ശശി തരൂർ നാലുവർഷം തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ച വിപ്ലവകാരിയും ലോകം അറിയുന്ന ബുദ്ധിജീവിയുമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കേരളത്തെ പ്രശംസിച്ചുകൊണ്ട് ദേശീയ ദിനപത്രത്തിൽ തരൂരെഴുതിയ ലേഖനത്തെ ചൊല്ലി കോൺഗ്രസിൽ അസംതൃപ്തി പുകയുമ്പോഴാണ് തരൂരിനെ പുകഴ്ത്തിക്കൊണ്ട് എകെ ബാലൻ രംഗത്ത് വന്നത്.
ശശി തരൂർ മഹാനായ ഡിപ്ലോമാണെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ യഥാർത്ഥ വസ്തുതയാണെന്നും എ കെ ബാലൻ പറഞ്ഞു. വിവരമുള്ള ഒരാൾ പോലും കോൺഗ്രസിൽ ഉണ്ടാവരുതെന്നാണ് മറ്റ് നേതാക്കൾ കരുതുന്നത്. സത്യസന്ധമായി ഒന്നും പറയാൻ പാടില്ല എന്നാണോ. കേരളത്തിന്റെ നേട്ടം ഓരോ ദിവസവും കുറച്ചു പറയണമെന്നാണോ ഇവർ പറയുന്നതിന്റെ അർത്ഥമെന്നും ബാലൻ ചോദിച്ചു.ആൻറണി സർക്കാരിൻറെ വ്യവസായ നേട്ടങ്ങൾ പറഞ്ഞ് ശശി തരൂരിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റി വരച്ചതും പല ലോകോത്തര ആശയങ്ങൾ കേരളത്തിൽ എത്തിച്ചതും ആന്റണി സർക്കാർ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിൻഫ്ര യുഡിഎഫ് സർക്കാരാണ് കൊണ്ടുവന്നതെന്നും കേരളത്തിൽ പിൽക്കാലത്ത് വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻ ഫ്ര പാർക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും നല്ല കാര്യം ആരു ചെയ്താലും അംഗീകരിക്കുമെന്നും കേരളത്തിൻറെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു

