PRAVASI

പ്രധാന ഉന്നം പൃഥ്വിരാജ്;മോഹന്‍ലാലിനോടും മയമില്ലാതെ ആര്‍എസ്എസ്

Blog Image

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളീ ഗോപി, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാല്‍ എന്നിങ്ങനെ മലയാള സിനിമയിലെ തലപൊക്കമുള്ളവര്‍, ഒറ്റദിവസം കൊണ്ട് ആര്‍എസ്എസിന്റെ ശത്രുപക്ഷത്ത് എത്തിയിരിക്കുകയാണ്. എംപുരാന്‍ സിനിമയില്‍ ഗോധ്രാകലാപവും തുടര്‍ന്നുള്ള സംഭവങ്ങളും സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി അവതരിപ്പിച്ചതോടെ ഉറഞ്ഞു തുള്ളുകയാണ് ആര്‍എസ്എസ്. സിനിമ ഹിന്ദുവിരുദ്ധവും രാജ്യവിരുദ്ധവും ആണെന്ന് ഔദ്യോഗിക മുഖപത്രം ഓര്‍ഗനൈസറിൽ തെളിച്ച് എഴുതിയത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്.

മോഹന്‍ലാലിനെ പോലെ സീനിയറായ, നിക്ഷപക്ഷനായി കണക്കാക്കപെടുന്ന നടൻ ഇത്തരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായത് വഞ്ചനയാണെന്ന്, ഇതുവരെ ഉണ്ടായിരുന്ന എല്ലാ സൗമനസ്യവും മാറ്റിവച്ച് ആര്‍എസ്എസ് തെളിച്ചു പറയുന്നു. മതത്തിന്റെ പേരില്‍ വിഭജനവും വൈരാഗ്യവും വളര്‍ത്തുന്നതാണ് സിനിമ. ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടും ഇത് മോഹന്‍ലാലിന് മനസിലായില്ലെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്. പൊതുസമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ സംഘടനകള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുമെന്ന് കരുതിയ ഒരാള്‍ ഇങ്ങനെ പ്രവർത്തിച്ചത് ആരാധകരോടുളള ചതിയാണെന്നും ഓർഗനൈസർ വിമര്‍ശിക്കുന്നു.

വിമർശനം അപ്പാടെ കേന്ദ്രീകരിച്ചിരിക്കുന്നത് പൃഥ്വിരാജിലാണ്. ഹിന്ദുവിരുദ്ധവും രാജ്യവിരുദ്ധവുമായ സിനിമ സംവിധായകൻ്റെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നതാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിച്ച് അപമാനിക്കുകയാണ്. ഇത് ദേശീയ ഐക്യത്തില്‍ പോലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ചരിത്രത്തെ വളച്ചൊടിക്കാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി സിനിമയെടുക്കാൻ പ്രഥ്വിരാജ് ശ്രമം നടത്തിയിരുന്നു. ലക്ഷദ്വീപ് -സിഎഎ വിഷയങ്ങളിലും ഈ നിലപാട് കണ്ടതാണ്. ഇതിൻ്റെ തുടർച്ചയാണ് ഹിന്ദുക്കളെ പൈശാചിക വത്കരിക്കുന്നത്. മുസ്ലിം വിഭാഗത്തെ തീവ്രവാദികളാക്കി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പ്രഥ്വിരാജിന് ധൈര്യമുണ്ടോ എന്നും ഓര്‍ഗനൈസര്‍ വെല്ലുവിളിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുരളി ഗോപിക്കെതിരായ വിമര്‍ശനം നാമമാത്രമാണ്. അത്ഭുത ചിന്തകളില്‍ നിന്ന് അസത്യമായ സംഭവങ്ങള്‍ എഴുതി നാടിന്റെ സൗഹാര്‍ദം തകര്‍ക്കുക എന്നത് കുറ്റകൃത്യമാണെന്ന് മാത്രമായി മുരളീ വിമര്‍ശനം ഒതുങ്ങുന്നു. മോഹൻലാലിൻ്റെ ഭാഗമായത് കൊണ്ടാകണം, നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനെതിരെ നിലവില്‍ വലിയ വിമര്‍ശനം ഉയരുന്നില്ല.

ഈ വിവാദത്തില്‍ അറിയാതെ വന്നുപെട്ടതാണ് ഗോകുലം ഗോപാലന്‍. അവസാനഘട്ടത്തില്‍ സിനിമയുടെ ഭാഗമായി ചേർന്ന ഗോപാലന് ചിത്രത്തിൻ്റെ പ്രമേയത്തെ കുറിച്ചൊന്നും കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം അടുപ്പക്കാരോട് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. എന്നാല്‍ നിലവിലെ സംഭവങ്ങളുടെ പാപഭാരത്തില്‍ നിന്ന് ഗോകുലത്തെ ആർഎസ്എസ് ഒഴിവാക്കുമെന്ന് കരുതാൻ കഴിയില്ല.

സിനിമ റിലീസാകുന്നതിന് മുമ്പ് പ്രൊമോഷൻ പരിപാടികളുമായി നാടുമുഴുവന്‍ നടന്ന് അണിയറപ്രവര്‍ത്തകര്‍ വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു. റിലീസ് ദിവസത്തെ രാവിലെ ആറു മണിയിലെ ഷോയിൽ കറുപ്പണിഞ്ഞ് മോഹന്‍ലാലും പ്രഥ്വിരാജും അടക്കം താരനിരയെല്ലാം എത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമായതോടെ ഇവരെല്ലാം മൗനത്തിലാണ്. ഒരിടത്തും ഒരു പൊതുവേദിയിലും ആരെയും ഇപ്പോൾ കാണാനില്ല.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.