ഗ്രേറ്റര്‍ റിച്ച്മൗണ്ട് അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (ഗ്രാമം) ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. മലയാളി പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും വേദിയായി ഈ ദിവസം മാറി എന്നതും ശ്രദ്ധേയമാണ്. 2005 മുതല്‍ സംഘടന നടത്തി വന്ന പ്രവര്‍ത്തന മികവിന്റെ അംഗീകാരം തെളിയ്ക്കുന്ന പങ്കാളിത്തമാണ് പരിപാടിയില്‍ ഉണ്ടായത്. പാട്ടും താളവുമായി മലയാളി സമൂഹം ഈ ദിവസത്തെ ഉത്സവ സമാനമാക്കി മാറ്റുകയായിരുന്നു.
പ്രസിഡന്റിന്റെ (എലിസബേത്ത് പ്രിയ ജോർജ് ) സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഗ്രാമത്തിന്റെ ആദ്യകാല പ്രവര്‍ത്തകരും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.
ഗ്രാമത്തിലെ സജീവ പ്രവര്‍ത്തകരും നേതൃനിരയിലുമുണ്ടായിരുന്ന മരണപ്പെട്ട അംഗങ്ങളെ ചടങ്ങില്‍ അനുസ്മരിച്ചു. ഗ്രാമത്തിലെ 2024 അംഗങ്ങളെ ആദരിക്കുന്നതിനൊപ്പം പുതിയ കമ്മറ്റി അംഗങ്ങളായ മിനി ബാബു (വൈസ് പ്രസിഡന്റ് ) സജിത്ത് (സെക്രട്ടറി), അനൂപ് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) അരുൺ കുമാർ(ട്രഷറർ), ജോഷി ദേവസ്യ (ജോയിന്റ് ട്രഷറർ), ജെയ്‌മി ബ്ലിസ് ( കൾച്ചറൽ ഡയറക്ടർ), നിധിൻ ബെഞ്ചമിൻ (ഔട്ട് ഡോർ കോർഡിനേറ്റർ) ശങ്കർ ഗണേശൻ (മെമ്പർഷിപ്പ് ഡയറക്ടർ), ശ്യാം കൃഷ്ണകുമാർ (സേഫ്റ്റി ഡയറക്ടർ) , ജിസ്ന ജേക്കബ് (വിമൻസ് ഫോറം ഡയറക്ടർ) , റോഷൻ ചക്കാലയിൽ ( ഡിജിറ്റൽ ഡയറക്ടർ) റോണാ അബ്രഹാം ( യൂത്ത് ഫോറം ഡയറക്ടർ) എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു.
ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഗ്രാമത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.