ്റി അറിയിച്ചു. ഈ കമ്മ്യൂണിറ്റി ഇന്നും പല വിധത്തിലുള്ള വിവേചന അനുഭവങ്ങൾക്ക് വിധേയമാണ്. ഇരുപത്തിയൊന്ന് ദശലക്ഷത്തിലധികം വരുന്ന ഏഷ്യക്കാർ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വരുന്ന വംശീയ ഗ്രൂപ് ആണ്; കൂടുതൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹ ഘടകമാണ്. ശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് ഏഷ്യക്കാരിലെ വലിയൊരു ഭാഗം ജനങ്ങൾ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികസ്‌ഥിതി എന്നിവയിൽ മറ്റു വംശീയ ഗ്രൂപ്പുകളെക്കാൾ മുന്നിൽ എത്തിയിട്ടുണ്ടെന്നാണ് വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. മാധ്യമങ്ങളും നയരൂപീകരണവൃത്തങ്ങളും അക്കാദമിക രംഗങ്ങളും ഏഷ്യൻ അമേരിക്കക്കാരെ "മോഡൽ മൈനോറിറ്റി"യായി ചിത്രീകരിക്കുമ്പോൾ സമൂഹഭാഗമെന്ന നിലയിൽ ഏഷ്യക്കാർ അഭിമാനിതരാകുമ്പോൾ ആ സമൂഹവിഭാഗത്തിന്റെ മറുവശം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. അമേരിക്കയിലെ ഏഷ്യൻ വംശക്കാരിൽ പത്തു ശതമാനതിലധികം പേർ ദാരിദ്ര്യ നിലയ്ക്കു താഴെയാണെന്ന വസ്തുത നാഷണൽ കമ്മ്യൂണിറ്റി റീഇൻവെസ്റ്മെന്റ് കൊയാലിഷന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് "മോഡൽ മൈനോറിറ്റി"യുടെ ദൗർഭാഗ്യകരമായ പാർശ്വഫലത്തിനു നേരെ വെളിച്ചം വീശുന്നു. ഇന്ത്യക്കാരെന്നാൽ, ഏഷ്യക്കാരെന്നാൽ എല്ലാവരും ഉയർന്ന തലത്തിലാണെന്ന ധാരണ, അമേരിക്കൻ സ്വപ്നം ഫലവത്താക്കാനാവാത്ത ഹതഭാഗ്യരെ അദൃശ്യതയിലേക്ക് നീക്കിനിർത്തുകയും അവർക്ക് സഹായ വഴികൾ അടയ്ക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം. അത്തരം ആളുകളെ തിരിച്ചറിഞ്ഞു സംസ്ഥാനത്തിന്റെ സഹായ ഉറവിടങ്ങൾ കാണിച്ചുകൊടുക്കുന്നതിന് സഹായിക്കുകയാണെങ്കിൽ വലിയൊരു സേവനമാകും എന്നാണ് ഐനാനിയുടെ കാഴ്ചപ്പാട്.
ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജ്, റിസേർച് ആൻഡ് ഗ്രാന്റ്സ് കമ്മിറ്റി ചെയർ ഡോ. ആനി ജേക്കബ്, വൈസ് പ്രസിഡന്റ് ഡോ. ഷൈല റോഷിൻ, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോ. സോളിമോൾ കുരുവിള, ഡോ. ജെസ്സിക്ക വർഗീസ്, പോൾ ഡി. പനയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഗവേഷണത്തിനും ഗ്രാന്റിനുമായി ഒരു സമിതി ഐനാനിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സാമൂഹികമായ സുരക്ഷിതത്വത്തിനുള്ള പോഷണം, കമ്മ്യൂണിറ്റിയെ ഉദ്ദേശിച്ചുകൊണ്ടുള്ള മാനസികക്ഷേമ ശ്രമങ്ങൾ, സാമൂഹിക നന്മയ്ക്കു വേണ്ടിയുള്ള വിവിധ തരം സേവനങ്ങൾ, അതല്ലെങ്കിൽ സമഗ്രമായ പിന്തുണയ്ക്കുള്ള സമീപനങ്ങൾ എന്നിവയ്ക്കുവേണ്ടി ഗ്രാന്റ് വിനിയോഗിക്കുമെന്ന് സമിതി അറിയിച്ചു.