ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 32-കാരന് ഇരട്ടജീവപര്യന്തം. പ്രതിയ്ക്ക് മൂന്ന് ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും കോടതി വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വളർച്ച കുറഞ്ഞ 15 വയസിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു.
സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പകർത്തിയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രേത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം. പിഴ പെൺകുട്ടിക്കു നൽകണം. 2021ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്തു അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത കേസിൽ പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിലാണ് ഹാജരായത്.

