ചോദ്യവും ഉത്തരവും (കവിത -ഡോ. നിലീന)

sponsored advertisements

sponsored advertisements

sponsored advertisements


1 February 2023

ചോദ്യവും ഉത്തരവും (കവിത -ഡോ. നിലീന)

ഡോ. നിലീന

എന്താണ് ഇരുട്ട് ?
എന്താണ് വെളിച്ചം ?
“തമസ്സല്ലോ സുഖപ്രദം”എന്നെന്തേ കവി മതം ?
തമസ്സും സുഖവും തമ്മിൽ ബന്ധമുണ്ടോ ?
വെളിച്ചമെന്തേ അസ്വാസ്ഥ്യമാകുന്നു?
വെളിച്ചത്തിൽ സത്യങ്ങൾ
തെളിമയോടെ കാണുന്നതുകൊണ്ടോ ?
പകലിൽ വെളിച്ചമുണ്ടെന്നു കരുതാമോ ,
രാവിനിരുട്ടാണെന്നും ?
ഉത്തരം തേടിയലഞ്ഞൂ …
പകലിലും പലേടത്തും ഇരുട്ടായിരുന്നു …
വിശന്നു തളർന്നു നീട്ടിയ കൈകൾ
കാണാത്ത കണ്ണുകളിൽ
ഇരുട്ടു നിറഞ്ഞു നിന്നിരുന്നു …
അപരൻ്റെ ദൈന്യതയിലാനന്ദിക്കുന്ന
മനസ്സിൽ നട്ടുച്ചയ്ക്കും പാതിരാവായിരുന്നു ….
സ്വാർത്ഥ ലാഭത്തിനായ് സാധുക്കളെ –
ക്കരുവാക്കുന്നോർക്കു ചുറ്റും
രുധിരം മണക്കും ഇരുട്ട് തളം കെട്ടി നിന്നിരുന്നു …
കാര്യലാഭത്തിനായ് മാത്രം ദീപം കൊളുത്തി –
യീശ്വരനെ
വണങ്ങീടുമ്പോളകക്കാമ്പിലെയ-
ലിവിൻ ദീപം അണയുകയായിരുന്നു ….
ഉത്തരം തേടിയലഞ്ഞ
ചോദ്യത്തിനുത്തരത്തിലൊടുവിലെത്തിടുന്നു …
അനീതി മൂങ്ങയെപ്പോലാണെന്ന് !
ഇരുട്ടിലെ കാഴ്ചക്കാരനാണെന്ന് ……!

ഡോ. നിലീന