PRAVASI

ആറന്മുളപ്പെരുമയുടെ പൊരുള്‍ തേടി

Blog Image

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ പങ്കെടുത്തിട്ടുള്ള അഖില കേരള ബാലജനസഖ്യം ക്യാമ്പുകളിലൊക്കെത്തന്നെ പമ്പയുടെ  തീരങ്ങളില്‍ നിന്നുള്ള ബാലികാബാലന്മാരുടെ സജീവ സാന്നിധ്യ മുണ്ടായിരുന്നു. അവരില്‍ ചിലരാണ് അക്കാലത്ത്  ആറന്മുള എന്ന സ്ഥലത്തെയും, ആറന്മുള വള്ളംകളിയെയും, പാര്‍ത്ഥസാരഥി  ക്ഷേത്രത്തെയും, ആറന്മുള കണ്ണാടിയെയും, തിരുവോണത്തോണിയെയും, ആറന്മുള വള്ളസദ്യയെയുമൊക്കെ എനിക്കു പരിചയപ്പെടുത്തി തന്നത്.
             വര്‍ഷങ്ങള്‍ക്കുശേഷം, വനങ്ങളെ കുറിച്ചു വികാരം കൊള്ളുന്ന യുവമനസുമായി, ഒരു കോളേജ് ലെക്ചറര്‍  എന്ന നിലയില്‍, 1981 ല്‍  ഞാന്‍ തലസ്ഥാനത്തേക്ക് കുടിയേറിയപ്പോള്‍, ڇസമാനമനസ്കാ, നിനക്കായ് പാടുന്നേന്‍ڈ എന്നു ചൊല്ലിക്കൊണ്ട്, സുഗതകുമാരി ടീച്ചര്‍ എന്‍റെ മനസിലേക്ക് പൂനിലാവ് പോലെ പടര്‍ന്നു കയറി. അവരോടുള്ള ഇഷ്ടം ആ മഹതിയുടെ ജന്മനാടായ ആറന്മുളയെ ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒരു സ്ഥലപ്പേരായി മാറ്റി. പ്രകൃതിക്കും വനങ്ങള്‍ക്കും വേണ്ടി,  'തോല്‍ക്കുന്ന യുദ്ധം ' എന്നറിഞ്ഞു കൊണ്ടു തന്നെ, തളരാതെ പട നയിച്ച ആ പോരാളിയുടെ ഓര്‍മ്മക്കായി  ആറന്മുളയില്‍  ഒരു 'സുഗതവനം'  നട്ടുവളര്‍ത്താന്‍ ശ്രീ.കുമ്മനം രാജശേഖരനും മറ്റും നടത്തുന്ന ശ്രമങ്ങളെ കുറിച്ച്  അടുത്ത കാലത്ത്  വായിച്ചപ്പോള്‍  മുതല്‍ എന്‍റെ മനസ് അങ്ങോട്ട് ചാഞ്ഞു തുടങ്ങിയിരുന്നു. ആറന്മുളപ്പെരുമയില്‍ മയങ്ങിപ്പോയ ഞാന്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന വള്ളസദ്യയില്‍  പങ്കെടുക്കണമെന്ന ആഗ്രഹം ഈ വര്‍ഷമെങ്കിലും സഫലീകരിക്കണമെന്ന്  തീരുമാനിക്കാനിടയായത് അങ്ങനെയാണ്.
