നമ്മുടെ പ്രണയത്തിന് 22 വയസ്സ് കഴിഞ്ഞിരിക്കുന്നു. ഞാനൊരു പ്രണയലേഖനം എഴുതിയിട്ടും അത്രയും തന്നെ കാലം കടന്നുപോയിരിക്കുന്നു. ഒരു പ്രണയ നാമ്പുപോലും കിളിർക്കാൻ അനുവദിക്കാതിരുന്ന എൻറെ മനസ്സാകുന്ന ഊഷര ഭൂമിയിൽ പ്രണയത്തിൻറെ കുളിർമഴ പെയ്യിച്ചത് അങ്ങാണ്. പ്രണയവിവാഹം തീർത്തും നിഷിദ്ധമായിരുന്ന ഒരു സാഹചര്യത്തിലാണ് ഞാൻ വളർന്നത് .അതുകൊണ്ടുതന്നെ മാതാപിതാക്കൾ എനിക്കായി കണ്ടെത്തിയ ആളെ പ്രണയിക്കുക എന്നല്ലാതെ എൻറെ മുന്നിൽ വേറെ പോംവഴികൾ ഒന്നും ഇല്ലായിരുന്നു.
വിവാഹം നിശ്ചയിച്ച പിറ്റേദിവസം മുതൽ വിവാഹം വരെയുള്ള ഒന്നര മാസംകത്തുകളിലൂടെയും ഫോൺവിളികളിലൂടെയും നാം പ്രണയിച്ചു. മൊബൈൽ ഫോൺ വന്നു തുടങ്ങിയ കാലമായിരുന്നു അത്. നിരക്കുകൾ ഇന്നത്തേക്കാൾ കൂടുതലും .രണ്ടുപേർക്കും ജോലിയുണ്ടായിരുന്നതിനാൽ അതൊന്നും നമ്മുടെ ഫോൺവിളികൾക്ക് തടസ്സമായതേയില്ല. ഒരു വർഷം കൊണ്ട് എഴുതാവുന്നതിൽ കൂടുതൽ കത്തുകൾ ആ ഒന്നരമാസം കൊണ്ട് നമ്മൾ കൈമാറി.നമ്മുടെ ബന്ധത്തിന് ഒരു പ്രത്യേകത വേണമെന്ന് തോന്നിയത് കൊണ്ടാവും എല്ലാവരും വിളിക്കുന്ന സിജി എന്ന പേരിനു പകരം തന്റെ ആദ്യ നാമമായ ധർമ്മൻ എന്ന പേർ ചേർത്ത് വിളിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടത്.
വിവാഹദിവസമായപ്പോഴേക്കും എനിക്ക് അപരിചിതത്വം തീരെ ഇല്ലായിരുന്നു.ഏതൊരു വിവാഹ ബന്ധത്തിലുമുള്ളതുപോലെ ഇണക്കങ്ങളും പിണക്കങ്ങളുമായി വർഷങ്ങൾ കടന്നുപോയി. നമ്മുടെ പ്രണയവല്ലരിയിൽ മൂന്ന് കുസുമങ്ങളും വിടർന്നു. പ്രണയത്തിൽ നിന്ന് ജീവിതത്തിലേക്ക് വന്നപ്പോൾ പഴയതുപോലെ പ്രണയം പ്രകടിപ്പിക്കുന്നില്ല എന്ന് കുറുമ്പോടുകൂടി ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട് .പക്ഷേ കാലം കടന്നുപോകുമ്പോൾ പ്രണയത്തിൻറെ നിർവചനങ്ങളും അതിൻറെ പ്രകടനങ്ങളും മാറുന്നു എന്ന് എനിക്ക് മനസ്സിലായി. എൻ്റേയും നമ്മുടെ മക്കളുടേയും മേലുള്ള കരുതൽ ആണ് ആ പ്രണയത്തിൻറെ പ്രകടനം എന്ന് ഞാൻ ഇന്ന് നന്നായി മനസ്സിലാക്കുന്നു. അച്ഛൻ അമ്മയെ കരുതുന്നത് കണ്ടുവളർന്ന മക്കളും അതേപോലെ എന്നെ കരുതുന്നു എന്നത് ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങളിൽ ഒന്നാണ്.
