വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും കൂട്ടിയിണക്കുന്ന ബില്‍ പാസാക്കി ലോക്‌സഭ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 December 2021

വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും കൂട്ടിയിണക്കുന്ന ബില്‍ പാസാക്കി ലോക്‌സഭ

ന്യൂഡല്‍ഹി: വോട്ടര്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കേന്ദ്രത്തിന്റെ വാദങ്ങളെ പ്രതിപക്ഷം വിമര്‍ശിച്ചു. ‘താമസിക്കുന്നതിന്റെ മാത്രം തെളിവാണ് ആധാര്‍. അതു പൗരത്വത്തിന്റെ തെളിവല്ല. വോട്ടര്‍മാരോട് ആധാര്‍ ചോദിക്കുമ്പോള്‍ പാര്‍പ്പിടത്തിന്റെ രേഖ മാത്രമാണു കിട്ടുന്നത്. പൗരത്വമില്ലാത്തവര്‍ക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാവുക’- കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു.

‘വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണ്’- കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു. ‘കള്ളവോട്ട് തടയാനാണു സര്‍ക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടത്’- കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്റെ പിന്‍ബലം വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്. നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടും.

നമ്പര്‍ നല്‍കാത്തവരുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്യില്ല. എന്നാല്‍ സൂക്ഷ്മ പരിശോധനയ്ക്കും നിരീക്ഷണത്തിനും സാഹചര്യമൊരുങ്ങും. ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. ജനുവരി 1, ഏപ്രില്‍1, ജൂലൈ1, ഒക്ടോബര്‍1 എന്നിങ്ങനെ കട്ട് ഓഫ് തീയതികള്‍ നല്‍കാനാണ് പുതിയ വ്യവസ്ഥ.

തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഏത് സ്ഥലവും ഏറ്റെടുക്കാന്‍ കമ്മിഷന് അനുവാദമുണ്ടാകും. സര്‍വീസ് വോട്ട് ചെയ്യാന്‍ സൗകര്യമുള്ള പങ്കാളിയുടെ ആണ്‍-പെണ്‍ വേര്‍തിരിവും ഒഴിവാക്കും.