ആയിരം കോടീം, നാല് ബെൻസും, പിന്നെ ഒരു ഹയബൂസേം (നർമ്മഭാവന -ഗിരി.ബി.വാരിയർ )

sponsored advertisements

sponsored advertisements

sponsored advertisements

18 May 2022

ആയിരം കോടീം, നാല് ബെൻസും, പിന്നെ ഒരു ഹയബൂസേം (നർമ്മഭാവന -ഗിരി.ബി.വാരിയർ )

“ഡാ റിസാ, ഇന്ന് വൈന്നേരം നിനക്ക് വല്ല പണീണ്ട്രാ?
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് അവധിയാണ്. കാലത്ത് ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു. സാധാരണ മുടക്കുദിവസം വൈകുന്നേരം പള്ളിയിൽ കൂട്ടുകാരൊക്കെ ഒത്തുകൂടുന്ന അവസരമാണ്. ഉച്ചക്ക് ഊണ് കഴിഞ്ഞ് ഒന്ന് കിടക്കാൻ തയ്യാറെടുക്കുമ്പോഴാണ് സുഹൃത്തായ ജോയീടെ വരവ്.
“പരിപാടിയൊന്നും ഇല്ല്യ, എന്തേ?” ഞാൻ ചോദിച്ചു.
“വൈന്നേരം ബീച്ച് വരെ ഒന്ന് പോണം, അതിനാണ്”
“നീയ്യെന്തൂട്ടിനാ ബീച്ചിൽ പോണത്. നിനക്ക് കടൽ പേടിയല്ലേ”
“കടലില് എറങ്ങാണ്ടെ ഇരുന്നാപ്പോരേ., നീ വായോ, നമുക്ക് പോകാം..”
“എന്നാ ഞാൻ കാറ് എടുക്കാം, പിള്ളേരേം വിളിക്കാം”
“വേണ്ട.. അത് പണി കിട്ടും.”
“ആയിക്കോട്ട്രാ, ഒരു രസല്ലേ എല്ലാവരും കൂടി..”
“അത് വേണ്ട്ര, എല്ലാവരും കൂടിയായാൽ ശര്യാവില്ല്യ”
“നീ എന്തെങ്കിലും ഏടാകൂടം ഒപ്പിക്കാനാണാ പോണേ? ആ ഏരിയ മൊത്തം കടലില് പോണ ഗഡീസാണ്. അവര് പെരുമാറ്യ എല്ലിന്റെ എണ്ണം കൂടും, പല്ലിന്റെ എണ്ണം കുറയും”
“അതൊന്നുംണ്ടാവില്യ, മ്മ്‌ടെ റോസീല്ല്യേ, ബ്ലാക്ക് ക്യാറ്റിന്റെ മോള്, അവള് ബീച്ചില് പോണ്ട്, അവ്ടെ വച്ച് എന്റെ ഹൃദയം ഒന്ന് തുറക്കണം”
“ന്റെ പുണ്ണ്യളോ, അതിന് കേൾക്കാനും പറയാനും ഒന്നും പറ്റില്യാലോ, പോരാത്തേന് മ്മ്ടെ എം എൽ എ അന്തോണ്യേട്ടന്റെ മോള്, നീ ഹൃദയം തൊറക്കേണ്ടി വരില്ല, ബ്ലാക്ക് ക്യാറ്റിന്റെ ഗുണ്ടകൾ ചെയ്‌തോളും ”
“ഒരു ചൂണ്ടയിട്ടുനോക്കാം, തടഞ്ഞാൽ ലോട്ടറി, ആയിരം കോടി ആസ്തിയാണ് അന്തോണിയേട്ടന്, പിന്നെ നാല് ബെൻസ്. കെട്ട് കഴിഞ്ഞിട്ടുവേണം ഒരു ഹയബൂസ ബൈക്ക് വാങ്ങിത്തരാൻ പറയാൻ.”
