കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എ കെ ബാലൻ പതാക ഉയർത്തി. പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.
സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരാനാണ് സാധ്യത.
മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം. 44 നിരീക്ഷകരുൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. 30 വർഷത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലം ആതിഥ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. 1971,1995 വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നത്. 9 ന് 25000 റെഡ് വോളണ്ടിയർമാരുടെ മാർച്ച്, രണ്ടര ലക്ഷം പേർ അണിനിരക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.