നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പിഎസ്‌സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷൻ എന്ന കാര്യം നാട്ടിൽ പാട്ടാണെന്നും സിനിമയിലെ ഒരു സൂപ്പർ താരം ഈ ചാക്കോയുടെ സംരക്ഷകനാണെന്ന ആക്ഷേപവുമുണ്ടെന്ന് കെ. എസ്. രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. മയക്കുമരുന്നു കേസിലെ ശിക്ഷയിൽ നിന്ന് ഷൈനിനെ പൊലീസ് രക്ഷപ്പെടുത്തി എന്നാണ് കോടതി വിധിയിൽ തെളിയുന്നത്. മയക്കുമരുന്നു കേസ് അന്വേഷിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് നടനെതിരെ കെ. എസ്. രാധാകൃഷ്ണൻ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാന സർക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷൻ എന്ന കാര്യം നാട്ടിൽ പാട്ടാണ്. മലയാള സിനിമയിലെ ഒരു സൂപ്പർ താരം ഈ ചാക്കോയുടെ സംരക്ഷകനാണെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാത്രി ഒരു ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞ് പോലീസ് എത്തുമ്പോൾ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ഓടി രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പാണ് 2015ലെ ഒരു മയക്കുമരുന്നു കേസിൽ നിന്ന് ഇയാൾ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്.രക്ഷപ്പെട്ടു എന്നതല്ല പോലീസ് ഇയാളെ രക്ഷപ്പെടുത്തി എന്നാണ് കോടതി വിധിയിൽ തെളിയുന്നത്. കാരണം മയക്കുമരുന്നു കേസ് അന്വേഷിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷിച്ചതും. അതിന് വേണ്ട ഒത്താശ ചെയ്തത് ടോം ചാക്കോയുടെ ആപദ്ബാന്ധവനായ ഈ സൂപ്പർ താരമാണ് എന്ന് അന്നേ കേട്ടിരുന്നു. കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടിൽ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്ന് അന്നേ പാട്ടായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. സിനിമയിലെ സൂപ്പർ താരങ്ങളേയും സിനിമ സംഘടനകളേയും ഭയക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. സിനിമാ നിർമ്മാണത്തിൽ മയക്കുമരുന്നു മാഫിയ ആളും അർത്ഥവും നൽകി പങ്കെടുക്കുന്നുണ്ട് എന്ന ആക്ഷേപവും കുറെ കാലമായി കേൾക്കുന്നുണ്ട്. അമ്മ, ഫെഫ്ക എന്നീ സിനിമ പ്രവർത്തക സംഘടനകൾക്കും ഇക്കാര്യം അറിയാവുന്നതാണ്. അവരാരും തന്നെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരു ഭാഗത്ത് സർക്കാരും ബഹുജന സംഘടനകളും വൻ രീതിയിൽ മയക്കുമരുന്നു വിപത്തിന് എതിരെ പ്രചാരണവും നിവാരണ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കെയാണ് നഗര മദ്ധ്യത്തിൽ സിനിമക്കാർ മയക്കുമരുന്നു ഇടപാടുകൾ നടക്കുന്നത്. അവരുടെ രക്ഷകരായി മന്ത്രിയും രാഷ്ട്രീയ നേതൃത്വവും താരപ്രമുഖരും ഒത്തു ചേരുന്നു എന്നത് ഭയജനകമാണ്.
മാത്രമല്ല കൊച്ചി നഗരത്തിലെ ചില അഭിഭാഷകരും പോലീസും ചേർന്ന് ഇക്കാര്യത്തിൽ ഒത്തുകളിക്കുന്നതായും ആരോപണുണ്ട്. അധികാരത്തിൻ്റെ ഇടനാഴികളിൽ അടക്കിപ്പിടിച്ചല്ലാതെ തന്നെ ഇതു സംബന്ധമായ ഫലിത സംസാരങ്ങളും നടക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോ ഒരു സിനിമാസെറ്റിൽ ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന നടിയോട് അപമര്യാദ കാണിച്ചതായി ആക്ഷേപുണ്ട്. മയക്കുമരുന്ന് സേവിച്ച് അഴിഞ്ഞാടാനും ഒപ്പം അഭിനയിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു രസിക്കാനും സിനിമ നിർമ്മാതാവും സംവിധായകനും എന്തിനാണ് ഈ നടന് സംരക്ഷണം നൽകിയത്. നമ്മുടെ ഭരണ നേതൃത്വവും രാഷ്ട്രീയ കക്ഷി നേതൃത്വവും താരസംഘടനകളും എന്തുകൊണ്ടാണ് മയക്കുമരുന്നു മാഫിയയെ ഭയക്കുന്നത്. കള്ളക്കടത്തും കരിഞ്ചന്തയും കള്ളപ്പണവും ഹാജി മസ്താൻ്റെ കാലം മുതൽ സിനിമയുടെ ഭാഗമാണ്. ഇപ്പോൾ മയക്കുമരുന്നും തീവ്രവാദി സംഘങ്ങളും സിനിമയിൽ ഇടപെടുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ സജീവ താല്പര്യം എടുക്കണം. അമ്മ സംഘടനയുടെ മുമ്പാകെ ഒരു നടി നൽകിയ സ്ത്രീപീഡന പരാതി ഉണ്ട്. അതൊരു ക്രിമിനൽ കുറ്റമാണ്. ഒരു ക്രിമിനൽ കുറ്റത്തെക്കുറിച്ചു അറിവ് ലഭിച്ചാൽ പോലീസിൽ അറിയിക്കുക എന്നത് നിയമപരമായ ബാധ്യതയാണ്. താര സംഘടന എന്തുകൊണ്ടാണ് ഇക്കാര്യം പോലീസിൽ അറിയിക്കാത്തത്? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)