PRAVASI

ഇലപൊഴിയും കാലം കഴിഞ്ഞു

Blog Image

ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം 
എത്ര സത്യമാണ് നല്ലചിന്ത എന്നാൽ ആ പാട്ടുകേട്ടിട്ടൊന്നും ആ കൃഷിക്കാരന് ഉറക്കം വന്നില്ല അയ്യാളുടെ മനസ്സിൽ എന്തൊക്കെയോ വലിയ വിമ്മിഷ്ട്ടങ്ങളുണ്ട് . മഞ്ഞുകാലം വരാൻപോകുകയാണ്, ഇപ്പോൾതന്നെ അല്പം തണുപ്പ് തുടങ്ങിക്കഴിഞ്ഞു. എത്രപെട്ടെന്നാണ് ഒരുവർഷം കടന്നുപോയത്. അയ്യാൾ കിടക്കയിൽനിന്നെഴുന്നേറ്റു ജനൽപ്പാളിതുറന്നു പുറത്തേക്കുനോക്കി. തുറന്ന ജാലകത്തിലൂടെ ചൂടുകാറ്റിനുപകരം കുളിരുള്ള കാറ്റാണ് അകത്തേക്ക് കയറിയത്. നിലാവത്തു തന്റെ കൃഷിയിടം നന്നായിക്കാണാം. കഷ്ട്ടപെട്ടു കൃഷിചെയ്ത ചെടികളെല്ലാം ഇപ്പോൾ ഒന്നുഷാറായാണ് നിൽക്കുന്നത് . ഒന്നുരണ്ടാഴ്ച്ചക്കകം അവയൊക്കെ തളരാൻ തുടങ്ങും. 
ഓരോവിത്തുപാകുമ്പോഴും കരുതലോടെ വളവും വെള്ളവും ഒക്കെയൊഴിച്ചു മെല്ലെ മെല്ലെ കിളിർപ്പിച്ചെടുത്ത് വളരെ കരുതലോടെ പറിച്ചുനടാനുള്ളവ പറിച്ചുനട്ട്. മുടങ്ങാതെ അവയെ വെള്ളമൊഴിച്ചു വളർത്തി . അങ്ങനെ വളർന്നു പൂവായി. പൂവിൽ നിന്നും തേൻകുടിക്കാൻ ധാരാളം ശലഭങ്ങളും തേനീച്ചകളും വന്നു അവയൊക്കെ തന്റെ തോട്ടത്തിനു ഭംഗി കൂട്ടി . തേൻകുരുവികളും മറ്റുകിളികളും ചെടികളിലിരുന്നു പാട്ടുപാടി. കാലം കടന്നുപോയി പൂക്കൾ കായ്കളായപ്പോൾ അണ്ണാനും മറ്റുപക്ഷികളും എത്തി. കുറച്ചൊക്കെ ശല്യമുണ്ടായെങ്കിലും അവയെ ഒക്കെ താൻ ആസ്വാദിക്കുകയായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് . ഒന്നുരണ്ടാഴ്ചകഴിഞ്ഞാൽ എല്ലാം അപ്രത്യക്ഷമാകും പിന്നെ അതിശൈത്യമാണ് അതുകഴിയുന്നതുവരെ ആർക്കും പുറത്തു വരാൻ കഴിയില്ല. അത് തനിക്കും ബാധകമാണ്. 
ഓരോ വർഷവും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇതിനെയല്ലേ പുതുവർഷം എന്ന് പേരിട്ടു വിളിക്കുന്നത് . എന്തുചെയ്യാം ഇനി എല്ലാം ഒന്നിൽനിന്നുതുടങ്ങണം. കർഷകൻ ഉദാസീനനായി. പ്രകൃതിയുടെ ഈ വ്യവസ്തിതിയെ താൻ വിചാരിച്ചാൽ മാറ്റാൻ പറ്റില്ലല്ലോ. പിന്നെ സഹിക്കുക അല്ലാതെന്താചെയ്യുക . അയ്യാൾ തിരിച്ചുതന്റെ കട്ടിലിൽ, വരുന്ന കാലത്തേഓർത്തു വിങ്ങലോടെ പുതച്ചുമൂടികിടന്നു. 