                 എന്‍റെ സ്നേഹിതന്‍ ശ്രീ പഴകുളം മധുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ തന്നെ പള്ളിയോട സേവാസംഘം  പ്രസിഡന്‍റ് ശ്രീ കെ. വി. സാംബദേവനെ  വിളിച്ച് എന്‍റെ സന്ദര്‍ശനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു തന്നു. ജൂലൈ 13 നു തുടങ്ങിയ ആചാര സമ്പുഷ്ടമായ  വള്ളസദ്യ ഒക്ടോബര്‍ രണ്ടാം തീയതി അവസാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഞാന്‍ ഏറ്റവും ആഹ്ലാദത്തോടെ കണ്ടാസ്വദിക്കുന്ന കായിക വിനോദമാണ്, കലയും, സംഗീതവും, മനോബലവും,  മെയ്ക്കരുത്തും സമഞ്ജസമായി  സമ്മേളിക്കുന്ന വള്ളംകളി മത്സരം. മത്സരത്തെക്കാള്‍ പൈതൃകത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ആറന്മുള ഉത്രുട്ടാതി ജലോത്സവത്തില്‍ 52  പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്‍റെ   വായ്ത്താരിയില്‍ പമ്പയുടെ  വിരിമാറില്‍   സൗന്ദര്യ ലഹരി പകര്‍ന്നത് സെപ്റ്റംബര്‍ ഒന്‍പതാം തീയതിയായിരുന്നു. അതും കടന്നു പോയ സ്ഥിതിക്ക് വള്ളസദ്യ നീട്ടിവയ്ക്കുന്നത് ബുദ്ധിമോശമാകുമെന്ന തിരിച്ചറിവില്‍ സെപ്റ്റംബര്‍ 29ന് ഞാന്‍ പള്ളിയോട സേവാ സംഘത്തിന്‍റെ  ഓഫീസിലെത്തി.
വഴിപാടിന്‍റെ  വഴിയില്‍
        അന്നു രണ്ടു വള്ളങ്ങളേ ഉള്ളൂ എന്നും, ഓരോ വള്ളവും അഞ്ചു പാസ്സ് വീതമാണ്  സംഘത്തിനു നല്‍കുന്നതെന്നും ശ്രീ സാംബദേവന്‍ പറഞ്ഞു. ആ പാസ്സുകളില്‍ ഒന്നാണ് എനിക്കു ലഭിക്കുക. ഭക്തന്മാര്‍ നടത്തുന്ന വഴിപാടാണ് വള്ളസദ്യയെന്നും, സന്താനലബ്ധി പോലുള്ള ഇഷ്ടകാര്യ സാധ്യത്തിനായി  ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള  മലയാളികള്‍ ഈ വഴിപാട് നേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
           77 വര്‍ഷത്തെ പ്രവര്‍ത്തനചരിത്രമുള്ള പള്ളിയോട സേവാ സംഘമാണ് ആറന്മുള ക്ഷേത്രത്തില്‍ വഴിപാടായി നടക്കുന്ന വള്ളസദ്യകളും, ശ്രീകൃഷ്ണന്‍റെ ജന്മദിനമാചരിച്ചുള്ള അഷ്ടമിരോഹിണി വള്ളസദ്യയും, പമ്പാനദിയുടെ  ഇരുകരകളിലുമായുള്ള 52  കരകളില്‍ നിന്നെത്തുന്ന 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ഉത്രുട്ടാതി  ജലമേളയും സംഘടിപ്പിക്കുന്നത്. പാരമ്പര്യവും സാംസ്കാരിക തനിമയും നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി  പള്ളിയോട സേവാസംഘം ചെറുപ്പക്കാര്‍ക്കുവേണ്ടി  വഞ്ചിപ്പാട്ട്  പഠനക്കളരിയും, നീന്തല്‍ക്കളരിയും   നടത്തിപ്പോരുന്നുണ്ടെന്ന് പ്രസിഡന്‍റ് ശ്രീ സാംബദേവന്‍  പറഞ്ഞു.
