PRAVASI

മനുഷ്യരാശിക്കെതിരായ ആക്രമണം, ഭീകരതയെ വേരോടെ പിഴുതെറിയണം

Blog Image

ചിക്കാഗോ: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്കു നേരെ നടന്ന ഭീരുത്വംനിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ശക്തമായ മറുപടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന്‍ മണ്ണില്‍ മാരകമായ ഈ നീചപ്രവൃത്തി നടത്തുവാന്‍ ഗൂഢാലോചന നടത്തിയവരെയും കണ്ടുപിടിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.
ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദി ആക്രമണം. സാധാരണ നിത്യജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു കശ്മീര്‍ ജനത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമൊക്ക സഞ്ചാരികളുടെ തിരക്കായിരുന്നു. കശ്മിരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞവര്‍ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്‍ഗാം സന്ദര്‍ശിച്ചത്. കശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടുത്തെ ജനങ്ങളെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്.
കശ്മീരിലെ ടൂറിസം നല്ല രീതിയില്‍ വന്നുകൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടുത്തെ ടൂറിസം സാധാരണക്കാര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗമായിരുന്നു. ബിസിനസ്സിലൂടെ ധാരാളമായി സമ്പാദിക്കുവാന്‍ തുടങ്ങിയ കശ്മീര്‍ ജനത തീവ്രവാദം മറന്നുതുടങ്ങുകയായിരുന്നു. അവരുടെ മനസ്സിലേക്ക് വീണ്ടും ഈ തീവ്രവാദി സംഘം തീ കോരിയിട്ടു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു കൊണ്ടായിരുന്നു കശ്മീര്‍ ജനത നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പുതിയ ഒരു ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു കശ്മീര്‍ ജനത. ഭീതി കൂടാതെ സഞ്ചാരികള്‍ക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന നല്ലൊരു അന്തരീക്ഷം കശ്മീരില്‍ ഉടലെടുത്തിരുന്നു. സൈന്യത്തെ കല്ലെറിഞ്ഞുകൊണ്ടിരുന്ന യുവാക്കള്‍ അതു നിര്‍ത്തി പുതിയൊരു ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അവരുടെ മനസ്സില്‍ വീണ്ടും വിഭജനത്തിന്‍റെ മുള്ളുകള്‍ വിതയ്ക്കുന്ന ഈ തീവ്രവാദി ആക്രമണം. ഇതിന്‍റെയൊക്കെ പിന്നില്‍ പ്രാദേശിക ശക്തികള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്. കഴിഞ്ഞ കുറേക്കാലങ്ങളായി കശ്മീരിനെ ചൂഷണം ചെയ്തു സുഖമായി ജീവിച്ചുകൊണ്ടിരുന്നവര്‍.
ഈ ഹീനമായ തീവ്രവാദത്തെ പല രീതിയിലും ന്യായീകരിച്ചുള്ള പ്രസ്താവനകളും സോഷ്യല്‍മീഡിയയില്‍ വരുന്നുണ്ട്. യാതൊരു മനസ്സാക്ഷിയുമില്ലാത്ത ഇവരുടെയും മനസ്സില്‍ തീവ്രവാദം ഒളിഞ്ഞിരിപ്പുണ്ടെന്നു വേണം കരുതാന്‍. സാധാരണക്കാരായ വിനോദസഞ്ചാരികളായ പാവം മനുഷ്യരെ കൊന്നുവീഴ്ത്തിയതിനെ ഒരു തരത്തിലും ന്യായീകരിക്കുവാനാകില്ല. ഈ വെടിവെപ്പ് നടത്തിയവര്‍ ലഷ്കറെ തോയ്ബെയും ഐഎസ്ഐയും പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. പാക്കിസ്ഥാന്‍റെ അറിവോടു കൂടിയുള്ള ഈ ഹീനമായ കൂട്ടക്കൊലയെ ലോകരാജ്യങ്ങള്‍ പ്രതിഷേധിക്കുകയും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മതം ചോദിച്ച്, തുണി പൊക്കിനോക്കി കൊന്നവന്മാര്‍ മതഭ്രാന്തന്മാരും മതതീവ്രവാദികളുമാണ്. അവരെ ഉന്മൂലനാശം ചെയ്യുകതന്നെ വേണം. ലോകത്തിനു വിപത്തായ ഭീകരതയെ പിഴുതെറിയുവാന്‍ നമുക്ക് ഒരുമിക്കാം.

സതീശന്‍ നായര്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.