സ്വപ്നത്തിൽ, അയ്യാൾ കഴിഞ്ഞു പോയ്കൊണ്ടിരിക്കുന്ന വർഷത്തെ കണ്ടു, താൻ ഓമനിച്ചു വളർത്തിയ തന്റെ ചെടികളുടെ ഇടയിലൂടെനടക്കുകയായിരുന്നു അപ്പോൾ. ഒരു പണിയും ചെയ്യാൻ അയാൾക്കു തോന്നിയില്ല. തന്റെ പയറുചെടികളും പാവലുകളും വെണ്ട ചെടികളും, തക്കാളിയും, കരിയാപ്പും , മുരിങ്ങയും ഒക്കെയുടെയും നെഗളിച്ചുള്ള നിൽപ്പുകണ്ടാൽ തോന്നും വരുന്ന കാലത്തേഅറിവില്ലാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയാത്തഭാവത്തിൽ നിൽക്കുന്നതാണോഎന്ന് . പലതവണ തണുപ്പിനെ അതിജീവിച്ച മരങ്ങൾ ഇതൊന്നും ഏതായാലുമറിയാതിരിക്കയില്ല. മുമ്പവർ എത്രയോപ്രാവശ്യം ഇലപൊഴിച്ചു നഗ്നരായി നിന്നിട്ടുള്ളതാണ്. തനിക്കാണെങ്കിൽ വീടുണ്ട് ഉള്ളിൽ തീ കായാൻ സൗകര്യമുണ്ട് ചൂടുള്ള വെള്ളവും ചൂടാഹാരവും കഴിക്കാൻ ഉണ്ട്. . അവരുടെ അവസ്ഥ, അത് അവർക്കല്ലേ അറിയാൻകഴിയു .
പിറ്റേന്ന് വെട്ടംവീഴുന്നതിനു മുന്നേതന്നെ അയ്യാൾ ഉണർന്ന് കൃഷിയിടത്തിലേക്കുപോയി. പതിവുപോലെ തന്റെ ഓരോ ചെടികളെയും തലോടി. അവരോടു കുശലംപറഞ്ഞു, കുറച്ചുനേരം അങ്ങനെനിന്നു, എന്നിട്ടവരോടുപറഞ്ഞു മഞ്ഞുകാലമാണ് വരുന്നത്. എനിക്കതിനെ തടഞ്ഞുനിർത്താനോ മാറ്റിവിടാനൊകഴിയില്ല. ഒരുസത്യം ഞാൻപറയാം നിങ്ങളിൽ പലരും നശിച്ചുപോകും . നിങ്ങളിലാരും ഈപരുവത്തിൽ അടുത്തവസന്തം കാണാൻ എന്റെകൂടെ ഉണ്ടാകില്ല. ഇതുകേട്ട ചെടികൾ ഞെട്ടി അവർ സങ്കടത്തോടെ അയ്യാളെ നോക്കി. അവർക്കതു സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ചോദ്യങ്ങൾ പലതുംപൊങ്ങിവന്നതാണ് എന്നാൽ ഒന്നും പുറത്തേക്കു വന്നില്ലന്നുമാത്രം. 
അയ്യാൾ അവരെ തലോടിക്കൊണ്ട് പറഞ്ഞു എനിക്കൊന്നുമാത്രംചെയ്യാൻ കഴിയും . നിങ്ങളുടെ നല്ലവിത്തുകളും നല്ലകൊമ്പുകളും ഞാൻ ഭദ്രമായി ശേഖരിച്ചു വയ്ക്കാം. വലിയതണുപ്പ് കഴിഞ്ഞാലുടൻ. ഞാനവയെ പാകി കിളിർപ്പിക്കും. എന്റെകൂടെ നിങ്ങളുണ്ടാവില്ല എന്നത് ദുഖകരമാണ് . പകരം നിങ്ങളുടെ അടുത്ത തലമുറയെ ഞാൻ നിങ്ങളെ പരിചരിച്ചപോലെ തന്നെ പൊന്നുപോലെ പരിചരിക്കും. ഒരുകാര്ര്യം മാത്രം നിങ്ങൾ ഓർക്കുക നല്ലവിത്തുകളും നല്ലകൊമ്പുകളും മാത്രമേ താരാവൂ. ഇത് കേട്ട ചെടികൾക്കതൊരാശ്വാസമായി അതവർക്ക് പ്രത്യാശകൊടുത്തു. ഞങ്ങളില്ലെങ്കിലും പുതിയ തലമുറയ്ക്ക് ഞങ്ങളായി വീണ്ടും പുനർജനിക്കാമല്ലോ.
