PRAVASI

ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നവരോ?

Blog Image

ഡാളസ്: ക്രൈസ്തവ  ലോകമെങ്ങും  യേശുക്രിസ്തുവിൻറെ  ഉയർത്തെഴുന്നേൽപ്പിൻറെ മഹത്വം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിൻറെ ചേതനയറ്റ ശരീരത്തിൽ സുഗന്ധ വർഗ്ഗങ്ങൾ പുരട്ടുവാൻ അതിരാവിലെ കല്ലറക്കൽ എത്തിയ സ്ത്രീകളോട് മിന്നുന്ന വസ്ത്രം ധരിച്ചും കൊണ്ട്  വന്ന ദൂതൻമാർ ചോദിച്ച  അത്ഭുതകരമായ ചോദ്യം നൂറ്റാണ്ടുകൾക്കുശേഷം ഇന്നും പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളുന്നു   "ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് "(ലൂക്കോസ് 24:5). യേശു ഉയർത്തെഴുന്നേറ്റു എന്ന സത്യത്തെ തിരിച്ചറിയാതെ ഉയർത്തെഴുന്നേറ്റ യേശുവിൻറെ ആത്മാവ് എന്നും ശക്തിയോടെ മനുഷ്യഹൃദയങ്ങളോട് ഇടപെടുന്നുണ്ട് എന്ന് തിരിച്ചറിവില്ലാതെ ജീവിതമാകുന്ന  കല്ലറയുടെ അന്ധകാരത്തിൽ ആത്മീയ ജീവൻ തേടുകയാണ് മനുഷ്യവർഗ്ഗം. 

മരിച്ചവരുടെ ഇടയിൽ ഉള്ള അന്വേഷണം അഥവാ ശവക്കല്ലറയ്ക്ക് ഉള്ളിലുള്ള  ജീവിത അനുഭവത്തിൽ കൂടി കടന്നുപോകുന്നത്  മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെ അനുഭവമാണ്. അവിടം ജീവൻറെ തുടിപ്പ് കാണുവാൻ സാധിക്കാത്ത ഇടമാണ് അവിടം ഒറ്റപ്പെടലിൻറെ ഇടമാണ് അവിടം നാറ്റം പടരുന്ന ജീവിത അനുഭവത്തിൻറെ ഇടമാണ് അവിടം ബന്ധനങ്ങളുടെ ഒരു വലിയ ഗുഹയാണ് അവിടം ഒരിക്കലും പുറത്തു വരുവാൻ ആകില്ല എന്ന് തോന്നലുകളുടെ ഒരു അടച്ചുപൂട്ടൽ ആണ്. എന്നാൽ യേശുക്രിസ്തുവിൻറെ ഉയർത്തെഴുനേൽപ്പ് ലോകത്തോട് ഇപ്രകാരം വിളിച്ചു പറയുന്നു, എത്ര വലിയ  ഏകാന്തതയിൽ ആയാലും അന്ധകാരത്തിൽ ആയാലും ബന്ധനത്തിൽ ആയാലും കഷ്ടതയിൽ ആയാലും അവിടെ നിന്നും നമുക്ക്‌  ഒരു ഉയർപ്പുണ്ട് ഒരു പ്രത്യാശയുണ്ട്. കല്ലറയ്ക്ക് തുല്യമായ നിത്യ മരണത്തിൻറെ ജീവിത അനുഭവത്തിൽ നിന്നും നിത്യജീവനിലേക്കും 
അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കും ഉള്ള ആഹ്വാനമാണ് ജീവനുള്ളവനെ അന്വേഷിക്കുക എന്നുള്ളത്.

ചഞ്ചലമായ മനസ്സോടെ മുഖം കുനിച്ചു നിന്ന് സ്ത്രീകളോട് ദൂതന്മാർ ജീവനുള്ളവന്  മരിച്ചവരുടെ ഇടയിൽ അന്വേഷിക്കേണ്ടതില്ല എന്ന് ഉപദേശിച്ചു. അവരെ ഉണർത്തി ജീവൻ തരുന്ന  ക്രിസ്തുവിനെ അന്വേഷിക്കുവാൻ അവരെ പ്രേരിതരാക്കി. അവരുടെ അന്വേഷണത്തിന് ഒടുവിൽ ഉയർത്തെഴുന്നേറ്റ കർത്താവിനെ അവർ കണ്ടുമുട്ടി. യേശുവിൻറെ ശിഷ്യന്മാരും അന്വേഷിച്ചു അവരുടെ സംശയത്തിൻറെയും ഭയത്തിൻറെയും  ഒടുവിൽ അവരും ജീവനുള്ള കർത്താവിന്  കണ്ടുമുട്ടി. ആദിമസഭയിലെ വിശുദ്ധന്മാരും വിശ്വാസികളും ഈ അറിയിപ്പിലെ  ജീവനുള്ള അവനെ കണ്ടെത്തി.  
സംശയമെന്ന  കല്ലറയുടെ ജീവിത അനുഭവത്തിൽ കൂടി കടന്നുപോയ തോമസ് എന്ന ശിഷ്യൻ ഉയർത്തെഴുന്നേറ്റ ജീവനുള്ള യേശുവിന് കണ്ടമാത്രയിൽ "എൻറെ കർത്താവും എൻറെ ദൈവം ആയുള്ളോവേ" എന്ന്  പ്രഖ്യാപിച്ച്‌   ജീവിത അവസാനം വരെ ആ ജീവന് പിന്തുടർന്നു. ബുദ്ധി, ആത്മവിശ്വാസം, ധനം, അധികാരം എന്നിവയിൽ അഭിമാനിച്ചിരുന്ന അപ്പോസ്തലനായ വിശുദ്ധ പൗലോസ് ജീവനുള്ളവന് അന്വേഷിച്ച് കണ്ടെത്തിയപ്പോൾ ജീവിതത്തിൻറെ കാഴ്ചപ്പാടുകൾ മാറി ഇപ്രകാരം പ്രഖ്യാപിച്ചു"ഞാൻ അവൻറെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ്  എന്നു എണ്ണുന്നു ". 

ഉയർത്തെഴുന്നേറ്റ കർത്താവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തിൽ രൂപാന്തരം സംഭവിക്കുന്നു,അവർക്ക് പ്രത്യാശയുടെ സന്തോഷം അനുഭവവേദ്യമാകുന്നു. ആരെല്ലാം ജീവനുള്ളവനെ സത്യസന്ധമായി അന്വേഷിച്ചുവോ അവർ എല്ലാവരും കല്ലറയ്ക്കുള്ളിൽ അന്ധകാരത്തെ പരാജയപ്പെടുത്തുന്ന മരണത്തെ ജയിച്ച യേശുവിനെ കണ്ടെത്തി. ഈ വർഷത്തെ  ഉയർപ്പു ഞായർ ആഘോഷങ്ങൾ ജീവൻ തരുന്ന കർത്താവിനെ അന്വേഷിച്ചു കണ്ടെത്തുന്ന പ്രത്യാശയോടെ അനുഭവമായി തീരട്ടെ. "അവനെ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും"(മത്തായി 7:7

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.