ആറന്മുളയിലെ പള്ളിയോടങ്ങള്‍
പള്ളിയോടങ്ങള്‍ രൂപകല്പനയില്‍ സാധാരണ ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്ന കാര്യം ശ്രീ സാംബദേവന്‍  പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. 39 മുതല്‍ 48 കോല്‍ വരെ നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മൂന്നിലൊരു ഭാഗം ജലസ്പര്‍ശമില്ലാതെ ജലപ്പരപ്പിനു മുകളിലായിരിക്കുമ്പോള്‍, പള്ളിയോടങ്ങളുടെ  മൂന്നില്‍ രണ്ടു ഭാഗവും ജലസ്പര്‍ശമില്ലാതെ നില്‍ക്കുന്നു. റാന്നി മുണ്ടപ്പുഴ തച്ചന്മാരാണ് ആദ്യമായി പള്ളിയോടം നിര്‍മ്മിച്ചതെന്നാണ് നിഗമനം. ആലങ്കാരികതയ്ക്കു പ്രാധാന്യം നല്കി, അമരവും അണിയവും ഉയര്‍ത്തി, കരിനാഗാകൃതിയിലുള്ള നിര്‍മ്മാണ ശൈലിയില്‍ രൂപമെടുക്കുന്നത്  'എടുപ്പും'   അഴകും തികഞ്ഞ 'പടക്കപ്പലു'കള്‍! കാട്ടൂര്‍ മഠത്തില്‍ നിന്നു തിരിക്കുന്ന തിരുവോണ ത്തോണിക്കു നേരെ അയിരൂറിലും മറ്റുമുള്ള  കൊള്ളക്കാരുടെ  ആക്രമണം പതിവായിരുന്ന പണ്ടു കാലങ്ങളില്‍ അതിനു സംരക്ഷണം  നല്‍കുന്നതിനായിരുന്നത്രേ പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചത്. തോട്ടാവള്ളില്‍ കുറുപ്പുമാരുടെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. 18 കുടുംബങ്ങളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്‍ നിറച്ച്, മങ്ങാട്ട് ഇല്ലത്തിന്‍റെ  പ്രതിനിധിയെ പീഠത്തിലിരുത്തി, 10 കിലോമീറ്റര്‍ അകലെയുള്ള കാട്ടൂരില്‍ നിന്ന്, വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന തിരുവോണത്തോണിക്ക്, ഇന്നും ആചാരപൂര്‍വം അകമ്പടിയേകുന്നു, പള്ളിയോടങ്ങള്‍, രാവിലെ 6 മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുംവരെ.
ഭട്ടതിരിപ്പാടും ബ്രാഹ്മണ ബാലനും
        700 വര്‍ഷങ്ങളുടെ പഴമ അവകാശപ്പെടുന്ന തിരുവോണ ത്തോണിയ്ക്കു പിന്നിലൊരു കഥയുണ്ട്. ആറന്മുളയ്ക്കു പോകുന്ന കാര്യമറിയിച്ചപ്പോള്‍ എന്‍റെ ചങ്ങാതി ശ്രീ.ആനന്ദബോസ് (ബംഗാള്‍ ഗവര്‍ണര്‍) ആണ്  ഈ കഥ എന്നോട് പറഞ്ഞത്. കാട്ടൂരിലുള്ള  മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു- ഒരു ബ്രാഹ്മണനെ ഊട്ടിയിട്ടേ അദ്ദേഹം ഓണസദ്യ  കഴിക്കൂ. ഒരു വര്‍ഷം ബ്രാഹ്മണനെ കാണായ്കയാല്‍ സദ്യ ഉണ്ണാന്‍ മടിച്ച അദ്ദേഹത്തിനു മുന്നില്‍ പൊടുന്നനെ ഒരു ബ്രാഹ്മണ ബാലന്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഓണമുണ്ട അദ്ദേഹത്തിന് സ്വപ്നത്തില്‍ വെളിപാടുണ്ടായി, പാര്‍ത്ഥസാരഥി  ക്ഷേത്രത്തിലെ ഭഗവാന്‍ കൃഷ്ണന്‍ തന്നെയായിരുന്നു ബാലനായി തന്‍റെ മുന്നില്‍ അവതരിച്ചതെന്ന്. മടങ്ങിപ്പോകുന്നേരം ആ ബാലന്‍ പറഞ്ഞിട്ടാണത്രേ പോയത്, ഇനി താന്‍ ഇങ്ങോട്ട് വരില്ല, ഭക്ഷണം അങ്ങോട്ട് കൊടുത്തയച്ചാല്‍ മതി എന്ന്. ഈ കല്പന അനുസരിച്ചാണ്  അടുത്ത വര്‍ഷം മുതല്‍ ഭക്ഷ്യ വിഭവങ്ങള്‍ നിറച്ച തിരുവോണത്തോണി ആറന്മുളയിലേക്കയച്ചു കൊണ്ടിരിക്കുന്നത്. മങ്ങാട്ട് ഇല്ലത്തു നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ പണ്ടൊക്കെ ആറന്മുളയിലെ വീടുകളിലായിരുന്നു എത്തിച്ചിരുന്നതെങ്കിലും, കാലാന്തരത്തില്‍,  ക്ഷേത്ര സന്നിധിയിലായി സദ്യ.