അയ്യാൾ അന്നുതന്നെ വിത്തുകളും കൊമ്പുകളും ശേഖരിക്കാൻ തുടങ്ങി. അതെല്ലാം പ്രതേകം പ്രത്യേകം സൂക്ഷിച്ചുവച്ചു. അതി ഭയങ്കര ശൈത്യം വന്നു. ചെടികളെല്ലാം ആദ്യം ഇലപൊഴിച്ചും പിന്നെ തണുപ്പിൽ വിറങ്ങലിച്ചും ഇല്ലാതാകുന്നത് ഓരോ ദിവസ്സവും തന്റെ ജനാലയിലൂടെ വേദനയോടെ നോക്കിക്കണ്ടു. അവസാന മരത്തിന്റെ ഇലയും പൊഴിഞ്ഞു. അവസാന ചെടിയും മഞ്ഞിനടിയിലായി. വിരഹത്തിന്റെ ആ കാഴ്ച സഹിക്കാനാവാതെ അയ്യാൾ ആ ജനൽപാളികൾ വലിച്ചടച്ചു. കാരണം ഇനി തുറന്നിട്ടാൽ തന്റെ ശരീരത്തിലേക്കും മരവിച്ച തന്റെ മനസ്സിലേക്കും തണുപ്പ് കയറി തന്നെയും അതില്ലാതാക്കും എന്നയാൾക്കുതോന്നി . . 
കൈയ്യൊടിഞ്ഞ തന്റെ ചാരുകസ്സേരയിലിരുന്നുകൊണ്ട് അയ്യാൾ അടുത്ത വർഷത്തെ കൃഷിയെപറ്റിച്ചിന്തിച്ചു. ഒരുനല്ലകർഷകവര്ഷം വരാൻ അയ്യാൾ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. അതിനുവേണ്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുങ്ങി. തന്റെ പണിയായുധങ്ങൾ വൃത്തിയാക്കിഒരുക്കിവച്ചു. വിത്തുകൾ പാകാനുള്ള പാത്രങ്ങളും അവക്കിടാനുള്ള മണ്ണും വളവും ഒരുക്കിവച്ചുകാത്തിരുന്നു.
അങ്ങനെ നീണ്ട മഞ്ഞുകാലം കഴിഞ്ഞു . ഒരുദിവസം അയ്യാൾ ജനല്പാളികൾ വീണ്ടും തുറന്നു. നഗ്നരായിനിന്ന മരച്ചില്ലകളിൽ ചെറിയ ചെറിയ മുളകൾ പൊട്ടുന്നതുകണ്ടയ്യാളുടെ മനസ്സ് കുളിർത്തു. നേരിയ പച്ചനിറം അത് പ്രത്യാശയുടെ നിറമായിമാറി.
അന്ന് രാത്രി അയ്യാൾക്കുറക്കം വന്നില്ല രാവിലെ തന്നെ പണിതുടങ്ങേണ്ടതാണ്. താൻ മുളപ്പിച്ച വിത്തുകൾ വളരുന്നതും പൂക്കുന്നതും അവിടെല്ലാം ശലഭങ്ങളും തേനീച്ചകളും തുമ്പികളും പാറി പറക്കുന്നതും , അതുകഴിഞ്ഞവിടെ അണ്ണാനും തേൻകുരുവിയും മറ്റുപക്ഷികളും പാറിനടക്കുന്നതും സ്വപ്നം കണ്ടു. 
നേരം പുലരുന്നതിനുമുന്നെ അയ്യാൾ തന്റെ പണിയായുധങ്ങളുമായി പുറപ്പെട്ടു. അങ്ങനെ വീണ്ടും ഇലപൊഴിയും കാലം കടന്ന് തളിരിടുന്ന പുതിയ കാലത്തിലേക്ക് അയ്യാൾ കാലെടുത്തുവച്ചു, അവിടെ തന്റെ സ്വപ്നങ്ങളാകുന്ന വിത്തെറിയാൻ. പ്രതീക്ഷകൾക്കൊത്ത ഫലം കൊയ്യാനൊക്കണേ എന്നുമാത്രമായിരുന്നു അയ്യാളുടെ പ്രാർത്ഥന. അയ്യാൾ പാകിയതിൽ നല്ലവിത്തുകളും നല്ലകൊമ്പുകളും മാത്രം കിളിർത്തുപൊങ്ങി. അവ പൂക്കുകയും കായ്ക്കുകയും ചെയ്തു .

 മാത്യു ചെറുശ്ശേരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.