കാൻസറും വിഷാദവും വന്ന് നിരാശയുടെ പടുകുഴിയിൽ ആണ്ട എന്നെ കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങളെല്ലാവരും ചേർന്ന് കാത്തുസൂക്ഷിച്ചു. ഇന്ന് സംസ്ഥാനത്തെ മികച്ച വെറ്റിനറി സർജനുള്ളഇന്ത്യൻ വെറ്റിനറി അസോസിയേഷൻ 2024 പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു ,അങ്ങയുടെ പ്രണയത്തിൻറെ പ്രകടനങ്ങൾ ആണ് എന്നെ ഇവിടം വരെ കൊണ്ട് എത്തിച്ചതെന്ന് . ജോലിക്ക് പുറമേ എൻറെ ഹോബികളായ എഴുത്ത് ,വായന ചിത്രരചന എന്നിവയിലെല്ലാം ഞാൻ മികവുപുലർത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ എന്റെ ഒപ്പം നിന്നു. എൻ്റെ കഥകളും കവിതകളും അടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനത്തിലുള്ള അങ്ങയുടെ സന്തോഷം എന്നിൽ ആത്മവിശ്വാസമുണർത്തി
എൻറെ കീമോതെറാപ്പി ദിനങ്ങളിലെ വേദന ചിത്രരചന പഠനത്തിലൂടെ മറക്കുവാൻ ശ്രമിച്ച എനിക്ക് സർവ്വാത്മനാ പിന്തുണയുമായി അങ്ങുണ്ടായിരുന്നു.കൂടാതെ കീമോതെറാപ്പിയുടെ ദുരിതങ്ങൾ ആയുർവേദ വഴിയിലൂടെ മറികടക്കുവാൻ ആയുർവേദ ഡോക്ടർ ആയ അങ്ങ് എന്നെ സഹായിച്ചു. ജീവിതവഴിയിൽ അക്ഷരാർത്ഥത്തിൽ എനിക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു. ഇതാണ് യഥാർത്ഥ പ്രണയം. അതുകൊണ്ട് ഞാനിപ്പോൾ പഴയ പരാതി പറയാറില്ല. പലപ്പോഴും ഇങ്ങോട്ട് ലഭിക്കുന്ന പ്രണയത്തിനനുസരിച്ച് തിരിച്ച് കാണിക്കുവാൻ എനിക്ക് പറ്റുന്നുണ്ടോ എന്ന് സംശയമാണ്. പക്ഷേ ഇക്കാര്യത്തിൽ അങ്ങ് ഒരുപടി മുന്നിൽ നിൽക്കുന്നതാണ് എനിക്കിഷ്ടം. രണ്ടുപേർക്കും സ്വതന്ത്രമായ ഒരു വ്യക്തിത്വവും നിലനിൽപ്പും കെട്ടിപ്പടുക്കുവാൻ നമ്മൾ രണ്ടുപേരും പരസ്പര സഹായിച്ചു കൊണ്ടേയിരുന്നു.

പുസ്തകങ്ങളോടുള്ള അമിതമായ താല്പര്യം മൂലം ഞാൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നതും സാരികൾ വാങ്ങിക്കൂട്ടുന്നതും ചിത്രരചന, പെയിൻറിംഗ്എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി കൂട്ടുന്നതും കണ്ടു നിന്നെങ്കിലും അമിതമാകുമ്പോൾ സ്നേഹപൂർവ്വം വിലക്കി.ഔദ്യോഗിക ജീവിതത്തിൽ ഞാൻ എന്റേതായ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അതെല്ലാം അങ്ങേയറ്റം താല്പര്യത്തോടെ നോക്കിക്കണ്ടു.അഭിപ്രായങ്ങൾ പറഞ്ഞു. ജീവിതത്തിൽ കൃത്യനിഷ്ഠ ഉള്ളവൾ ആവാൻ എന്നെ പഠിപ്പിച്ചു.ചിട്ടയുള്ള ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ സ്വയം മാതൃകയായി കാട്ടിത്തന്നു. ഇതെല്ലാം പ്രണയത്തിൻറെ പ്രകടനങ്ങൾ ആയേ എനിക്ക് കരുതാൻ കഴിയൂ.കാറ്റും കോളും നിറഞ്ഞ കടലിലൂടെ തന്റെ പായ്ക്കപ്പൽ നയിക്കുന്ന നാവികനെ പോലെയായിരുന്നു അങ്ങ്. കുറേക്കാലമായി പ്രക്ഷുബ്ദ്ധമായിരുന്ന ആ കടൽ ഇപ്പോൾ താരതമ്യേന ശാന്തമാണ്. ആ കടലിലൂടെ നമുക്ക് ബഹുദൂരം മുന്നോട്ടു പോകാനുണ്ട്.
ഈശ്വര സേവയെക്കാൾ വലുത് മാനവ സേവ ആണെന്ന സന്ദേശം നമ്മളൊരുമിച്ച് മനസ്സിലാക്കി.പിന്നീട് പുസ്തക വായനയിലൂടെയും പുസ്തകങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നതിലൂടെയും നാം ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്തുന്നതിനെപ്പറ്റി ചർച്ച ചെയ്തു വരുന്നു. എല്ലാ മാസവും വരുമാനത്തിന്റെ ഒരു ഭാഗം സേവന കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നതിന് തീരുമാനമെടുത്തു.
കാൻസർഅതിജീവനത്തിനുശേഷം നാം ഒരുമിച്ച് ജീവിത തോണി തുഴയുകയാണ് നമ്മുടെ മൂന്നു മക്കളെയും ചേർത്തുപിടിച്ചുകൊണ്ട്. ഈ യാത്രയിലെ സന്തോഷം അനസ്യൂതം തുടരുവാൻ നമുക്ക് ഏറ്റവും ശക്തിപകരുന്നത് നമുക്കിടയിലെ ഈ പ്രണയമാണ് ഈ പ്രണയദിനത്തിൽ നമ്മുടെ പ്രണയം ഞാനിവിടെ അടയാളപ്പെടുത്തുന്നു.
എന്ന്,
സ്വന്തം ജയശ്രീ

ഡോ.എസ്.ജയശ്രീ

