ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി നിര്‍മ്മാതാക്കളായ രാഗം മൂവീസിന്‍റെ ഉടമ രാജു മല്ല്യത്ത്. മലയാള സിനിമാ പ്രതിസന്ധി സംബന്ധിച്ച ചാനൽ ചർച്ചയിൽ തിരക്കഥാകൃത്ത് വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെതിരിയാണ് അദ്ദേഹം രംഗത്തെത്തിയത്. ഐഡൻ്റിറ്റിക്ക് വേണ്ടി ഹെലികോപ്ടറിൽ വന്ന പ്രമോഷൻ രീതി സിനിമയുടെ ബജറ്റ് കൂട്ടിയെന്നും ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നുമായിരുന്നു പരാമർശം. എന്നാൽ ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല എന്ന് നിർമാതാവ് പറയുന്നു. മാത്രവുമല്ല സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് കൂടി പ്രതിസന്ധിയായപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിനെ പങ്കാളിയാക്കി റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ വ്യക്തിയാണ് ടൊവിനോ എന്നും അദ്ദേഹം അറിയിച്ചു. ടൊവിനോയുടെ പ്രതിഫലത്തിൽ ഭീമമായ തുക താൻ നൽകാനുണ്ട് എന്നും രാജു മല്യത്ത് വെളിപ്പെടുത്തി.ടൊവിനോ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലും തന്നെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറായിട്ടുണ്ട് എന്നും നിർമാതാവ് വ്യക്തമാക്കി.
രാജു മല്യത്തിൻ്റെ വിശദീകരണം.
കഴിഞ്ഞ 45 വർഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളില്‍ നിർമ്മാതാവായും സഹനിർമ്മാതാവായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. അവയിൽ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിർമ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്. വിഷയം എന്തെന്നുവച്ചാല്‍ ഒരു ചാനല്‍ ചർച്ചയിൽ ഞാൻ നിർമ്മിച്ച ഐഡന്‍റിറ്റി എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്‌ടർ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതിൽ ശ്രീ വിനു കിരിയത്തിന്‍റെ പരാമർശത്തിന്‍റെ സത്യാവസ്ഥ എന്തെന്നു വച്ചാൽ ഒരിക്കലും ടൊവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്‍റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
മുകളിൽ പറഞ്ഞ എന്‍റെ സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഡോ. റോയി സിജെയാണ്. അദ്ദേഹത്തെ ഐഡന്‍റിറ്റിയുടെ നിർമ്മാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ.
റോയി സിജെയുടെ ആശയത്തിൽ ഉദിച്ചതും നൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്‍റെ മുഴുവൻ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കിയിട്ടുള്ളതുമാണ് .
2018 കാലയളവു മുതൽ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഐഡന്‍റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതിഫലത്തിന്‍റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പണം ആവശ്യമുണ്ടല്ലോ അതിനാൽ ചിത്രം റിലീസു ചെയ്‌തിട്ട് ബാക്കി തുക തന്നാൽ മതി എന്നുപറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടൊവിനോ.
ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല മുൻപറഞ്ഞ ചിത്രത്തിൻ്റെ പ്രതിഫലത്തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എൻ്റെ കൂടെ നിന്ന് ഉടൻതന്നെ ഒരു ചിത്രം ചെയ്‌തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്കത കാണിച്ച നടനാണ് ടൊവിനോ.

