കാസര്‍കോട്: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി കാസര്‍കോട് തടിയന്‍കൊവ്വല്‍ സ്വദേശി അമ്പിളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം. സഹപാഠികൾ അമ്പിളിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഇന്‍റേണൽ മാർക്ക് കുറക്കുമെന്ന് ഭയന്ന് പരാതിപ്പെടരുതെന്ന് അമ്പിളി പറഞ്ഞതിനാലാണ് ഇതുവരെ പരാതി പറയാതിരുന്നതെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.ചില സഹപാഠികൾ അമ്പിളിയെ മാനസികമായി പീഡിപ്പിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും വീട്ടുകാര്‍ ആരോപിച്ചു. അമ്പിളിയുടെ പേരിൽ ആത്മഹത്യാ കുറിപ്പ് എഴുതി അവളുടെ ഡയറിയിൽ വച്ചു. അമ്മയോടും ഇളയമ്മയോടും അമ്മാവനോടും ഇക്കാര്യം അമ്പിളി സൂചിപ്പിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. പരാതിപ്പെടരുതെന്നും ഇൻ്റേണൽ മാർക്ക് കുറക്കുമെന്നും തന്‍റെ എംബിബിസ് പഠനം തന്നെ ഇല്ലാതാകുമെന്നും അമ്പിളി പറഞ്ഞു.ഇതാണ് പരാതിപ്പെടാതിരിക്കാൻ കാരണം. കോളേജ് അധികൃതർ ഇതുവരെ ഫോൺ ചെയ്ത് പോലും അന്വേഷിച്ചില്ല. കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അമ്പിളിയുടെ ബന്ധുവായ സജേഷ് ആവശ്യപ്പെട്ടു.