“പക്ഷെ റിസ്കാണ്, ആരെങ്കിലും കണ്ട് അന്തോണിയേട്ടൻ അറിഞ്ഞാൽ?
“അതൊണ്ടല്ലെ കടൽത്തീരത്ത് ആക്കിയത്. അവ്ടെ ആരും കാണില്ല്യടാ”
“ഡാ ജോയ്‌യേ നീ വേണംച്ചാ എന്റെ കാറെടുത്ത് പൊയ്ക്കോ.”
നീ വരാതെ പറ്റില്യ ”
“ഒരു മിനിറ്റ്, എന്നെ എന്തുട്ടിനാ കെട്ടിയെടുക്കണെ. ഞാനില്ല്യ,ഇന്ന് കാലത്ത് ഒരു പെണ്ണുകാണൽ കഴിഞ്ഞ് വന്നതേയുള്ളു, നാളെ അത് ഉറപ്പിക്കാൻ വിളിച്ച് പറയും.
പണി പാള്യ നാറ്റക്കേസാവും, പെണ്ണ് കിട്ടില്ല്യ”
“അതല്ലടാ, നീ പണ്ട് ബ്രേക്ക് ഡാൻസ് പഠിച്ചിട്ടുള്ളതല്ലേ, നിനക്ക് കയ്യോണ്ട് മടക്കീം ഒടിച്ചു അവളോട് സംഭവം പറയാലോ, അതോണ്ടാ പ്ളീസ്. അവളുടെ അപ്പന് എന്നെ ഇഷ്ടാവും, അതൊറപ്പാണ്, ഞാൻ അവളുടെ അപ്പന്റെ പാർട്ടിയിൽ മെമ്പർഷിപ് എടുത്തപ്പോൾ എന്നെ തോളത്ത് തട്ടി അനുമോദിച്ചതാണ്.”
വൈകുന്നേരം നാലരക്ക് ഞാനും ജോയീം കടൽത്തീരത്തുണ്ടായിരുന്നു. സൂര്യൻ അന്നത്തെ പണി കഴിഞ്ഞ് കുളിക്കാൻ കാവിമുണ്ടൊക്കെ ചുറ്റി തയ്യാറാവുന്നുണ്ടായിരുന്നു. ജോയി ഒരു വെളുത്ത ജുബ്ബയും കോടി കളർ മുണ്ടും ഒക്കെ ധരിച്ച് നിർമ്മയുടെ പരസ്യത്തിന് പോകുന്നതുപോലെ ഒരുങ്ങിയിരുന്നു.
പറഞ്ഞപോലെ അവിടെ റോസി കുറച്ചു കൂട്ടുകാരൊത്ത് അവിടെ എത്തിയിരുന്നു. ദൈവം എല്ലാം ഒരുപോലെ വാരിക്കോരി കൊടുക്കില്ലല്ലോ, അതിന് ഉദാഹരണമാണ് റോസി. പുഷ്പ സിനിമേല് നായികയുടെ ലുക്ക്. ചിരി കാണാൻ അതിലും മനോഹരം.
പെട്ടെന്നാണ് കടലില് കളിച്ചുകൊണ്ടിരുന്ന ഒരാളുടെ മൊബൈലും മുണ്ടും സെൽഫി എടുക്കുന്നതിനിടയിൽ തിരയിൽ പോയപ്പോൾ തീരത്തുണ്ടായിരുന്നവരുടെ ശ്രദ്ധ അങ്ങോട്ട് മാറിയത്.
ഞങ്ങളെ കണ്ടപ്പോൾ റോസി അങ്ങോട്ടുവന്നു.
ആംഗ്യഭാഷയിൽ റോസി ഞങ്ങളുമായി സംസാരിച്ചു. എന്തൊക്കെ പറഞ്ഞു എന്നറിയില്ല കാരണം അത്യാവശ്യം ജോയിക്ക് പറയാനുള്ള കാര്യങ്ങൾ മാത്രമേ ഞാൻ യൂട്യൂബിൽ നോക്കി പഠിച്ചിരുന്നുള്ളൂ, കേൾക്കാൻ പഠിച്ചിട്ടില്ലായിരുന്നു.
