അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷെ ആദ്യമായി ന്യൂജേഴ്സിയിലെ ഒരു ക്രൈസ്തവ സഹോദരൻ്റെ ഭവനത്തിൽ ഇവിടുത്തെ മുസ്ലിം കുടംബങ്ങളെ ആദരിച്ച് പരിശുദ്ധ റംസാൻ മാസത്തിൽ ഹൈന്ദവ - ക്രിസ്തീയ സഹോദരങ്ങൾ ഒത്തു ചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അത്യന്തം ഹൃദ്യവും ആനന്ദകരവുമായ അത്യപൂർവ്വ അനുഭവമായി.
നമ്മുടെ നാട്ടിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയുള്ള നോമ്പുതുറകൾക്ക് പുറമെ പള്ളികളിലും, പൊതു സ്ഥലങ്ങളിലും നടക്കുന്ന നോമ്പ് തുറകൾ സർവ്വ സാധാരണമാണ്. കൂടാതെ ഇതര മതസ്തരായ സഹോദരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹ ഇഫ്താറുകളും , അമുസ്ലിം സഹോദരന്മാരുടെ നേതൃത്വത്തിൽ അവരുടെ വീടുകളിലും , ചില സ്ഥലങ്ങളിൽ ചർച്ചകളിലും അമ്പലങ്ങളിലും വരെ നടക്കുന്ന ചെറുതും വലുതുമായ നോമ്പ് തുറകൾ ഈ അടുത്ത കാലം വരെ ഒരു വാർത്തയേ ആയിരുന്നില്ല. എന്നാൽ, ഈ കെട്ട കാലഘട്ടത്തിൽ ആവശ്യമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും, വാദ പ്രതിവാദങ്ങളും കാരണം നമ്മുടെ പരമ്പരാഗതമായ സ്നേഹവും ബഹുമാനവും ഐക്യവും ധാരണയും കുറച്ചു കൈമോശം വന്നു തുടങ്ങി എന്ന് സംശയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് ഒരു അമേരിക്കൻ മലയാളി സുഹൃത്ത് മറ്റു അമുസ്ലിം കുടുംബങ്ങളെ കൂടി ചേർത്ത് നാട്ടിലെ പരമ്പരാഗത രീതിയിൽ ഇഫ്താർ നടത്തിയത്. ബാങ്ക് വിളിയും, നോമ്പ് തുറയും , നമസ്കാരവും കേരളീയ ഇഫ്താർ വിഭവങ്ങൾ ചേർന്ന സൽക്കാരവും കൂടിയാകുമ്പോൾ അതൊരു പുതുമ നിറഞ്ഞ നന്മയും സ്നേഹവും കൈകോർത്തപ്പോഴാണ് അത് സന്തോഷം പകരുന്ന വാർത്തയായി മാറുന്നത്.
കഴിഞ്ഞ വർഷം
ന്യൂജേഴ്സിയിൽ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകൾ ഒരുമിച്ച് ചേർന്ന് സമുദായ സംഘടന ഭേദമില്ലാതെ എല്ലാ മേഖലയിലും ഉള്ളവരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഇൻ്റർഫെയ്ത്ത് ഇഫ്താർ സംഗമത്തിൽ വച്ചാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ തൃശൂർ സ്വദേശിയും മലയാളി വ്യവസായിയുമായ സുഹൃത്ത് അനിൽ പുത്തഞ്ചിറ ഒരു ആശയം പരസ്യമായി പ്രകടിപ്പിച്ചത്. അടുത്ത വർഷത്തെ നോമ്പുതുറ എൻ്റെ വീട്ടിൽ വച്ചായിരിക്കും എന്ന ആ പ്രഖ്യാപനം അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ, ഞാൻ നാട്ടിൽ നിന്നും വന്ന് ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ലാത്ത സമയത്ത് മാർച്ച് 9ന് ന്യൂജേഴ്സിയിൽ തൻ്റെ വീട്ടിൽ വച്ച് നടക്കുന്ന ഇഫ്താറിന് ക്ഷണിച്ചുകൊണ്ട് അനിൽ പുത്തഞ്ചിറയുടെ സന്ദേശം വന്നപ്പോഴാണ് വീണ്ടും കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ ഇഫ്താർ ആഗ്രഹം ഓർമ്മവന്നത്. യാത്രാദൂരവും, നാട്ടിൽ നിന്നും വന്ന ശാരീരിക ക്ഷീണവും കണക്കിലെടുത്ത് പോകാൻ മടിച്ചെങ്കിലും ന്യൂജേഴ്സിയിൽ തന്നെയുള്ള സുഹൃത്തും വ്യവസായിയും സഹ പ്രവർത്തകനുമായ കുണ്ടോട്ടി സ്വദേശി ഹനീഫ എരഞ്ഞിക്കലിൻ്റെ നിർബന്ധവും, ന്യൂയോർക്കിലെ എൻ്റെ അയൽവാസി അബ്ദുക്ക ( അബ്ദു വെട്ടിക്കാട്, ആലുവ) സഹയാത്രികനായി കൂടെ വരാം എന്ന വാഗ്ദാനവും കൂടി ആയപ്പോഴും അനിലിൻ്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും കാരണം പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഒന്നര മണിക്കൂർ യാത്ര ചെയ്തു നേരത്തെ തന്നെ ന്യൂജേഴ്സിയിലെ സുഹൃത്ത് സമദ്ക്ക നിർദ്ദേശിച്ച പ്രകാരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ അനിലിന്റെ വിശാലമായ വീട്ടുമുറ്റത്ത് എത്തി. അപ്പോൾ തന്നെ ഇഫ്താർ ചടങ്ങിന്റെ വലിപ്പവും പൊലിമയും ബോധ്യപ്പെട്ടു. റംസാനോടനുബന്ധിച്ച് അനിലിൻ്റെ മനോഹരമായ മാൻഷൻ മുഴുവൻ ദീപാലകൃതമാക്കിയിരുന്നു, അകത്തെ ചുമരുകൾ റംസാൻ സന്ദേശങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നൂറുക്കണക്കിന് മുസ്ലിം കുടുംബങ്ങൾക്ക് പുറമെ ധാരാളം അമുസ്ലിം കുടുംബങ്ങളും അമേരിക്കയിലെ ഫോമ , ഫൊക്കാന, ഡബ്ലിയു .എം എഫ് , വേൾഡ് മലയാളി കൗൺസിൽ, കാഞ്ച്, മഞ്ച്, കെ.എം.സി സി, നന്മ, ഇന്ത്യാ പ്രസ് ക്ലബ്, എം എം എൻ ജെ , എം.എം.പി.എ എല്ലാ പ്രമുഖ സംഘടനകളുടെയും മുതിർന്ന നേതാക്കളും മാധ്യമ പ്രവർത്തകരും എല്ലാം അടങ്ങിയ മനോഹരമായ ആൾക്കൂട്ടം. അനിലിന്റെ കൂടെ തൻറെ ഹൈന്ദവ- കൃസ്ത്വൽ സുഹൃത്തുക്കൾ ഞങ്ങളും കൂടി ഇതിൽ ഭാഗമാകുന്നു എന്ന് പറഞ്ഞു ഒത്തുചേർന്നപ്പോൾ അമേരിക്കയിലെ മലയാളികൾക്കിടയിൽ സമൂഹ നോമ്പ് തുറ ഒരു മഹാസംഭവമായി മാറുകയായിരുന്നു. മുസ്ലിം വിശ്വാസികളെ മാനിച്ചും ബഹുമാനിച്ചും പ്രാർത്ഥനയ്ക്കുള്ള ഒരുക്കത്തിലും ഭക്ഷണത്തിലും അടക്കം ഓരോ അംശത്തിലും അവർ നടത്തിയ കരുതലും ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. പതിവായി എപ്പോഴും ഭക്ഷണം ഒരുക്കുന്നതിൽ അധ്വാനിക്കുന്ന മുസ്ലിം സഹോദരിമാർക്ക് വിശ്രമം പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും സ്വയം മുന്നോട്ട് വന്ന് മലബാറിലെ വിഭവസമൃദ്ധമായ നോമ്പുതുറയെ വെല്ലുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്. അനിലിനും , ഭാര്യ റീനയ്ക്കും മകൻ അലനും പുറമെ അവിടെ കൂടിയ ഹൈന്ദവ-ക്രിസ്ത്യൻ - സിക്ക് കുടുംബാംഗങ്ങൾ വരെ വളരെ കരുതലോടും സ്നേഹാദരവുകളോടും കൂടിയായിരുന്നു വ്രതം അനുഷ്ടിച്ചു വന്ന അതിഥികളെ സ്വീകരിച്ചിരുത്തിയിരുന്നത്.