ഉത്രുട്ടാതി ജലഘോഷയാത്ര - ڇമമ മുന്നിലെന്തൊരു സൗന്ദര്യ മേളം!ڈ
          പള്ളിയോടങ്ങളുടെ  അകമ്പടിയോടെ  തിരുവോണത്തോണി  രാവിലെ 6 മണിക്ക് ക്ഷേത്രസന്നിധിയിലെത്തുന്നതു കാണാന്‍  അധികം പേര്‍ക്കാവില്ലല്ലോ. എന്നാല്‍, തിരുവോണം കഴിഞ്ഞ് ഉത്രുട്ടാതി  നാളില്‍ നടക്കുന്ന ജലഘോഷയാത്രയില്‍ 52 കരകളില്‍ നിന്നുള്ള 52 പള്ളിയോടങ്ങളും  അണിനിരക്കുന്ന മനംകവരുന്ന കാഴ്ച കാണാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടും. 'മമ മുന്നിലെന്തൊരു സൗന്ദര്യ മേളം!' എന്ന കവി വാക്യം ആരും ഓര്‍മ്മിച്ചു പോകും, ആലങ്കാരികമായി പണി തീര്‍ത്തിട്ടുള്ള പള്ളിയോടങ്ങളെ നിരനിരയായി കാണുന്ന ആ ധന്യനിമിഷങ്ങളില്‍. ഉത്രുട്ടാതി ജലോത്സവത്തില്‍ മുന്‍പ് മത്സരമില്ലായിരുന്നു. എന്നാല്‍, 1972 മുതല്‍ വള്ളംകളി മത്സരവും നടത്തിപ്പോരുന്നതിനാല്‍, ഇരുകരകളിലും  ആ ദിവസം ആവേശം  തിരതല്ലുകയായി. ഈ ആവേശത്തിന് ഒരു പിന്നാ മ്പുറമുണ്ട്. 1950 മുതല്‍ 1990 വരെയുള്ള കാലത്ത് ഈ ജലോത്സവം കരക്കാര്‍ തമ്മിലുള്ള വാശിക്കും കലഹങ്ങള്‍ക്കും ഇടയ്ക്കിടെ  കാരണമായിട്ടുണ്ട്.
അഷ്ടമിരോഹിണി സദ്യ
          ആറന്മുളയിലെ   മൂന്നു  മാസത്തോളം ദൈര്‍ഘ്യമുള്ള  വള്ള സദ്യ സീസണില്‍  500 ല്‍ പരം സദ്യകള്‍  നടക്കാറുണ്ടെങ്കിലും  ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് അഷ്ടമിരോഹിണി  സദ്യയാണ്. 52  പള്ളിയോടങ്ങളും  പങ്കെടുക്കുന്ന ഈ സദ്യയില്‍ ഉച്ചയ്ക്കു 12 മണിക്കും നാലുമണിക്കുമിടയില്‍  ഒരു ലക്ഷത്തോളം പേര്‍ സദ്യ കഴിക്കുന്നു. ഈ സദ്യയില്‍ വിളമ്പുന്ന വിഭവങ്ങള്‍ തന്നെയാണ് മറ്റു ദിവസങ്ങളില്‍ നടക്കുന്ന വള്ളസദ്യകളിലും വിളമ്പുന്നത്.
