PRAVASI

ജാമ്യം കിട്ടി അതിവേഗം കാറിൽ മടക്കം;ഒന്നും മിണ്ടാതെ ഷൈൻ, 22ന് വീണ്ടും ചോദ്യംചെയ്യൽ

Blog Image

കൊച്ചി: ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി),  29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. കേസില്‍ പ്രതി ചേര്‍ത്തതായും പൊലീസ് അറിയിച്ചു. ഇന്ന് ഷൈന്‍റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തനിക്ക് 22ന് കൂടുതൽ സൗകര്യം എന്നും അന്ന് വരുമെന്നും ഷൈൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു,
ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ തുടര്‍ നീക്കങ്ങളാകും ഇത് തീരുമാനിക്കുക. അതേസമയം, വിൻസിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നുമാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.

ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലമാണ് ഇനി നിര്‍ണായകം. ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.