പി.ടി ആത്മവിശ്വാസത്തിന്റെ ശബ്ദം:കെ.സുധാകരന്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 December 2021

പി.ടി ആത്മവിശ്വാസത്തിന്റെ ശബ്ദം:കെ.സുധാകരന്‍

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ ഓര്‍മ്മകളുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. ആത്മവിശ്വാസത്തിന്റെ ശബ്ദമായിരുന്നു പി.ടി തോമസ് എന്ന് കെ. സുധാകരന്‍ ഓര്‍മ്മിച്ചു. പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്‌നേഹിച്ച പി.ടിക്ക് പകരക്കാരനില്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു നിമിഷം തരിച്ചിരുന്നുപോയി, വിശ്വസിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ പുരോഗമന മുഖം പി.ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി. കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളര്‍ന്നു പന്തലിച്ച നിലപാടിന്റെ ആള്‍ രൂപം.

അപ്രിയ സത്യങ്ങള്‍ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിച്ച നേരിന്റെ പോരാളി, എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളില്‍ ആവേശം പടര്‍ത്തിയ പ്രിയപ്പെട്ടവന്‍. വിശേഷണങ്ങള്‍ പോരാതെ വരും പ്രിയ പിടിക്ക്.

പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്‌നേഹിച്ച പി.ടിക്ക് പകരക്കാരനില്ല. കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തോളോടുതോള്‍ ചേര്‍ന്ന് നയിക്കാന്‍ കലവറയില്ലാത്ത പിന്തുണ നല്‍കിയ ഞങ്ങളുടെ പ്രിയപ്പെട്ട പിടിയ്ക്ക് വിട.

ഇന്ന് രാവിലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.

നിലവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയില്‍ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗമാണ്.