മനോഹർ തോമസ്
യാത്രയിലെ സംഭവങ്ങൾ ,അവിചാരിതകൾ ,കാഴ്ചകൾ , അനുഭവങ്ങൾ എല്ലാം കൂടി ഒരു നീണ്ടകഥയുടെ സ്ക്രിപ്റ്റിലെ ഒതുങ്ങു .പ്രത്യേകിച്ച് പുതിയ സ്ഥലമാകുമ്പോൾ .
ആദ്യത്തെ ചിന്ത ഒരു വണ്ടി തരപ്പെടുത്തുക ,അതിലാകുമ്പോൾ എവിടെയും നിർത്താം ഉറങ്ങാം , എന്തെങ്കിലും വാങ്ങിയാൽ കൂടെ കൊണ്ടുപോരാം ,എപ്പോൾ വേണമെങ്കിലും യാത്ര അവസാനിപ്പിക്കാം , അങ്ങിനെ പലതും . യാത്രയിൽ പരിമിതമായ ഭാണ്ണക്കെട്ടുകളെ
ഉണ്ടാകാവൂ എന്ന സത്യം നേരത്തെ പഠിച്ചിരുന്നു . അങ്കാറയിൽ പ്ലെയിൻ ഇറങ്ങുമ്പോൾ മനസ്സിൽ എല്ലാം സ്വരുക്കൂട്ടിയിരുന്നു .
ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങി മുന്നിൽ കണ്ട വഴിയിലൂടെ നേരെ നടന്നു .
വഴിയിൽ ബെഞ്ചിലിരുന്നു ,ഹുക്ക വലിക്കുന്ന വയസ്സനോട് മദ്യം എവിടെ കിട്ടും എന്നും ചോദിച്ചു . അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു , “ ഞാനൊരു മുസ്ലിം ആണ് . മദ്യം എനിക്ക് ഹറാം ആണ് . എങ്കിലും വിൽക്കുന്ന കട കാണിച്ചുതരാം . “ വയസ്സനായ ആ മനുഷ്യൻറെ ഉപചാരത്തിനു മുമ്പിൽ തല കുനിച്ചു നിന്നുപോയി . തുർക്കികൾ കഴിക്കുന്ന മദ്യം കടക്കാരൻ നിർബന്ധിച്ചപ്പോൾ വാങ്ങി . മുറിയെലെത്തി ഗ്ലാസിൽ ഒഴിച്ച് വെള്ളം ചേർത്തപ്പോൾ പാലുപോലായി . ജീരകം വാറ്റി പഞ്ചസാര കലക്കി ചേർത്താലുള്ള തലതെറിച്ചുപോകുന്ന രുചി .
പാമുക്കാലേയിൽ നിന്ന് നീണ്ടു നിവർന്ന് കിടക്കുന്ന വളവുകൾ ഇല്ലാത്ത റോഡിലൂടെയുള്ള നീണ്ട യാത്ര . വെളുത്ത പാറക്കെട്ട് എന്നറിയപ്പെടുന്ന പാമുക്കാലെ വളരെ പ്രത്യേകതകൾ നിറയുന്ന പട്ടണമാണ് .പാറയുടെ മുകളിൽ നിന്ന് വെള്ളം ഒഴുകുന്നതിനിടക്ക് ,തട്ടുതട്ടുകളായി ജലാശയങ്ങൾ ഉണ്ടാക്കിയിരിക്കുന്നു . തൊലി സംബന്ധിയായ ഏതസുഖത്തിനും ഈ കുളി ഔഷധപൂർണമാണ് ,എന്ന് വിശ്വസിക്കപ്പെടുന്നു . നാമമാത്രമായ വസ്ത്രങ്ങളുമായി ,അതിസുന്ദരികളായ തുർക്കി പെണ്ണുങ്ങളുടെ നീരാട്ട് ,നമ്മളെ സ്വപ്നതുല്യമായ ദേവലോകത്തേക്ക് ,കൈ പിടിച്ചു ആനയിക്കും .
കണ്ണെത്താദൂരം പരന്നു കിടക്കുന്ന മൾബറി സ്ട്രോബെറി ,മുന്തിരി .തോട്ടങ്ങളുടെ പാടല ഭൂമിക .ഇളകിയടിക്കുന്ന കാറ്റിൽ പഴച്ചാറിൻറെ മദഗന്ധം .
