ഹരിയാന റോഹ്ത്തക്കിന് അടുത്ത് സാംപ്ലാ ബസ് സ്റ്റാൻഡിൽ ഉടമസ്ഥരില്ലാതെ കാണപ്പെട്ട നീല പെട്ടിയിലാണ് 22കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക സൂചനകൾ. കഴുത്തിന് ചുറ്റും എന്തോ വരിഞ്ഞുമുറുക്കിയതിൻ്റെ ലക്ഷണങ്ങളുണ്ട്. കൈയ്യിൽ മെഹ്ന്ദി ഇട്ടതായി കാണാമെന്നും, തൊട്ടടുത്ത് ഏതോ ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ലക്ഷണം വേഷത്തിലും പ്രകടമാണെന്നും സാംപ്ലാ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എന്നാണ് തൻ്റെ ഭാരവാഹിത്വം എക്സ് അക്കൌണ്ടിൽ ഹിമാനി രേഖപ്പെടുത്തിയിട്ടുള്ളത്. ഹരിയാന കത്തൂരക്കടുത്ത് സോണപട്ട് സ്വദേശിയായ ഹിമാനി, രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലെ സജീവ പങ്കാളിത്തം കൊണ്ട് നാടാകെ അറിയുന്ന നേതാവായി മാറി. മരണത്തിൽ അനുശോചനം അറിയിച്ച് യൂത്ത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ബി വി ശ്രീനിനാസ് എക്സിൽ പോസ്റ്റുചെയ്ത കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഹരിയാന തിരഞ്ഞെടുപ്പുകൾക്കുള്ള പ്രചാരണ പരിപാടികളിലും ഹിമാനി സജീവമായിരുന്നു. ചെറുപ്പക്കാരിയായ ഒരു നേതാവിനെ ഇത്തരത്തിൽ കൊലപ്പെടുത്തി എന്നത് ഞെട്ടിക്കുന്നത് ആണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന് തെളിവാണെന്നും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഭൂപീന്ദർ ഹൂഡ പ്രതികരിച്ചു. ഉന്നതതല അന്വേഷണം ആവശ്യമാണ്, കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൂഡ സർക്കാരിനോട് ആവശ്യപ്പെട്ടു.