PRAVASI

"ദൈവത്തിൻറെ പൊതിച്ചോറ്" കഥാസമാഹാരം - പുസ്തക പ്രകാശനം ഏപ്രിൽ 19 ശനി ന്യൂയോർക്ക് പോർട്ട് ചെസ്റ്ററിൽ

Blog Image

ന്യൂയോർക്ക്:  അമേരിക്കൻ ജീവിത പശ്ചാത്തലത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജിവിയ്ക്കുന്ന സഹജീവികൾ കടന്നു പോകുന്ന  ജീവിതാനുഭവങ്ങളും അവരുടെ നൊമ്പരങ്ങളും പരിഭവങ്ങളും വായനക്കാരിലേക്ക് എത്തിക്കുവാൻ അമേരിക്കൻ പ്രവാസിയായ രാജു ചിറമണ്ണിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ "ദൈവത്തിൻറെ പൊതിച്ചോറ്" എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യപ്പെടുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയിൽ കുടിയേറി താമസിക്കുന്ന രാജു ചിറമണ്ണിൽ കുടിയേറ്റ അമേരിക്കൻ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ്. തൻറെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നും ചുറ്റുപാടും താമസിക്കുന്ന സഹജീവികളുടെ ജീവിത ശൈലികളുടെ നിരീക്ഷണത്തിൽ  നിന്നും പകർത്തിയെടുത്ത പച്ചയായ ജീവിതമാണ്  ഈ കഥാ സമാഹാരത്തിലൂടെ രാജു വരച്ചു കാണിക്കുന്നത്.

ഏപ്രിൽ 19 ശനിയാഴ്ച ഉച്ചക്ക് 12-ന് ന്യൂയോർക്ക് പോർട്ട് ചെസ്റ്ററിലുള്ള എബനേസർ മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ  (406 King Street, Portchester, New York) നടത്തപ്പെടുന്ന പുസ്തക പ്രകാശന ചടങ്ങിൽ സമൂഹത്തിലെ പ്രമുഖരായ ക്ഷണിക്കപ്പെട്ട പലരും പങ്കെടുക്കും.  കേരളത്തിന് വെളിയിൽ ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലും അമേരിക്കയിലുമായി  അര നൂറ്റാണ്ടോളം കഴിഞ്ഞ ജീവിതാനുഭവത്തിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങൾ കഥാരൂപേണ വായനക്കാരിൽ എത്തിക്കുവാൻ സമർഥനായ എഴുത്തുകാരനാണ് രാജു ചിറമണ്ണിൽ.

"കല്ലും മണ്ണും മുള്ളും  കരടും നിറഞ്ഞ ചാലിലൂടെ ഒരു പുഴ ഒഴുകുന്നത് അതിന്റെ ലക്ഷ്യത്തിലേക്കാണല്ലോ.അതിൻറെ ഒഴുക്കിനിടയിൽ പുഴ സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നു. ഈ ഒഴുക്ക് തുടരുന്ന ഒരു പ്രക്രിയയാണ്. നമ്മുടെ ജീവിതവും പുഴ ഒഴുകുന്നതുപോലെയൊരു പ്രയാണമാണ്. ആ പ്രയാണത്തിലെ ചില മുഹൂർത്തങ്ങളാണ് ഈ കഥാ സമാഹാരത്തിലൂടെ ഓരോ കഥയിലും രാജു ചിറമണ്ണിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും സൗരഭ്യം വിടരുന്ന ഇരുപത് കഥകൾ." പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. പോൾ മണലിലിന്റെ വാക്കുകളാണിവ. ലോഗോസ് പബ്ലിക്കേഷൻസാണ് ഈ കഥാ സമാഹാരത്തിന്റെ പ്രസാധകർ.

കൂടുതൽ വിവരങ്ങൾക്ക്‌ രാജു ചിറമണ്ണിലുമായി ബന്ധപ്പെടുക : +1 (914) 473- 3664.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.