പാമുക്കാലേയിൽ കണ്ട ദിവ്യ രംഗങ്ങൾ അയവിറക്കി ,കുന്നിറങ്ങുംമ്പോഴാണ് ടയറിന്റെ
വെടിതീർന്നത് . വണ്ടി സഞ്ചാരം നന്നേ കുറവായ ഹൈവേയിൽ ,മനസ്സൊന്ന് പാളി .
ഇറക്കമായതുകൊണ്ട് ,ന്യൂട്ടറിൽ ,സ്പീഡ് കുറച്ചു കുറേദൂരം വന്നുകാണും .രണ്ടുമൂന്നു കടകൾ മാത്രമുള്ള ഒരു പരപ്പിൽ വണ്ടി ഒതുക്കി നിർത്തി .
വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ ഒരാൾ അടുത്തു വന്നു .
കറുത്ത പാൻറ്റ്സ് ,ഇൻസേർട് ചെയ്ത വെള്ളഷർട് ,കൂളിംഗ് ഗ്ലാസ് ,പോളിഷ് ചെയ്ത ഷുസ് നല്ലഉയരം . അഭിവാദനം ചെയ്തിട്ട് ഒരു ഷേക്ഹാൻഡ് തന്നു . ആളൊരു മാന്യനാണെന്ന് തോന്നി .എന്നെ അകെ അത്ഭുതപ്പെടുത്തിയ കാര്യം ,അയാൾ നല്ല സ്പുടമായ ഇംഗ്ലീഷാണ്
പറഞ്ഞത് .
“ വണ്ടിക്ക് പ്രശ്നമാണ് അല്ലേ സാർ . ഈ നട കയറിച്ചെല്ലുമ്പോൾ അവിടെ എനിക്കൊരു കടയുണ്ട് .ഒരു ഗ്ലാസ് ചായ കുടിക്കാം . “
മുൻവശത്തു കടയും ,പുറകിൽ വീടുമായി ഓരോതുങ്ങിയ കെട്ടിടം .ബെഞ്ചിൽ ഇരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു .സ്റ്റാൻഡിൽ പലതരം ജാം ,ജെല്ലി ,മാർമലൈഡ് ,വൈൻ അച്ചാറുകൾ എന്നിവ നിരത്തി വച്ചിരിക്കുന്നു .കെറ്റിലിൽ ചായയുമായി പ്രൗഢയായ ഒരു
സ്ത്രീ വന്നു ,പുറകെ ചെറിയൊരു പ്ലേറ്റിൽ ഷുഗർ ക്യൂബ്‌സുമായി നാലുവയസ്സുകാരി .
ചായകുടിക്കുന്നതിനിടയിൽ ,അയാൾ പറഞ്ഞു തുടങ്ങി
“ ഞാനൊരു കുർദിയാണ് സാർ. പേര് ബാദുഷ . മർച്ചന്റ് നേവിയിൽ ആയിരുന്നു .ഞങ്ങൾ കുർദികൾ അലഞ്ഞു നടക്കുന്ന ഒരു വർഗമാണ് .ഞങ്ങൾക്ക് സ്വന്തമായി ഒരു രാജ്യമൊന്നും ഇല്ലന്ന് അറിയാമല്ലോ . ഇറാൻ ,ഇറാക്ക് ,സിറിയ, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്നാം പുറത്തു മലയോരങ്ങളിൽ കൂട്ടം കൂട്ടമായി താമസിക്കുന്നു .
കപ്പലിൽ നിന്ന് പിരിഞ്ഞപ്പോൾ കുറച്ചു കാശുണ്ടായിരുന്നു .ഗവർമെന്റായി അഞ്ചേക്കർ ഭൂമി തന്നു . അവിടെ കൃഷി ചെയ്‌തു ,കടയും നടത്തി ജീവിക്കുന്നു . ഈ അഞ്ചേക്കറിൽ
എല്ലാ പഴവർഗങ്ങളും നട്ട് ,പറിച്ചു അതിൽ നിന്നും വൈനും ,മറ്റും ഉണ്ടാക്കി കഴിയുന്നു .”