ഗാനമുഖരിതം, താളനിബദ്ധം, വള്ളസദ്യകള്‍
       പമ്പാനദിയില്‍ നിന്നു ക്ഷേത്രത്തിലേക്കു കയറാനുള്ള  പടവുകളില്‍  നിന്ന് രണ്ടു പള്ളിയോടങ്ങളുടെ ദൂരേന്നുള്ള വരവ് ഞാന്‍ കണ്ടു. വഞ്ചിപ്പാട്ട് പാടി,  താളത്തില്‍  തുഴയെറിഞ്ഞുള്ള  ആ വരവ് ഒരു കാണേണ്ട കാഴ്ച തന്നെ. ഒരു പള്ളിയോടത്തില്‍, തുഴക്കാരും പാട്ടുകാരുമായി, 70 മുതല്‍ 110 പേര്‍ വരെ ഉണ്ടാകും.വള്ളസദ്യ വഴിപാടായി നേര്‍ന്നിട്ടുള്ളകുടുംബത്തിന്‍റെ പ്രതിനിധികള്‍, ആചാരാനു ഷ്ഠാനങ്ങളോടെ, കൊളുത്തിയ നിലവിളക്കുമായി, വഞ്ചിപ്പാട്ടു കൊണ്ടു  മുഖരിതമായ   പള്ളിയോട ത്തിനരികിലെത്തി, അവരെ വരവേല്‍ക്കുന്നു. പള്ളിയോടത്തില്‍ വന്നവര്‍ വഞ്ചിപ്പാട്ടുകള്‍ പാടി ക്ഷേത്രമുറ്റത്തെത്തി ഭഗവാനെ വണങ്ങിയ ശേഷം, ഊട്ടുശാലയിലേക്കു നീങ്ങുന്നു. പാസ്സ് കൊണ്ടു നിയന്ത്രിക്കുന്നുണ്ടെങ്കിലും നല്ല തിരക്കാണ്, ഊട്ടുശാലക്കു  മുന്നില്‍. 44 വിഭവങ്ങള്‍ വിളമ്പിയ വാഴയിലയ്ക്കു മുന്നില്‍ അതിഥികള്‍ ഇരുന്നു കഴിഞ്ഞാല്‍ പിന്നെ, കിട്ടാനുള്ള 20 വിഭവങ്ങള്‍ക്കു വേണ്ടിയുള്ള 'പാടിചോദ്യങ്ങളാ'ണ്. തങ്ങള്‍ക്കു വേണ്ട ഓരോ വിഭവത്തെയും  രസകരമായി വര്‍ണ്ണിച്ചുള്ള പാട്ടുകളിലൂടെയാണ് അവ  ആവശ്യപ്പെടുന്നത്. അങ്ങനെ, 64 വിഭവങ്ങളും കൂട്ടിയുള്ള സദ്യ കഴിഞ്ഞാല്‍ പിന്നെ, നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള പാട്ടുകളാണ്. ഒടുവില്‍ യാത്ര ചോദിച്ചുകൊണ്ടുള്ള പാട്ടുകളുമുണ്ട്. ആകെ താളനിബദ്ധമാണ് ക്ഷേത്ര പരിസരം. സദ്യയുടെ സമയമത്രയും വഞ്ചിപ്പാട്ടുകളുടെ താളമാണ്  ആളുകളുടെ സിരകളില്‍.
           ഏതൊരു സന്ദര്‍ശകനും ചോദിക്കണമെന്നു തോന്നാവുന്ന ഒരു ചോദ്യം ഞാന്‍ ശ്രീ സാംബദേവനോട് ചോദിച്ചു: ڇഇതിനു ചെലവെത്ര?ڈ 250 പേര്‍ക്കുള്ള ഒരു വള്ളസദ്യ നടത്തുന്നതിന് നേര്‍ച്ചക്കാര്‍  പള്ളിയോട സേവാസംഘത്തിനു നല്‍കേണ്ട തുക ഇപ്പോള്‍ ഒരു ലക്ഷം രൂപയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആളുകളുടെ എണ്ണം കൂട്ടണമെങ്കില്‍ ഒരാള്‍ക്ക് 225 രൂപ വീതം കൂടുതലായി നല്‍കണം. സംഘമാകട്ടെ, സദ്യപ്പന്തല്‍ ഓരോന്നിനും  പ്രതിദിനം  17500 രൂപ വീതം  വാടകയായി   ദേവസ്വം ബോര്‍ഡിനു നല്‍കണം. സംഘവും ബോര്‍ഡും പരസ്പരധാരണയും സഹകരണവും പുലര്‍ത്തി വിജയകരമായി പ്രവര്‍ത്തിച്ചു പോരുന്നു എന്നുള്ളത് ഭക്തന്മാരുടെ ഭാഗ്യം, ഭഗവാന്‍റെ അനുഗ്രഹം! ഈ സീസണില്‍ വള്ളസദ്യ ഉണ്ണാനെത്തിയ 1.70 ലക്ഷം പേരില്‍  ഒരാളാകാന്‍ എനിക്കു സാധിച്ചു എന്നുള്ളത്  എന്‍റെ മഹാഭാഗ്യം!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.