സിമ്രാനെ കാണുമ്പോൾ വല്ലാതെ സന്തോഷം തോന്നുന്നു.ഈ ഫോട്ടോ ഏറെ നേരം നോക്കിയിരുന്നു പോയി.പണ്ട് കൊതിയോടെ കണ്ടിരുന്നിട്ടുണ്ട് അവരെ സ്‌ക്രീനിൽ. ആത്മവിശ്വാസമുള്ള സ്ത്രീ പുരുഷന്മാരെ എല്ലാക്കാലത്തും അസൂയ കലർന്ന ആരാധനയോടെ നോക്കിയിരുന്നു, ഇപ്പോഴും.പിന്നിലേക്ക് മാറി നില്ക്കു എന്ന് കേട്ട് കേട്ട് കൗമാരം മുതൽ അപകർഷത ഉള്ളിൽ വളർന്നു കൊണ്ടേയിരുന്നു. നിറം ഒരു വലിയ ഘടകമായി സാമൂഹ്യ ജീവിതത്തെ ബാധിച്ചിരുന്ന ഒരു കാലമായിരുന്നു അതെന്ന് തോന്നുന്നു.

അൽപ്പം കൂടി നിറമുണ്ടായിരുന്നെങ്കിൽ, അൽപ്പം കൂടി സ്മാർട്ടായിരിക്കൂ, സംസാരിക്കൂ എന്ന് ഒക്കെ കേട്ട് മടുത്തു പോയ യൗവനമായിരുന്നു കടന്ന് പോയത്. ആൾക്കൂട്ടത്തിനുള്ളിൽ പോകാൻ ഭയന്ന് തുടങ്ങിയത് അങ്ങനെയാണ്.വെളുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകേട്ട് കേട്ട് മടുത്തു. സൗഹൃദങ്ങളിൽ നിന്ന് പോലും കഴിവതും ഒഴിഞ്ഞു മാറി നിന്നു.യൗവനത്തിൽ സ്നേഹവുമായി എത്തിയവരും മധുവിധു കാലവും ഇതേ വാചകത്തിൽ കടിച്ചു തൂങ്ങുമ്പോഴും മടുപ്പോടെ ശരീരത്തെ നോക്കാൻ ഞാൻ മറന്നു തുടങ്ങി. തല കുനിച്ചു മാത്രം നടന്നു തുടങ്ങി.മുട്ടോളം എത്തുന്ന മുടിയും കൂടി കൊഴിഞ്ഞു തീർന്നപ്പോൾ പൂർണമായും ഞാൻ എന്നെ നോക്കാതെയായി. പിന്നെ മധ്യവയസ്സിലെപ്പോഴോ സ്വയം നോക്കിത്തുടങ്ങിയപ്പോഴേക്കും അപകർഷത ഒരു അവയവമായി വളർന്നു കഴിഞ്ഞു. അതിനി മാറുമെന്ന പ്രതീക്ഷയൊന്നുമില്ല.അഭിനന്ദനങ്ങളെ സംശയത്തോടെ മാത്രം ഉൾക്കൊള്ളാൻ പാകത്തിന് അത് വളർന്നു കഴിഞ്ഞു.എങ്കിലും ആരാധനയോടെ നോക്കിയിരുന്നവർ ആത്മവിശ്വാസം ചോരാതെ ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു, ആ വെളുത്ത മുടി അവർക്ക് ഭംഗി കൂട്ടുന്നതേയുള്ളൂ.മുറിവുകൾ നൽകിയെങ്കിലും ആ കാലം സൗന്ദര്യമുള്ളതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അൽപ്പം കൂടി ആസ്വദിച്ചു ജീവിക്കാമായിരുന്നു.

സൗമ്യ.സി

