PRAVASI

തീവ്രവാദത്തിലേക്ക് ആളില്ല യുവാക്കൾ വിനോദ സഞ്ചാര മേഖലയിലേക്ക് ;എല്ലാം തകർക്കാൻ ലക്ഷ്യമിട്ടത് ഇതോടെ

Blog Image

ഏറെ നാളുകളായി സമാധാന അന്തരീക്ഷത്തിലായതോടെ കാശ്മീരിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഏകദേശം 12,000 കോടിയുടെ ബിസിനസാണ് ഈ മേഖലയില്‍ നടന്നിരുന്നത്. ഇത് മുപ്പതിനായിരത്തിലേക്ക് എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതിനിടയിലാണ് ഭീകരാക്രമണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതോടെ ഇവിടേക്കുള്ള സന്ദര്‍ശനം ഭൂരിഭാഗം പേരും റദ്ദു ചെയ്യുകയാണ്.

വിനോദ സഞ്ചാര മേഖല തകരുന്നത് രണ്ടര ലക്ഷത്തോളം കാശ്മീരി ജനതയുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ദാല്‍ തടാകത്തില്‍ മാത്രം ഏകദേശം 1500ഓളം ഹൗസ് ബോട്ടുകളുണ്ട്. ചെറുതും വലുതുമായ നിരവധി റിസോര്‍ട്ടുകളും. സീസൺ മുൻകൂട്ടി കണ്ട് ഇവരെല്ലാം വലിയ തുക ചിലവിട്ട് ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇന്നലത്തെ ആക്രമണത്തോടെ ഇതെല്ലാം വെറുതെയാകുമെന്ന് ഉറപ്പായി. സഞ്ചാരികള്‍ എത്താതായാൽ റിസോർട്ടുകൾ അടക്കം വൻതോതിൽ ബിസിനസ് സംരംഭങ്ങൾ അടച്ചുപൂട്ടേണ്ടി വരും.

ഭീകരാക്രമണത്തിൻ്റെ ഗൌരവസ്വഭാവം പരിഗണിച്ചാൽ സമീപഭാവിയിലെങ്ങും ഇവിടേക്ക് ആളുകൾ എത്താത്ത സ്ഥിതിയാകും. ഇവിടേക്ക് സഞ്ചാരികൾ എത്താതായാൽ ഇവിടെയുള്ളവർ മാത്രമല്ല, ഇവിടേക്ക് ടൂർ പാക്കേജുകൾ ഒരുക്കി ക്രമീകരണങ്ങൾ ചെയ്തിരുന്ന ബുക്കിങ് ഏജൻസികൾ അടക്കം വൻ പ്രതിസന്ധിയിലാകും. വിനോദ സഞ്ചാര ബിസിനസിൽ ഏർപ്പെട്ടിരുന്ന ഒട്ടേറെ പേരെ പ്രത്യക്ഷമായും പരോക്ഷമായും ഇത് ബാധിക്കുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയായിട്ടുണ്ട്.

ഇതെല്ലാം കണക്കുകൂട്ടി തന്നെയാണ് കൃത്യമായ ആസൂത്രണത്തോടെ ആക്രമണം നടത്തിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖല സജീവമായതോടെ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചു. തീവ്രവാദത്തിലേക്ക് എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതിലെ അപകടം മനസിലാക്കിയാണ് സൈനികര്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുന്ന പതിവ് രീതികളെല്ലാം ഉപേക്ഷിച്ച് സാധാരണക്കാരായ സഞ്ചാരികളെ കൊന്നൊടുക്കിയത്. ടൂറിസം ബിസിനസിൻ്റെ അടിവേരറുക്കുക എന്ന കൃത്യമായ പദ്ധതിയാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാകുന്നുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.