ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഞാൻ ഒരു കാര്യം പങ്കുവെക്കുകയാണ് ..
പൊതു പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ഞാൻ കാത്തുസൂക്ഷിക്കുന്ന "വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം"എന്ന എൻ്റെ ജീവിത ആദർശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചത്.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടനാൾ മുതൽ എനിക്ക് ലഭിച്ച ശമ്പളം ഒരു രൂപ പോലും ഞാൻ എടുത്തിരുന്നില്ല. അവ കാത്തുസൂക്ഷിച്ചു വെച്ച് അതിൽനിന്നും 25 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനത്തിനായി ചിലവഴിക്കാൻ പോകുന്ന വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു.
നമ്മുടെ നിയോജക മണ്ഡലത്തിലെ നിർധനരായ ആളുകൾക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകുന്നതിനാണ് ഈ തുക വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനായി 'സ്പർശം' എന്ന ചാരിറ്റി ഓർഗനൈസേഷൻ മുഖേന ഈ തുക സമൂഹത്തിനായി സമർപ്പിക്കുന്നു.
രണ്ടു പുതിയ കാരുണ്യ പദ്ധതികളാണ് ഈ തുക ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മുഴുവൻ ഡയാലിസിസ് പേഷ്യൻസിനുമായി പ്രതിമാസ സഹായ കൂപ്പൺ.
പ്രായമായ മാതാപിതാക്കളുടെയും, ആശ്രയമറ്റവരുടെയും ആരോഗ്യ മാനസിക പരിരക്ഷകൾ ഉറപ്പുവരുത്തുന്നതിനായി വീടുകളിൽ എത്തി ശുശ്രൂഷ ഉറപ്പാക്കുന്ന ഒരു മൊബൈൽ പാലിയേറ്റീവ് കെയർ യൂണിറ്റ്.
ഈ എളിയ പദ്ധതിക്ക് നിങ്ങളുടെ പരിപൂർണ്ണ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്..
ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മൊബൈൽ പാലിയേറ്റീവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫും മാർച്ച് 15- തീയതി വൈകുന്നേരം 4 മണിക്ക് മൂവാറ്റുപുഴ ആരക്കുഴ റോഡിൽ ഉള്ള ക്യൂൻസ് ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യനായ കർണാടക റവന്യൂ മന്ത്രി ശ്രീ. കൃഷ്ണ ഭൈര ഗൗഡ നിർവഹിക്കുന്നതാണ്.
സന്നദ്ധ സേവന പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒഴിച്ചുകൂടാൻ ആവാത്ത ഭാഗമായാണ് ഞാൻ കാണുന്നത്. നാളിതുവരെ പുലർത്തി വന്ന സുതാര്യതയും, സത്യസന്ധതയും നിലനിർത്തി സമൂഹത്തിന്റെ കൂടി പിന്തുണ തേടിക്കൊണ്ട് ഈ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മുന്നോട്ടു കൊണ്ടുപോകാനും ആണ് ആഗ്രഹിക്കുന്നത്..
നിങ്ങളുടെ പിന്തുണയും സാന്നിധ്യവും അകമഴിഞ്ഞ പ്രാർത്ഥനയും ഉണ്ടാവുമല്ലോ..
ഈ ചടങ്ങിലേക്ക് താങ്കളെ സകുടുംബം ഞാൻ വ്യക്തിപരമായി ക്ഷണിക്കുകയാണ്..
എന്ന് സ്നേഹത്തോടെ
മാത്യു കുഴൽനാടൻ എംഎൽഎ
NB:- ഈ പദ്ധതിയെ സുമനസാലെ സാമ്പത്തികമായി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയിച്ചാൽ, അവർക്ക് ഓൺലൈനായി ചെയ്യാനുള്ള സൗകര്യം നൽകുന്നതാണ്. നന്മയും കാരുണ്യവും നമുക്കൊന്നിച്ച് പ്രാവർത്തികമാക്കാം..
സാബു ജോൺ