പറഞ്ഞു തീരുന്നതിനു മുമ്പ് അയാളുടെ ഭാര്യ പോയി രണ്ടു ഗ്ലാസ് വൈനുമായി വന്നു .
വൈൻ രണ്ടു ഗ്ലാസ് അകത്തു ചെന്നപ്പോൾ ക്ഷിണം തലപൊക്കി .മൂലയിൽ കിടന്ന ചൂടി
കട്ടിൽ കാണിച്ചിട്ട് അയാൾ പറഞ്ഞു ,
“ സാറിവിടെ വിശ്രമിക്ക് .ഞാൻ പോയി ജീപ്പ് നന്നാക്കി കൊണ്ടുവരാം . “
ഉറക്കത്തിലേക്കു ഊർന്നിറങ്ങുകയായിരുന്നു .എത്ര നേരം കഴിഞ്ഞു എന്നറിയില്ല .
കാലിൽ ആരോ തൊട്ടതുപോലെ ,അതോ തോന്നിയതായിരിക്കുമോ ? കണ്ണുകൾ മെല്ലെ തുറന്നുവരുമ്പോൾ മുമ്പിലായി ,ഒരപ്സരസ്സു് നിൽക്കുന്നു .പുകചുറ്റിയ നീല കണ്ണുകൾ !!
എന്നെത്തന്നെ നോക്കി ,ചെറു പുഞ്ചിരിയോടെ ,ഒരക്ഷരം പറയാതെ ,അതേ നിൽപ്പ് !
“ ആരാ ? “
“ ബാദുഷയുടെ പെങ്ങളാണ് .”
“ അയാൾ നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ . ഒരു വിധപ്പെട്ട എല്ലാ കാര്യങ്ങളും
പറഞ്ഞു .”
അവളുടെ മുഖത്തൊരു തീക്കനൽ ചിതറി . ഒരുപാടു കാര്യങ്ങൾ അരിച്ചു ,പാറ്റി
വാക്കുകൾ അളന്ന് ഇത്ര മാത്രം പറഞ്ഞു .
“ ഞാനിവിടെ ഒരധികപ്പറ്റാണ് സാർ .കൃഷിയിൽ ഒരു താൽപ്പര്യവും ഇല്ല .
ഈജിപ്തിൽ നിന്ന് ജിയോളജിയിൽ മാസ്‌റ്റേഴ്‌സ് എടുത്തിട്ടുണ്ട് .ഞാവിടെ നിന്നാൽ
ഏതെങ്കിലും വയസ്സൻ മുസ്ലിമിൻറെ ഭാര്യയായി കാലം കഴിക്കേണ്ടി വരും .സാറെന്നെ
ഒന്ന് രക്ഷിക്കുമോ ? “
ജീവിതത്തിലെ വലിയ വലിയ കാര്യങ്ങളാണ് ,ചെറിയ വാക്കുകളിൽ അവൾ പറഞ്ഞത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു .ചരിത്രം പള്ളിയുറങ്ങുന്ന ,
തുർക്കി കാണാൻ വന്ന സഞ്ചാരിയോട് എത്ര അനായാസമായി ,തികഞ്ഞ ലാഘവത്തോടെ
അവളതു പറഞ്ഞപ്പോൾ നടുങ്ങിയത് ഞാനാണ് . മുമ്പിലിരുന്ന വൈൻ കുപ്പിയിൽ നിന്ന്
രണ്ടു ഗ്ലാസ് വേഗം കഴിച്ചു .
“ നമുക്ക് ആലോചിക്കാം . “ അത്രയും പറയാതിരിക്കാൻ കഴിഞ്ഞില്ല .ലോകത്തെവിടെ
ആയാലും ,മനുഷ്യരും ,അവരുടെ വികാരവായ്പുകളും ഒരുപോലെയാണെന്ന് കാലം നമ്മെ
പഠിപ്പിക്കും . പുകചുറ്റിയ കണ്ണുകൾക്ക് താഴെ രണ്ടു വൈഡൂര്യ ബിന്ദുക്കൾ തിളങ്ങി .
“ കരയണ്ട ! ഞാനൊന്ന് ആലോചിക്കട്ടെ ! “
“ എൻ്റെ പേര് ദലീമ എന്നാണ് .”
