പാലാ :കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹം ഒരേമനസോടെ രംഗത്തിറങ്ങണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും രാജ്യസഭാ എം പിയുമായ ജോസ് കെ മാണി പറഞ്ഞു .ലഹരി ഒരു വലിയ വിഷയമായി കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യുന്നു. സർക്കാർ കാര്യക്ഷമമായി ഈ പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങി . ഈ വിഷയത്തെക്കുറിച്ച് കേരളാ കോൺഗ്രസിൻെറ നിലപാട് കേരളാ എക്സ് പ്രസിനോട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം .പോലീസ് ,സ്‌കൂൾ കോളേജ് അധ്യാപകർ ,രക്ഷകർത്താക്കൾ ,സന്നദ്ധ സംഘടനകൾ ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,മതസാമുദായിക സംഘടനകൾ തുടങ്ങി കേരളത്തിന്റെ പൊതുസമൂഹം ഒറ്റക്കെട്ടായി ലഹരിക്കെതിരെ സജീവമാകണം.എങ്കിലേ ഈ പ്രശനത്തിനു ശാശ്വത പരിഹാരമുണ്ടാകു .
പഞ്ചാബായിരുന്നു ഡ്രഗ്സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുകൾ ഉപയോഗങ്ങൾ നടക്കുന്ന സംസ്ഥാനമായി അറിയപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോൾ കേരളത്തിൽ ഇതിൻ്റെ ഉപയോഗവും അനുബന്ധ പ്രശ്നങ്ങളും കൂടി എന്ന് തന്നെയാണ് സമീപകാല വിഷയങ്ങൾ സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ ആറ് മാസം മുൻപ് പാർലമെന്റിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനായിരുന്നു.അതിരുകൾ ഇല്ലാത്ത കാലമാണിത്. മതിലുകൾ ഇല്ലാത്ത കാലം. ഗ്ലോബലൈസേഷൻ്റെ വളർച്ച എല്ലാ അതിരുകളും ഇല്ലാതാക്കി. ഒരു സമാന്തര സാമ്പത്തികാവസ്ഥ ഈ രംഗത്ത് ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ലഹരി മേഖല ഒരു വൻ മാഫിയ സംഘമായി വളരുന്ന കാലം കൂടിയാണ്.
ഒരു തൊഴിൽ സാധ്യതയായി മയക്കുമരുന്ന് മാറുന്നു. ബൈക്ക് വാങ്ങുക, കാർ വാങ്ങുക എന്നിവയൊക്കെ വേഗം സാധിക്കും. മറ്റൊന്ന് യുവജനതയുടെ സാഹസികത. മലയാളിക്ക് പൊതുവെ സാഹസികത കൂടുതലാണ്. അതൊന്ന് അനുഭവിക്കണം എന്ന ചിന്ത ഇപ്പോഴത്തെ തലമുറയ്ക്കുണ്ട്. ഇതൊക്കെ എളുപ്പമാക്കാൻ ചില സിനിമകളും , സോഷ്യൽ മീഡിയയും സ്വാധീനിക്കുന്നുണ്ട്. എല്ലാ സിനിമകളേയും കുറ്റം പറയുകയല്ല. സിനിമയിൽ കാണുന്നത് വസ്തുതയല്ലെങ്കിലും ആ രീതിയലൊക്കെ അനുകരിക്കുവാനുള്ള ശ്രമം. മറ്റൊന്ന് സോഷ്യൽ മീഡിയ. ലോകം മുഴുവൻ എല്ലാവർക്കും മുൻപിൽ തുറന്നു കിടക്കുന്നു. അപ്പോൾ സാഹചര്യങ്ങൾ അനുകൂലമാകുന്നു . ലഹരി ഉപയോഗിക്കുന്നത് മാത്രമല്ല , അതിൻ്റെ കാരിയർ ആകുവാനും ശ്രമിക്കുന്നതോടെ ഈ രംഗം കൂടുതൽ വഷളാകും. പത്ത് തവണ കാരിയർ ആയാൽ ഒരു ലക്ഷം രൂപ ലഭിക്കുന്നു എങ്കിൽ യുവാക്കൾ അതിലേക്ക് വരും. അപ്പോൾ ഇതിനൊക്കെ ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. ഇപ്പോൾ നടക്കുന്നത് പോലെയുള്ള റെയ്ഡുകൾ നടക്കണം. ലഹരി ഉപയോഗിക്കുന്നവരേയും കച്ചവടം ചെയ്യുന്നവരേയും നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വന്നാൽ മാത്രം പോരാ , ശിക്ഷയും ഉറപ്പാക്കണം. ഒരു ഷാഡോ പോലീസ് ഇതിൻ്റെ പ്രവർത്തനത്തിനായി ഉണ്ടാകണം.
രക്ഷകർത്താക്കൾ പലരും അവരുടെ മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയുന്നില്ല. മാതാപിതാക്കൾ , അദ്ധ്യാപകർ , പോലീസ് ഇങ്ങനെ ഒരു ലിങ്ക് വർക്ക് ചെയ്യണം. കൂടാതെ കുട്ടികൾക്ക് മറ്റ് എൻ്റെർടെയിൻമെൻ്റുകൾ ഉണ്ടാകണം. കല, സാഹിത്യം , സ്പോർട്ട്സ് തുടങ്ങിയ മേഖലകളിൽ സ്കൂൾ കോളേജ് കുട്ടികളെ ആക്ടീവ് ആക്കണം. ഇപ്പോൾ അവർക്ക് ആക്ടിവിറ്റീസ് കുറവാണ്. ടെക്നോളജിയുടെ സ്വാധീനം കൊണ്ട് കുട്ടികൾക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ട്. നോട്സ് തയ്യാറാക്കൽ , പ്രോജക്ട് വർക്ക് ഒക്കെ ഇന്ന് വളരെ വേഗത്തിൽ നടക്കുന്നു. പിന്നെ അവർക്ക് അവരുടെ ലോകം , സ്വാതന്ത്ര്യം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലും അകൽച്ച ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കണം. എന്തായാലും കഴിഞ്ഞ കുറേ കാലങ്ങളായി ലഹരിയുടെ പ്രശ്നങ്ങൾ കേരളത്തിൽ സജീവമായിട്ടുണ്ട്. ഗവൺമെൻ്റ് ജാഗ്രതയോടെ ഈ വിഷയത്തെ കാണുകയും ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്യുന്നുണ്ട് .