ജോയി എന്നെ തോണ്ടി വന്ന കാര്യം പറയാൻ പറഞ്ഞു, അവന് അവളെ ഇഷ്ടമാണെന്ന്. ഞാൻ യൂട്യൂബ് യൂണിവേഴ്സിറ്റി പഠിപ്പിച്ച ഭാഷയിൽ അത് അവൾക്ക് കാണിച്ചുകൊടുത്തു. നാണിച്ച് പെരുവിരൽ കൊണ്ട് അവൾ മണലിൽ വട്ടം വരച്ചു. മറുപടി എന്തായാലും വീട്ടിൽ പറഞ്ഞാൽ മതിയെന്ന് പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ പറയുന്നതുപോലെ പറഞ്ഞൊപ്പിച്ചു. അവൾ തിരികെപ്പോയി അവളുടെ കൂട്ടുകാരികളോട് ജോയി പറഞ്ഞ കാര്യം പറഞ്ഞു.
അടുത്ത ദിവസം കാലത്ത് അമ്മ തട്ടിവിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്. തലേന്ന് പെണ്ണുകാണാൻ പോയ വീട്ടിലേക്ക് തീരുമാനം അറിയിക്കാനുള്ളതാണ്. അത് ഉറപ്പിക്കാനാവും.
പെണ്ണ് കുറച്ചു കറുത്തിട്ടാണെങ്കിലും ട്രഷറിയിൽ ജോലിയുണ്ട്. അപ്പനും അമ്മയും ടീച്ചർമാർ, ഒറ്റമകൾ. മറ്റെന്തുവേണം. പെണ്ണിനെ കണ്ടപ്പോൾ മുതൽ പെങ്ങൾക്ക് വലിയ സങ്കടമാണ്. അപ്പോഴേക്കും പെങ്ങളും മുറിയിലേക്ക് വന്നു.
“അത് വേണ്ട ചേട്ടാ, നിങ്ങൾ തമ്മില് ഒരു ചേർച്ചെണ്ടാവില്യ ”
“നീ അതൊന്നും നോക്കണ്ട മോളെ, നമ്മള് ഭാവി നോക്ക്യ പോരെ,”
“ഡാ, നീ ഒന്നുകൂടി ചിന്തിച്ചിട്ട് പോരെ, അപ്പൻ ഇപ്പൊ അവരെ വിളിച്ച് പറയും. ഇന്നലെ രാത്രി പെണ്ണിന്റെ അപ്പന്റെ ഫോൺ വന്നിരുന്നു. നിങ്ങൾ തമ്മിൽ സംസാരിച്ച കാര്യമൊക്കെ പറഞ്ഞു. അവൾക്ക് നിന്നെ വല്യ ഇഷ്ടായീത്രെ.” അമ്മ പറഞ്ഞു
“അമ്മ അപ്പനോട് പറയ് ഇനി ഒന്നും ആലോചിക്കാനൊന്നും ഇല്ലെന്ന്. എനിക്ക് നൂറുവട്ടം സമ്മതം. ഞാൻ കുറച്ചുനേരം കൂടി ഉറങ്ങട്ടെ, ഇനി അടുത്ത ഞായറാഴ്ച ആവണം ഒരു മുടക്കം കിട്ടാൻ.”
അമ്മയും പെങ്ങളും മുറിയടച്ച് പുറത്തുപോയപ്പോൾ AC കുറച്ചുകൂടി കൂൾ ആക്കി തലവരെ മൂടിപ്പുതച്ച് കിടന്നു
തുടരെത്തുടരെ ഫോൺ വന്നപ്പോഴാണ് പിന്നീട് ഉറക്കം മുറിഞ്ഞത്. സമയം പതിനൊന്നര ആയിരിക്കുന്നു. നോക്കിയപ്പോൾ ജോയി ആയിരുന്നു ഫോണിൽ .
“ഡാ റിസാ, എന്തൂട്ട് തെണ്ടിത്തരാണ്ടാ നീ കാട്ടിയെ ..”
“നീ കാര്യം തെളിച്ചുപറയെന്റെ ജോയെ..”
“നിന്റെം റോസീടേം കല്യാണം നിശ്ചയിച്ചൂന്ന് കേട്ടല്ലോ, നിന്റെ അപ്പൻ ഇന്ന് പള്ളീല് വെച്ച് അന്തോണിയേട്ടനോട് സമ്മതം പറഞ്ഞൂത്രേ.”
