റെക്കോഡുകൾ തകർത്ത് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് മോഹന്‍ലാൽ- പൃഥ്വിരാജ് സുകുമാരൻ ചിത്രം എമ്പുരാന്‍. പൃഥ്വിരാജ് പ്രേക്ഷകര്‍ക്കായൊരു കിടിലന്‍ സര്‍പ്രൈസ് എമ്പുരാനിൽ ഒരുക്കിയിരുന്നു. എമ്പുരാന്‍ തിയേറ്ററുകളിലെത്തി അഞ്ചുദിവസം പിന്നിടുമ്പോൾ ആ സര്‍പ്രൈസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.
പ്രണവ് മോഹന്‍ലാലിന്റെ അതിഥി വേഷമാണ് പൃഥ്വി ഒളിച്ചുവെച്ചിരുന്ന സര്‍പ്രൈസ്. ഖുറേഷി അബ്രാം എന്ന രാജ്യാന്തര അധോലോക നേതാവും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേരളത്തിലെ രാഷ്ട്രീയനേതാവുമെല്ലാമാകുന്നതിന് മുമ്പുള്ള സ്റ്റീഫനായാണ് പ്രണവ് എമ്പുരാനിലെത്തുന്നത്. ആര്‍ക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതില്‍ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫര്‍ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.