പാദസരവും ,അരപ്പട്ടയും ,ലോലാക്കും ഒക്കെയായി ഒരു നറു വസന്തമാണ് ,കണ്ണീർ തുടച്ചു കടന്നുപോയത് .
ബാദുഷ ജീപ്പ് ശരിയാക്കി മടങ്ങിയെത്തി .അയാൾ പറഞ്ഞു , “ സാറിന് പോകാൻ തിരക്കില്ലെങ്കിൽ ഞങ്ങൾക്കിവിടെ ഒരേറുമാടമുണ്ട് .അവിടെ രണ്ടു ദിവസം താമസിക്കാം .
ബാത്ത് അറ്റാച്ചഡ് ആണ് .”
വീടിന് പുറത്തേക്ക് കടന്നപ്പോൾ ,പൈൻ മരങ്ങളുടെ ചില്ലകൾ വെട്ടി ഒതുക്കി ബാദുഷ
സൃഷ്ടിച്ചെടുത്ത ഏറുമാടം കണ്ടു . മൂന്ന് നേരവും ഭക്ഷണം ഒരു ചതുരകൊട്ടയിൽ
മാടത്തിന്റെ ജനാലയിൽ എത്തും . അവരുടെ അടുക്കളയിൽ നിന്നും കപ്പിയിൽ
അവിടെ എത്താനുള്ള മോട്ടോർ സംവിധാനം ചെയ്തിരിക്കുന്നു . ബാദുഷ മർച്ചന്റ് നേവിയിൽ ആയിരുന്നതുകൊണ്ട് ഒരു വിധം മെക്കാനിക്കൽ പണികൾ അറിയാം .
“. അനുവാദം ചോദിക്കാതെ മാടത്തിൽ രണ്ടുപേർ വരും . ഒന്ന് എൻ്റെ മകൾ റസിയ ,
പിന്നെ അവളുടെ കുട്ടിത്തേവാങ്ക് മൗലി .”
അയാൾ മൗലിയെന്നു ഉറക്കെ വിളിക്കാനും ഒരു ചിമ്പാൻസി ഓടിയെത്തി ബാദുഷയുടെ തോളിൽ കയറി സ്ഥാനം പിടിച്ചു .
“ സാറിൻറെ ഒരു സാധനവും അവർ എടുക്കില്ല . പഠിപ്പിച്ചിട്ടുണ്ട് . ഞാൻ സൂഫി മ്യൂസിക്കിൻറെ ഒരാരാധകനാണ് . എല്ലായ്പോഴും സൂഫി പാട്ടുകൾ ആസ്വദിക്കാം . “
“ ജലാലുദിൻ റൂമിയുടെ ശവകുടിരത്തിൽ ഞാനും പോയിരുന്നു . “ അവിടെ നിന്നും വാങ്ങിയ കുറെ സാധനങ്ങൾ അയാളെ കാണിച്ചു . സൂഫി ഡാൻസറുടെ മര പ്രതിമ
അയാളെനിക്ക് സമ്മാനമായി തന്നു .
രണ്ടു ദിവസം കടന്നുപോയത് അറിഞ്ഞതേയില്ല .ദലീമ ചെറിയ വാക്കുകൾ കൊണ്ടും ,
പാളിയുള്ള നോട്ടം കൊണ്ടും തൻ്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു .ഒരു ദിവസം വൈകുന്നേരം അവൾ മാടത്തിൽ വന്നു . അവളെൻറെ രണ്ടുകൈയും ചേർത്തുപിടിച്ചു
പറഞ്ഞു “ ഞാൻ സാറിന് ഒരിക്കലും ഒരു ഭാരമാകില്ല . സാറെന്നെ ഇവിടെ നിന്ന് കൊണ്ടുപോണം .”
“ നീ വിചാരിക്കും പോലെ അതത്ര എളുപ്പമല്ല .ഒരുപാട് നിയമപരമായ ഫോർമാലിറ്റീസ്
ഉണ്ട് . എന്നാലും പറയുന്നു . ഞാൻ ശ്രമിക്കാം .”