ഇഷാക് ഷബീറിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച ഇഫ്താർ ചടങ്ങിൽ ആതിഥേയൻ അനിൽ പുത്തഞ്ചിറ അതിഥികൾക്ക് സ്വാഗതമോതി. ഇങ്ങനെ ഒരു വേദിയൊരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. നന്മയും കരുതലും സ്നേഹവും മത സൗഹാർദവും ഊട്ടിയുറപ്പിക്കുന്ന അനിലിൻ്റെയും കുടുംബത്തിൻ്റെയും ഈ മാതൃക എല്ലാവരും പിൻ പറ്റണമെന്ന അബ്ദു സമദ് പൊനേരിയുടെ റംസാൻ സന്ദേശം കാലികമായിരുന്നു. തുടർന്നു നാട്ടിൽ പങ്കെടുത്തിട്ടുള്ള സമൂഹ ഇഫ്താറുകളിൽ നിന്നും മത സൗഹാർദ്ദ വേദികളിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന ഒന്നാണ് അനിലിൻ്റെയും കുടുംബത്തിൻ്റെയും നേതൃത്വത്തിൽ അമേരിക്കയിലെ അമുസ്ലിം സുഹൃത്തുക്കൾ ചേർന്നു സംഘടിപ്പിച്ച ഇന്നത്തെ നോമ്പ് തുറ ഹൃദ്യവും ചരിത്രപരവുമായ അനുഭവമാണ് എന്നും കലുഷിതമായ ഈ കാലഘട്ടത്തിൽ തെറ്റിദ്ധാരണകൾ ധാരാളം പ്രചരിക്കുന്ന അവസരത്തിൽ സ്നേഹമസൃണമായ ഇത്തരം കൂടിച്ചേരലുകളും ഇഫ്താർ മീറ്റുകളും ലോകത്തിന് തന്നെ മാതൃകയാണ് എന്നും ഈയുള്ളവൻ (യു.എ നസീർ) പറഞ്ഞപ്പോൾ തുടർന്നു സംസാരിച്ച നേതാക്കളും ജേർണലിസ്റ്റുകളും വ്യവസായ പ്രമുഖരും ഈ വിഷയങ്ങളിലൂന്നിയാണ് സംസാരിച്ചത്. ഫോമയുടെ മുൻ പ്രസിഡണ്ട് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളി, ഡബ്ലിയു എം എഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ഡോക്ടർ ആനി ലിബു, ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻ്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ഇ മലയാളി മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ , പ്രമുഖ പൊതു പ്രവർത്തകനും വ്യവസായികളുമായ ദിലീപ് വർഗ്ഗീസ്, ഹനീഫ് എരഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങ് കൃത്യവും ഭംഗിയുമാക്കുന്നതിൽ കോഴിക്കോട്ടുകാരി കൂടി ആയിട്ടുള്ള സ്വപ്ന രാജേഷ് മികവ് കാട്ടി. പരിശുദ്ധ റംസാൻ കാലത്ത് തങ്ങൾക്ക് ഒരു ദിവസം വിശ്രമം നൽകി ഭംഗിയായി നോമ്പു തുറപ്പിച്ചതിന് ഷാഹിനി ഹനീഫിൻ്റെ നേതൃത്വത്തിൽ മുസ്ലിം സഹോദരിമാർ അനിലിനും ഭാര്യ റീനക്കും ഉപഹാരം സമ്മാനിച്ചു. മഗ്രിബ് നമസ്ക്കാരത്തിനു ശേഷം
വിഭവസമൃദ്ധമായ ഭക്ഷണ സമയം മേമ്പോടിയായി ," ആയിരം കാതമകലെയാണെങ്കിലും " എന്നുതുടങ്ങുന്ന ഗാനം പ്രമുഖ ഗായകൻ സിജി ആനന്ദിൻ്റെ ഗസലും വേറിട്ട അനുഭവം സമ്മാനിച്ചു.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഊതി പെരുപ്പിച്ചു കാട്ടി ചിലരുടെ തെറ്റായ ആരോപണങ്ങളും വിമർശനങ്ങളും സമുദായങ്ങൾ തമ്മിൽ ആവശ്യമില്ലാത്ത ഒരു അകൽച്ച ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം ഒത്തു ചേരലുകൾ മത സൗഹാർദവും ഐക്യവും സന്തോഷവും വീണ്ടെടുക്കുമെന്നും, അമേരിക്കയിൽ തുടങ്ങി വെച്ച ഇത്തരം സൗഹാർദ കൂട്ടായ്മകൾ നമ്മുടെ നാട്ടിലടക്കം എല്ലാവരും പിന്തുടരണമെന്നും പരിപാടിയിൽ ആദ്യാവസാനം പങ്കു ചേർന്ന പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകനും , ഇ മലയാളി ചീഫ് എഡിറ്റുമായ ജോർജ് ജോസഫ് യൂ ട്യൂബ് ബ്ലോഗിൽ വ്യക്തമാക്കി . കൂടുതൽ ഉണർവും ഐക്യവും സുരക്ഷിത ബോധവും പകർന്ന ഒരു ചടങ്ങായിരുന്നു പ്രിയ സുഹൃത്ത് അനിലിന്റെ ഈ നോമ്പുതുറ സംഗമം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാവണമെന്നും എല്ലാവർഷവും നമുക്ക് ഇത് തുടരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെയുമാണ് അവിടെനിന്ന് എല്ലാവരും പിരിഞ്ഞത്.