ഫാ. ജോണ്‍ ചൂരക്കുന്നേല്‍
അദ്ധ്യാപകവൃത്തിയെക്കുറിച്ചു സംസാരിച്ചപ്പോള്‍ അനുഗൃഹീത ചിന്തകനായിരുന്ന കുമാരനാശാന്‍ ഒരിക്കല്‍ പറഞ്ഞു: അദ്ധ്യാപകര്‍ നല്ല കലാവാസനയുള്ളവരും നലംതികഞ്ഞ ഭാവനാസമ്പന്നരും ആയിരിക്കണമെന്ന്. പുറംകണ്ണ് തുറപ്പിക്കാന്‍ പുലര്‍വേളയിലംശുമാന്‍; അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം എന്നാണല്ലോ സദ്വചനം. അങ്ങനെ കൊച്ചുകുഞ്ഞുങ്ങളുടെ ആന്തരിക നയനങ്ങള്‍ തുറന്നുകിട്ടാന്‍ വേണ്ടി അവരുടെ അരികിലെത്തുന്ന ആശാന്മാരായ അദ്ധ്യാപകര്‍ക്കെന്തിനാണ് ഈ പറഞ്ഞ കലാവൈഭവമൊക്കെ എന്നു വല്ലവരും ചോദിച്ചുപോകാം. അങ്ങനെയൊരു ചോദ്യം യുക്തിസഹമാണുതാനും. ഒരു നല്ല അപ്പന്‍റെ അനുഭവസമ്പന്നതയോടെ തന്നെ, ആ ചോദ്യത്തിനും ആശാന്‍ ഉത്തരം നല്കും. അദ്ദേഹം പറഞ്ഞു, നമ്മുടെ കൊച്ചുകുട്ടികള്‍ കുശവന്‍റെ കൈയിലെത്തുന്ന കളിമണ്ണുപോലെയാണ്. കലം മെനയുന്ന കുശവന്, തന്‍റെ ദൈവദത്തമായ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനുള്ള മാധ്യമമാണല്ലോ കളിമണ്ണ്. അതുപോലെ ശ്രീവാര്യംകോട് എന്നറിയപ്പെടുന്ന നമ്മുടെ നാടിന്‍റെ ഭാവി രൂപപ്പെടുത്താനുള്ള കളിമണ്ണാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. കാരണവന്മാരായ നമ്മള്‍ ഇന്നലെയും മിനിഞ്ഞാന്നും കിളച്ചും നിലമൊരുക്കി കൃഷിയിറക്കിയും നമ്മുടെ നാടിനെ ഇന്നത്തെ നിലയിലെത്തിച്ചു. നാളത്തെ കാര്യമോ? അറിവിലും സംസ്കാരത്തിലും ആദ്ധ്യാത്മികതയിലും സമ്പത്തിലും മുന്നേറുന്ന മാലോകരോടൊപ്പം നില്‍ക്കാനും അഭിമാനപൂര്‍വം അതുപോലെ മുന്നേറാനും നമ്മുടെ നാടിനെ പര്യാപ്തമാക്കേണ്ടത് ഇന്നത്തെ കുട്ടികളാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമുക്കുണ്ടാകേണ്ട നല്ല നാളെയുടെ വിധാതാക്കളാണ് അല്ലെങ്കില്‍ നമ്മുടെ നാടിന്‍റെ നല്ല ഭാവിയെ മെനഞ്ഞെടുക്കാനുള്ള കലാകാരന്മാരും കലാകാരികളുമാണ് ഇന്നത്തെ കുട്ടികള്‍. ഇക്കാര്യം മനസ്സില്‍ കാണുകയും അവരെ രൂപപ്പെടുത്തുകയും ചെയ്യാന്‍ കഴിവുള്ള കലാഹൃദയരായിരിക്കണം അദ്ധ്യാപകര്‍-കുമാരനാശാന്‍ വിശദീകരിച്ചു.
