PRAVASI

കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂർത്തിയായി; നടുക്കമൊഴിയാതെ വെഞ്ഞാറമൂട്, ഇപ്പോഴും തുടരുന്ന ദുരൂഹത

Blog Image

തിരുവനന്തപുരം: കൊലവെറിയുടെ ഇരകൾക്ക് കണ്ണീരോടെ വിട നൽകി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട 5 പേരുടെയും സംസ്കാരം പൂർത്തിയായി. ഇന്നലെയാണ് 23കാരൻ അഫാൻ ഉറ്റവരെയും പെൺസുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അനിയൻ അഫ്സാൻ, മുത്തശ്ശി സൽമബീവി, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. അഫ്സാൻ, സൽമബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ ഖബറടക്കം താഴേ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു. ഒരായുധം കൊണ്ട് ഒരു ദിവസം അഞ്ച് പേരെ വകവരുത്തിയ പ്രതി കസ്റ്റഡിയിൽ തന്നെയാണ്. പക്ഷെ അമ്പരപ്പിച്ച കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത ഇനിയും മാറുന്നില്ല.  ആറുപേരെ കൊന്നെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങൾ ബാക്കി. ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിൻറെ പ്രതികാരമായി ബന്ധുക്കളുടെ കൊലയെന്നായിരുന്നു അഫാന്റെ ഇന്നലത്തെ മൊഴി.  ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാന്റെ ഇടപാടുകളെ ചുറ്റിപ്പറ്റി. കോളേജ് പഠനം പൂർത്തിയാക്കാത്ത  അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസികനിലയിലേക്ക് എങ്ങിനെ അഫാൻ എത്തിയെന്നാണ് അറിയേണ്ടത്. അഫാൻറ രക്തപരിശോധനാഫലമാണ് പ്രധാനം. കൊലപാതക പരമ്പര പൂർത്തിയാക്കിയശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത് പരിചയമുള്ള ശ്രീജിത്തിന്റെ ഓട്ടോയിലാണ്.

അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു. എല്ലാമറിയുന്നത് ഉമ്മമാത്രം. പക്ഷെ ചികിത്സയിലായതിനാൽ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങൾ പറയേണ്ട ഏക വ്യക്തി അഫാൻ . ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം  ചെയ്താൽ മാത്രമാകും കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.