മലമടക്കുകളിൽ അന്തിചുവപ്പ് ചിത്രം വരയ്ക്കുമ്പോൾ ,ആകാശനീലിമയിൽ മേഘപാളികൾ ചായകൂട്ടൊഴുക്കുമ്പോൾ ,ഒരപ്സരസുന്ദരിയുടെ വിലാപകാവ്യം
മനസ്സിൻറെ ഓരോ തന്തികളിലും നഖപ്പാടുകൾ ചാർത്തി .എന്നിട്ടും ഞാനവളെ മനസ്സുകൊണ്ട് ചേർത്ത് നിർത്തി .
പിറ്റെദിവസം രാവിലെ പോകാനൊരുങ്ങുമ്പോൾ ബാദുഷ തീർത്തും പറഞ്ഞു .
“ സാറെനിക്ക് പൈസ തരേണ്ട . ഞങ്ങളുടെ വീട്ടിൽ ഒരു കസ്റ്റമറല്ല വന്നത് . ഒരതിഥിയാണ്
ഞാൻ പൈസവാങ്ങില്ല . സാറിനെ പ്പോലെ നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ്
ഈ ലോകം മുന്നോട്ട് പോകുന്നത് . “ ഞാനത് മുൻകൂട്ടി കണ്ടിരുന്നു .അതുകാരണം
ഒരു എൻവലപ് തലയിണക്ക് അടിയിൽ വച്ചിരുന്നു . വണ്ടി സ്റ്റാർട്ട് ചെയ്തു പത്തടി മുന്നോട്ട് എടുക്കാനും ,മൗലി ആ കവറുമായി ഓടി വന്ന് ബാദുഷയെ ഏൽപ്പിച്ചു .ഒന്ന് ചിരിച്ചു, കൈവീശി ,വണ്ടി നീങ്ങി .
വളരെ വിലപ്പെട്ടതെന്തോ കൈമോശം വന്നപോലെ മനസ്സ് തേങ്ങി, തേങ്ങി നിന്നു .
സെൽകുക്കും ,അഫ്രോഡിയാസിസും കടന്ന് ഇസ്താംബുളിലെത്തുമ്പോൾ ഇരുട്ട് വ്യാപിച്ചിരുന്നു . ഹയാത്തിൽ ,ആറാമത്തെ നിലയിൽ, മുറിയിലെ കട്ടിലിലേക്ക് എറിഞ്ഞിട്ടപോലെ വീഴുകയായിരുന്നു .
അതിരാവിലെ എഴുനേറ്റു പുഴയുടെ തീരം വഴി കുറെ ദുരം നടന്നു . ബോസ്‌ഫറസ് കടലിടുക്ക് അകലെ കാണാം .സ്പീഡ് ബോട്ടുകളും ,ചരക്കുകപ്പലുകളും ,ക്രൂസ് ബോട്ടുകളും അലസം ഒഴുകി നീങ്ങുന്നു .ലോകത്തിൻറെ നാനാഭാഗത്തുനിന്നും സഞ്ചരിച്ചെത്തുന്ന കാഴ്ച്ചക്കാർ ,സമയ പരിധികളെ വെല്ലുവിളിച്ചു ,ആഘോഷിച്ചു തിമർക്കുന്നു .
ഹോട്ടലിൽ തിരിച്ചെത്തി ,കാപ്പി ഓർഡർ ചെയ്‌ത് ,പത്രം നോക്കിയിരിക്കുമ്പോൾ ,ഹോട്ടൽ റിസെപ്ഷനിൽ ജീൻസും ,ടീഷർട്ടും ഇട്ട ഒരു സ്ത്രീ എന്തോ ചോദിച്ചു നിൽക്കുന്ന കണ്ടു . റിസപ്ഷനിസ്റ് എൻ്റെ നേരെ ചൂണ്ടി കാണിക്കുന്നതും കണ്ടു .
ഞെട്ടിപ്പോയി !!! ദലീമയാണ് !!!
അവൾക്കു ഞാൻ ഫോൺ നമ്പർ കൊടുത്തിരുന്നു . പക്ഷെ , ഇത്രയും രാവിലെ !
“ സാറ് എൻ്റെ മനസ്സും കൊണ്ട് പോന്നില്ലേ .? എനിക്ക് വരാതിരിക്കാൻ ഒക്കുമോ ?”
