ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായ 'ഒപ്പം' സിനിമയിൽ, അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചതിന് 1 ലക്ഷം രൂപ നഷ്ടപരിഹാരവും 1,68,000 രൂപ കോടതി ചെലവുകളും നൽകാൻ ചാലക്കുടി മുനിസിപ്പ് കോടതി എം എസ് ഷൈനി വിധിച്ചു. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നൽകിയത്.
അഡ്വ. പി നാരായണന്‍കുട്ടി മുഖേനയാണ് പരാതി നല്‍കിയത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രിന്‍സി ഫ്രാന്‍സിസ്, സജി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചെലവുകൾ 7 വർഷം 2 ലക്ഷം രൂപയിലും അധികമാണ്. നീതി കിട്ടിയത് വളരെ വൈകിയാണ്. ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ വന്നിട്ടും ഇപ്പോഴും അവർക്കിതൊരു പ്രശ്നമല്ല. എമ്പുരാന് ഇപ്പോൾ വന്നിരിക്കുന്ന പ്രശ്നങ്ങൾ നമുക്കറിയാം. രണ്ട് മിനിറ്റ് ആണെങ്കിലും അത് കട്ട് ചെയ്യാൻ അവർക്ക് സാധിച്ചു. ആ ഫോട്ടോ ഒന്ന് ബ്ലർ ചെയ്യാനായിരുന്നു നമ്മളവരോട് ആവശ്യപ്പെട്ടത്. എന്നാൽ അത് നിങ്ങളുടെ ഫോട്ടോ അല്ല എന്നാണ് ഇപ്പോഴും അവരുടെ വാദമെന്നും. ഇനിയെങ്കിലും നമ്മുടെ ഫോട്ടോ അതിൽ നിന്നു മാറ്റൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചതെന്നും പ്രിൻസി പ്രതികരിച്ചു.