“എന്റെ അപ്പനാവില്ല, നിനക്ക് തെറ്റിയതാവും.”
“ഡാ, നിന്റപ്പൻ ഇപ്പോഴും തോമാച്ചേട്ടൻ അല്ലെ.. അയാള് ഇന്ന് പള്ളിയിൽ വച്ച് വികാര്യച്ചന്റെ മുൻപിൽ വച്ചാണ് സംസാരിച്ചത്. ”
ജോയിയുടെ ഫോൺ കട്ട് ചെയ്ത് അമ്മയെ വിളിച്ചു. വിം ബാറിന്റെ കൂടെ സ്ക്രോച് ബറൈറ് കിട്ടുന്ന പോലെ, അമ്മയും പെങ്ങളും ഒരുമിച്ചാണ് മുറിയിലേക്ക് വന്നത്.
“അമ്മെ, അന്തോണിയേട്ടന്റെ മോളെ കെട്ടാൻ അപ്പൻ വാക്കുകൊടുത്തൂന്ന്, മൈക്കും സ്‌പീക്കറും കേടാണ് ആ പെണ്ണിന്റെ. എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല്യ..ഞാനല്ലേ കെട്ടേണ്ടത്.”
“നിനക്കെന്താ പ്രാന്ത് പിടിച്ചാ, ഇന്നലെ വൈന്നേരം കടൽത്തീരത്ത് വച്ച് നീ അവളോട് ഐ ലവ് യു എന്ന് പറഞ്ഞത് അറിയാത്ത ഒരു കൊച്ചുപോലും ഈ നാട്ടിൽ ഇനി ബാക്കിയില്ല. പിന്നെ കാലത്ത് നീ തന്നെയല്ലേ പറഞ്ഞത് നൂറ് വട്ടം സമ്മതമാണ് എന്ന്. അതോണ്ടല്ലേ അപ്പൻ വാക്കുകൊടുത്തത് .
“മാത്രല്ല, ചേട്ടൻ ഇന്നലെ ഉച്ചക്ക് യൂട്യൂബിൽ നോക്കി ഐ ലവ് യു ആംഗ്യഭാഷയിൽ എങ്ങിനെ പറയണം എന്ന് പഠിക്കുന്നത് ഞാൻ കണ്ടിരുന്നതല്ലേ. എന്തായാലൂം നന്നായി, അമ്മായിയമ്മ എന്ത് പറഞ്ഞാലും മറുപടി ബബ്ബബബ്ബ, അടിപൊളി. എനിക്കിഷ്ടായി ട്ടാ”
അപ്പോഴേക്കും വീണ്ടും ജോയിയുടെ ഫോൺ വന്നു.
“റിസ, ഐ ലവ് യു എന്നതിന് പകരം ജോയി ലവ് യു എന്നല്ലെടാ മരമാക്രി പറയേണ്ടിയിരുന്നത്.
“ശര്യാടാ, അവള് തെറ്റിദ്ധരിച്ചു, എനിക്കാണ് അവളോട് പ്രേമമെന്ന് കരുതി എന്ന് തോന്നുന്നു. ഇനി വാക്ക് മാറ്റിയാൽ അവളുടെ അപ്പൻ ബാക്കി വെക്കില്ല.”
“എന്തായാലും നിങ്ങടെ കല്ല്യാണം കഴിഞ്ഞാൽ വീട്ടില് കോഴികൾക്കാണ് പണി, റോസി ബബ്ബ ബബ്ബ എന്നു പറയുമ്പോൾ അതിന് കൺഫ്യൂഷൻ ആവും തീറ്റ കൊടുക്കാൻ വിളിക്കണതാണെന്ന്. ഞാൻ പോട്ടെ, വരന്തരപ്പിള്ളീൽ ഒരു പെണ്ണുണ്ടത്രേ, ചെറിയ ഒരു ഞൊണ്ടലുണ്ട്, നടക്കുമ്പോ മാത്രം ട്ടാ.
കല്യാണത്തിരക്കൊക്കെ കഴിഞ്ഞിട്ട് നമുക്കൊന്ന് പോയി നോക്കാർന്നു.”

ഗിരി.ബി.വാരിയർ