അവളുടെ മുഖത്തൊരു കള്ളച്ചിരി തത്തിക്കളിച്ചു .
ഞാൻ കുളിച്ചെത്തിയപ്പോഴേക്കും അവൾ ബ്രേക്‌ഫാസ്റ്റ് ഓർഡർ ചെയ്തിരുന്നു .കുളിക്കുമ്പോൾ അവളോട് പറയേണ്ട കാര്യങ്ങൾ മനസ്സിൽ ഞാനൊന്ന് കണക്കുകൂട്ടി .
“ അമേരിക്കക്ക് ഒരാൾ വരണമെങ്കിൽ ഒന്നുകിൽ ബ്ലഡ് റിലേഷൻ ആയിരിക്കണം ,അല്ലെങ്കിൽ അതിനു തക്ക ജോലി വേണം ,അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം
ദലീമേ നമ്മൾ ഇതിൽ ഏതിൽ പെടും .? “
“ നമ്മൾ ഭാര്യ ഭർത്താക്കൻമാർ ആകാൻ പോകുകയല്ലേ ? ഞാൻ വക്കിലിനോട് കാര്യം പറഞ്ഞിട്ടുണ്ട് .പിന്നെ സിറ്റിഹാളിൽ പോയി ഒന്ന് രജിസ്റ്റർ ചെയ്യണം .ഒരു ഫോട്ടോ എടുക്കണം .അത്രെയേ ഉള്ളു .”
അപ്പോൾ ശരിക്കും ഞെട്ടിയത് ഞാനാണ് .ദലീമയുടെ ചിന്തകൾ എന്നേക്കാൾ നൂറുമടങ്ങു വേഗതയിലാണ് യാത്രചെയ്യുന്നത് .
“ അവിടെ എത്തിയാൽ സാറിന് എന്നെ വേണ്ടെങ്കിൽ ഞാൻ പൊക്കോളാം ,”
നിന്നെപ്പോലെ സുന്ദരിയും ,ബുദ്ധിമതിയുമായ ഒരു പെണ്ണിനെ ഞാൻ ആർക്ക് വിട്ടുകൊടുക്കാൻ ? “
അവളെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു .അതൊരു യാത്രയുടെ തുടക്കമായിരുന്നു .
ഇസ്താംബുൾ എയർ പോർട്ടിൽ യാത്രപറയാൻ നിൽക്കുമ്പോൾ അവളാകെ പൊട്ടിപ്പോയി
ആ പുകചുറ്റിയ കണ്ണുകൾ കണ്ണുനീരിൽ മുങ്ങി .
വെക്കേഷൻ പോകുന്നതിന് മുമ്പുതന്നെ ,ഒരു വീട് വാങ്ങി മാറുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു . പിന്നെ താമസിച്ചില്ല ,ഒരു ചെറിയ വീട് സംഘടിപ്പിച്ചു .
രാവിലെ ഉണരുന്നവന് മാത്രമേ പ്രഭാതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയൂ
എന്ന് ഹെമിങ്‌വേ പറഞ്ഞുവച്ചിട്ടുണ്ട് .ഞാനത് അക്ഷരം പ്രതി പാലിക്കുന്നു .ഒരു ദിവസത്തിന് രാവിലെ എട്ടുമണി എന്നൊരു സമയമുണ്ടെങ്കിൽ ,ദലീമയുടെ ഫോൺ വരും
അവൾക്ക് പീച്ചു നിറമാണ് ഇഷ്ടം .അതുകാരണം കർട്ടൻസ് ,ബെഡ് ഷീറ്റ് ,തലയിണ ഉറ
എല്ലാം അതേ കളറിൽ ഒപ്പിച്ചെടുത്തു .