ആശാന്‍ മനസ്സില്‍ കണ്ടതുപോലെ കലാവൈഭവവും ഭാവനാസമ്പത്തും ഒത്തിണങ്ങിയ ഒരദ്ധ്യാപികയായിരുന്നു മാര്‍ഗ്ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന കൃശഗാത്രി. 1867-ല്‍ അയര്‍ലന്‍ഡിലായിരുന്നു അവരുടെ ജനനം. അവരുടെ പിതാവ് ഒരു സമൂഹത്തിന് ആദ്ധ്യാത്മിക നേതൃത്വം നല്കിപ്പോന്ന ഒരു ക്രൈസ്തവ പാസ്റ്ററായിരുന്നു. അതേസമയം, അവരുടെ വല്യപ്പനാകട്ടെ അയര്‍ലന്‍ഡിന്‍റെ ദേശീയോദ്ഗ്രഥനത്തിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നവരുടെ മുന്‍നിരയിലുമായിരുന്നു. സ്വന്തം പിതാവില്‍നിന്നു ദൈവികചിന്തയും ആദ്ധ്യാത്മിക ഭാവങ്ങളും അവര്‍ സ്വാംശീകരിച്ചപ്പോള്‍, ദേശീയബോധവും സ്വതന്ത്രമായ ചിന്താശീലവും പിറന്ന നാടിനോടുള്ള ആത്മാര്‍ത്ഥമായ സ്നേഹവും വല്യപ്പനില്‍നിന്നു കാണാനും അനുകരിക്കാനും അവര്‍ക്കവസരമായി. ഒരു ക്രൈസ്തവസമൂഹം സ്ഥാപിച്ചു നടത്തിപ്പോന്ന ഹാലിഫാക്സ് എന്ന കലാലയത്തിലായിരുന്നു അവരുടെ കോളജ്പഠനം. അന്ന് അവിടെയുണ്ടായിരുന്ന മുഖ്യ അദ്ധ്യാപികയില്‍നിന്നും അവര്‍ക്ക് പകര്‍ന്നുകിട്ടിയ പ്രചോദനമായിരുന്നു പൊതുജനനന്മയ്ക്കുവേണ്ടിയുള്ള വ്യക്തിപരമായ ത്യാഗസന്നദ്ധത. ഇങ്ങനെ എല്ലാംകൊണ്ടും സാമാന്യം ആദര്‍ശവതിയായ ഒരദ്ധ്യാപികയായിരിക്കുന്ന നേരത്താണ് ഉരുളയ്ക്കുപ്പേരിപോലെ ഒരുദിവസം അവര്‍ സ്വാമി വിവേകാനന്ദന്‍റെ ഒരു പ്രസംഗം കേള്‍ക്കുന്നത്.
ബൈബിളില്‍ ഐസിയാസ് പ്രവാചകന്‍ നല്കുന്ന വിശിഷ്ടമായ ഒരു ചിന്താശകലമുണ്ട്. ഉയരങ്ങളില്‍ വാഴുന്നവനും നിനക്കു രൂപം നല്കിയവനുമായ ദൈവം നിനക്കു വേണ്ടുന്ന അപ്പത്തിന് ഒന്നുകൊണ്ടും മുടക്കു വരുത്തുകയില്ല. അതുപോലെതന്നെ, നിനക്ക് ദാഹശമനത്തിനാവശ്യമായ വെള്ളവും അവിടുന്നു നിനക്കു നല്കും. നിന്‍റെ ഗുരുനാഥനും വഴികാട്ടിയുമായ അവിടുന്ന് ഒരിക്കലും നിനക്ക് അന്യനോ അസ്പര്‍ശനോ ആയിരിക്കില്ല. പക്ഷേ, ഒന്നുണ്ട്. നേരായ വഴിയില്‍നിന്നു നീ ഇടംവലം തിരിയാനിടയായാല്‍, ഇതാണ് വഴി, ഇതു വിട്ടുമാറാതിരിക്കുക എന്നു പിന്നില്‍നിന്നു അനുശാസിക്കുന്ന മൃദുസ്വരം നീ പരിഗണിക്കാതെ പോകരുത്. നിന്‍റെ നിസ്സഹായതയില്‍ നീ സ്വരമുയര്‍ത്തിയാല്‍, നിനക്കവിടുന്നു സ്നേഹമസൃണനായിരിക്കും. (ഏശയ്യാ 30: 19-21) അതായത്, നമ്മള്‍ വിവേകത്തോടെയും കരുതലോടെയും നമ്മുടെ പാദങ്ങള്‍ മുന്നോട്ടുവെച്ചാല്‍ ദൈവം നമുക്കെന്നും സഹായത്തിനുണ്ടാകുമെന്നുതന്നെ.
പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തുന്നതുപോലെ വളരെ ശ്രദ്ധിച്ചും ക്രിയാത്മകമായും ചുവടുവെക്കുകയായിരുന്നല്ലോ മാര്‍ഗ്ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന അദ്ധ്യാപിക. അന്നേരം അവര്‍ കേള്‍ക്കുന്ന സ്വാമി വിവേകാനന്ദന്‍റെ പ്രസംഗം അവള്‍ക്കൊരു പുതിയ നിസ്വതമായി, ഒരു പുതിയ വഴികാട്ടിയായി. അവര്‍ കല്‍ക്കട്ടയിലേക്ക് യാത്രയായി. സ്വാമി വിവേകാനന്ദന്‍ അവരെ സ്വീകരിച്ചു. ആയുഷ്ക്കാല ബ്രഹ്മചര്യവ്രതത്തിന് അവരെ അദ്ദേഹം സ്വാഗതം ചെയ്തു. അതിനവരെ നിയോഗിച്ചപ്പോള്‍ സ്വാമിതന്നെ അവര്‍ക്ക് നല്കിയ പേരായിരുന്നു ‘ദൈവത്തിനു പരിപൂര്‍ണ്ണമായി അര്‍പ്പിക്കപ്പെട്ടവള്‍’ എന്നര്‍ത്ഥമുള്ള സിസ്റ്റര്‍ നിവേദിത എന്ന ലളിതവും സുന്ദരവുമായ പേര്.
മാര്‍ഗ്ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന വിദേശ അദ്ധ്യാപികയെ ഇത്ര ആഴത്തില്‍ സ്പര്‍ശിച്ച സ്വാമി വിവേകാനന്ദന്‍റെ ചിന്താധാരയെക്കുറിച്ച് അല്പം ചിന്തിച്ചാല്‍ അത് അവസരോചിതവും നമുക്കുള്ള മതത്തിനുതകുന്നതും ആകാതിരിക്കില്ല. അദ്ദേഹത്തെ സംബന്ധിച്ചു പറഞ്ഞാല്‍, മതവും ഈശ്വരവിശ്വാസവും സ്വന്തം ദേശീയബോധത്തിന് ഒരു വിധത്തിലും തടസ്സമായിരുന്നില്ല. മറിച്ച്, ദേശീയോന്നമനം എന്ന ചിന്താധാരയെ വിശ്വാസം, വിദ്യാഭ്യാസം, സ്വഭാവസംസ്കരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധിപ്പിച്ച് ഭാരതത്തിലെ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചുമിരുന്നു.
വിവിധ മതവിശ്വാസികള്‍ ഒരു കുടുംബംപോലെ പുലരുന്ന നാടാണല്ലോ ഭാരതം. അതുപോലെതന്നെ അവതാരങ്ങളില്‍ വിശ്വസിക്കുന്നവരുമാണ് നമ്മള്‍ ഭാരതീയര്‍. ദൈവം മനുഷ്യരൂപമെടുത്തു മനുഷ്യരായ നമ്മളോടൊരുമിച്ചു ജീവിച്ച്, സാധാരണക്കാരായ നമ്മുടെ ജീവിതത്തിന്‍റെ വൈശിഷ്ട്യം നമുക്കറിയിച്ചുതരുന്നു എന്നതാണല്ലോ അവതാരം കൊണ്ട് സാധിക്കുന്നത്. യേശുനാഥന്‍ നമ്മേ ഓര്‍മ്മപ്പെടുത്തിയ കാര്യമായിരുന്നു മനുഷ്യരെല്ലാം ദൈവമക്കളാണ് എന്ന വസ്തുത. സ്വന്തം മാതാപിതാക്കളുടെ ജീവിതം ശ്രദ്ധിച്ചും അനുകരിച്ചും കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ ഉന്നമനം കൈവരിക്കുന്നു. അതുപോലെ, ദൈവമക്കളായ നമ്മള്‍, മനുഷ്യര്‍, ദൈവത്തെ, സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ ഹൃദയത്തില്‍ കണ്ടും അനുകരിച്ചും നമ്മുടെ ജീവിതത്തില്‍ ശ്രേയസും ഉന്നമനവും കൈവരിക്കണം.
