PRAVASI

മ്യാൻമറിൽ മരിച്ചവരുടെ എണ്ണം കൂടുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്

Blog Image

ബാങ്കോക്ക്: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു.അതേസമയം, ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലർച്ചെ മൂന്നു മണിക്കാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങൾ കൂടി മ്യാൻമറിലേക്കയച്ചു.15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും. 

ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.