ജീവിതത്തിൽ അൽപ്പം വൈകിയാണെങ്കിലും ഒരു വസന്തം വരുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു മനസ്സ് . ഒരു ചെറിയ കാറ് അവൾ വന്നിട്ടാകാം എന്ന് തീരുമാനിച്ചു
ചിലപ്പോൾ തോന്നും അവിചാരിതങ്ങളുടെ ആകെത്തുകയാണ് ജീവിതമെന്ന് .കത്തുകൾക്കും ,ഫോൺ വിളികൾക്കും മാത്രം അമിത പ്രാധാന്യം കൊടുത്തുകൊണ്ടൊരു
ദിനചര്യ .എൻ്റെ നിലാപന്തലിൽ ഒരു സ്വയംവരകന്യകയുടെ കാൽപ്പെരുമാറ്റം കേട്ടുതുടങ്ങി
ഇസ്താംബുളിൽ ജോലികിട്ടിയ ദലീമ അവിടെ ഒരു അപ്പാർട്മെന്റിലായിരുന്നു താമസം .വാരാന്ത്യങ്ങൾ ചിലവിടാൻ ബാദുഷയും കുടുംബവും ചിലപ്പോൾ അവിടെ ചെല്ലാറുണ്ട് . ഞാനുമായുള്ള വിവാഹം നടന്നവിവരം ബാദുഷ അറിഞ്ഞപ്പോൾ ലോകം ഒരുപാട് കണ്ട അയാൾ ഇങ്ങനെയാണ് പറഞ്ഞത് ;
“ ഏതുനാട്ടുകാരൻ ആയാലും ,ഏതു ജാതിക്കാരൻ ആയാലും ആ മനുഷ്യൻറെ കൂടെയുള്ള നിൻറെ ജീവിതം സുരക്ഷിതമായിരിക്കും . ഒരു കൂടപ്പിറപ്പിന് അതിലേറെ എന്താഗ്രഹിക്കാൻ . “ പല രാജ്യങ്ങളും കണ്ടും ,അനുഭവിച്ചും ജീവിച്ച ബാദുഷ പെങ്ങളെ കെട്ടിപ്പിടിച്ചു തേങ്ങി .
ജീവിത വ്യതിയാനങ്ങളെപ്പറ്റി കുട്ടുകാരോടോ ,ഓഫീസിലോ ,പറഞ്ഞില്ല .എന്തുകൊണ്ടോ പറയണമെന്ന് തോന്നിയില്ല . ദിവസങ്ങൾ ഒന്നും സംഭവിക്കാത്തപോലെ കൊണ്ടുപോകാൻ ആകാവുന്നത്ര ശ്രമിച്ചു .
അന്ന് ഓഫീസ് വക ഒരു പാർട്ടി ഉണ്ടായിരുന്നു . വിവാഹിതർ നേരത്തെ പിരിയും .ഞങ്ങൾ കുറെ പേർ പിന്നെയും താളം ചവിട്ടി നിൽക്കും .നേരം ഒരുമണി രാത്രിയായി കാണും .ആരോ പറഞ്ഞു “ ഒരു ഐറിഷ് ബോംബ് ആയാലോ .” എല്ലാരും കൈപൊക്കിയ
കൂട്ടത്തിൽ ഞാനും . നിറഞ്ഞ ഗിന്നസ്സ് സ്ററൗട്ട് ബിയർ മഗ്ഗിലേക്ക് ജെയിംസൺ ഐറിഷ് വിസ്കിയുടെ നിറഞ്ഞ ഷോർട് ഗ്ലാസ് ഇടുക . ചീയർസ് ,പറഞ്ഞുതീരുമ്പോൾ ഒറ്റയടിക്ക് കുടിച്ചു തീർക്കുക . ഭൂലോകം തരികിട തിമർ തൈ !!!!
പാർട്ടിക്ക് ഇടയിൽ നിന്ന് ആരോ ടീവി ചൂണ്ടി പറയുന്ന കേട്ടു “ തുർക്കിയിൽ ഭൂകമ്പമുണ്ടായി “ .പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല .കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലെത്തി .
ടീവിക്ക് മുമ്പിൽ ഇരുന്നു .ദലീമയുടെ ഫോണിൽ മണിനാദം പൊയ്‌ക്കൊണ്ടിരുന്നു . സെൽകുക്കിനും , ഇസ്‍നിക്കിനും ഇടയിലുള്ള മലനിരകൾ …………………………………!
അത്രയേ കേട്ടുള്ളൂ ………….!
ഇനി അകെ പ്രതീക്ഷ എട്ടുമണിക്ക് എത്താറുള്ള ആ ശബ്ദമാണ് !!! അത് വന്നില്ല !!
ആ ഗാനം നിലച്ചു !!!
