PRAVASI

'കാസ' രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു ; എൻഡിഎയുടെ ഭാഗമായേക്കും

Blog Image

കൊച്ചി: ക്രിസ്ത്യന്‍ സംഘടനയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആൻഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്ററിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോർട്ട് ചെയ്തത് .

‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന്‍ പീറ്റര്‍ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയുണ്ടെന്നും കാസ അവകാശപ്പെടുന്നു. ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ലവ് ജിഹാദിന്റെ ഇരയാണ് താനെന്നും കെവിന്‍ പീറ്റര്‍ പറയുന്നു. തന്റെ ഒരേയൊരു മകള്‍ മുസ്ലീം യുവാവിനെ കല്യാണം കഴിക്കുന്നതിന് വേണ്ടി 2016ല്‍ വീട് വിട്ടുപോയി. അതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും കെവിന്‍ പീറ്റര്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാധാന്യം നഷ്ടമായെന്നും കാസ വിലയിരുത്തുന്നു. കേരള കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമാണ്. ഇതിന്റെ ഭാവി പ്രതീക്ഷ നല്‍കുന്നതല്ല. പഴയ പ്രതാപം കേരള കോണ്‍ഗ്രസ് വീണ്ടെടുക്കുമെന്ന് കരുതുന്നില്ലെന്നും കെവിന്‍ പറഞ്ഞു.

നിലവിലെ ധാരണ അനുസരിച്ച് കാസ ഒരു സ്വതന്ത്ര സംവിധാനമായി തുടരും. എന്നാല്‍ പുതിയ പാര്‍ട്ടി ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി നിലക്കൊള്ളും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. അത് സ്വതന്ത്രരാകാം, രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാവാം. ഇവര്‍ ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അനുകൂലമായ സമീപനം കാസ സ്വീകരിക്കും. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു.
സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാര്‍ മേഖലയിലുമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ ഉള്ളത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന മുറയ്ക്ക് തന്നെ ഈ കമ്മിറ്റികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മറ്റൊരു കാസ പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ‌ പറയുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.