മലപ്പുറം: തിരൂരിൽ 15 കാരനെ 30 കാരിയായ യുവതി ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. കുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും ലഹരി മറ്റുള്ളവരിലേക്ക് കൊണ്ടുകൊടുക്കുവാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവ് സാബിക്കിനായി പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ബി പി അങ്ങാടി സ്വദേശിയായ സാബിക് ഇപ്പോൾ ഒളിവിലാണ്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. കൂടാതെ വീട്ടിലെ സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്.
2021 മുതൽ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായാണ് പരാതി. ബ്ലാക്ക് മെയിൽ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് നിലവിൽ 19കാരനായ യുവാവ് പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.