വിവിധ മതങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഐക്യത്തിനും വിശിഷ്ടമായ മാതൃകയാണല്ലോ നമ്മുടെ നാട്. വേദങ്ങളെഴുതിയ മുനിമാര്‍ മുതല്‍ ഈശ്വരവിശ്വാസം പുലര്‍ത്തിപ്പോന്ന നാടാണ് ഭാരതം. ക്രൈസ്തവരെയും മുഹമ്മദീയ വിശ്വാസികളെയും സാഗതം ചെയ്യാനും ഒരുമയില്‍ അവരുമൊത്തു കഴിയാനും ഭാരതീയരായ നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ക്കു കഴിഞ്ഞു. ഇന്നും നമുക്കതു സാധിക്കുന്നു. ഇടയിലാരെങ്കിലും മതംമാറിയാലോ? പരിപൂര്‍ണ്ണത തന്നെയായ ദൈവത്തെ നമ്മള്‍ അറിയുന്നതും മനസ്സിലാക്കുന്നതും അപൂര്‍ണ്ണമായിട്ടായിരിക്കുമല്ലോ. ഭാഗികമായ നമ്മുടെ ധാരണകള്‍ സാഹചര്യങ്ങള്‍ക്കും നമ്മുടെ വ്യക്തിപരമായ പഠനങ്ങള്‍ക്കും അനുസരിച്ച് ആഴപ്പെട്ടുവെന്നുവരാം. വ്യത്യസ്ത ഭാവങ്ങള്‍ കൈക്കൊണ്ടെന്നിരിക്കാം. അങ്ങനെ മതം മാറ്റത്തെപ്പോലും അതിന്‍റെ ആഴമായ അര്‍ത്ഥത്തില്‍ കാണാനും അംഗീകരിക്കാനും പോരുന്നവിധം വിശാലമനസ്കരാണ് നമ്മള്‍, ഭാരതീയര്‍.
ആ നിലയ്ക്കു ചിന്തിച്ചാല്‍ ഒരു ക്രൈസ്തവനും പാസ്റ്ററുമായിരുന്ന സ്വന്തം പിതാവില്‍ നിന്നാരംഭിച്ച ആദ്ധ്യാത്മിക വഴികള്‍ വിട്ട് സ്വാമി വിവേകാനന്ദന്‍റെ ചിന്താധാരകള്‍ പിന്തുടര്‍ന്നതിന്‍റെ പേരില്‍ സിസ്റ്റര്‍ നിവേദിത മതം മാറിയെന്നോ സ്വന്തം പിതാവിന്‍റെ കാലുവാരിയെന്നോ പറയാനാകുമോ? ഒരിക്കലുമില്ല. മറിച്ചാണുതാനും സത്യം. അവര്‍ക്കുണ്ടായിരുന്ന ദൈവവിശ്വാസത്തിന്‍റെ ആഴപ്പെടലാണത്. സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നതുപോലെ, ദൈവം നമുക്കു പിതാവാണെന്നും മനുഷ്യരായ നമ്മളെല്ലാം സഹോദരങ്ങളാണെന്നും അവര്‍ക്കു വേണ്ടി ചെയ്യുന്ന സേവനം യഥാര്‍ത്ഥത്തില്‍ ദൈവശുശ്രൂഷയാണെന്നും ഒരു പാസ്റ്ററായിരുന്ന സ്വന്തം പിതാവുതന്നെ അവരെ പഠിപ്പിച്ചിരുന്നു. അവര്‍ അത് ഗ്രഹിച്ചുമിരുന്നു.