അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് മക്കളായിരുന്നു. മൂത്തത് ഞാൻ. ഇപ്പോൾ അച്ഛനും അമ്മയും അനിയത്തിയും ജീവിച്ചിരിപ്പില്ല.
കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു "മോൻ ഒരു ഫോഴ്സപ്സ് ബേബിയാണ്. മോനെ പ്രസവിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മ മരിച്ചുപോകുമെന്ന് ഡോക്ടർമാർ അച്ഛനോട് പറഞ്ഞായിരുന്നു."
എന്താണ് ഫോഴ്സസ് എന്നറിയില്ലെങ്കിലും ആ കുട്ടിക്കാലത്ത് ഞാൻ പലപ്രാവശ്യം കണ്ണാടി നോക്കിയിട്ടുണ്ട്. എൻ്റെ ആകൃതിയായിരിക്കും ഫോഴ്സപ്സിന് എന്ന ധാരണയിൽ.
എൻ്റെ ശരീര വലുപ്പം കാരണം അമ്മയുടെ പ്രസവം വളരെ ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ ജീവൻ അപകടത്തിലാണെന്ന് അച്ഛനെ ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ അവിടെയില്ലായിരുന്നു. ഒടുവിൽ ഡ്യൂട്ടി ഡോക്ടറുടെ വൈദഗ്ദ്ധ്യത്തിൽ ഫോഴ്സപ്സ് ഉപയോഗിച്ചാണ് എന്നെ പുറത്തെടുത്തത്. ദുർഘട പ്രസവത്തിൻ്റെ പ്രത്യാഘാതങ്ങൾ അമ്മയ്ക്കായിരുന്നു കൂടുതലും. നീണ്ടകാലം തുടർ ചികിത്സകളും.
എന്നെ പുറത്തെടുത്ത് അമ്മയെയും എന്നെയും രക്ഷിച്ച ആ ഡോക്ടർ ആരെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഇപ്പോൾ അവർ ജീവിച്ചിരിപ്പുണ്ടാകില്ല.
മെഡിക്കൽ രംഗത്തെ ഒരു പ്രധാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇന്നലെ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ OBGYN CLUB (ഒബ്സ്റ്റട്രീഷ്യൻമാരുടെയും ഗൈനക്കോളജിസ്റ്റ്മാരുടെയും സംഘടന) സിൽവർ ജൂബിലി ആഘോഷിക്കുന്ന സമ്മേളനം. ഇന്നലെ അവിടെ എൻ്റെ പ്രസംഗത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞു.
സ്റ്റേജിൽ കയറിയപ്പോൾ പതിവില്ലാത്ത ഒരു സങ്കോചം ഉണ്ടായിരുന്നു മനസ്സിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേർന്ന ദിവസം മുതൽ കാണുന്ന അദ്ധ്യാപകരും സുഹൃത്തുക്കളുമാക്കെയാണ് മുന്നിൽ കേൾവിക്കാരായി. തിരുവനന്തപുരത്തെ അതിപ്രശസ്തരായ സീനിയർ ഡോക്ടർമാരാണ് കൂടുതലും.
സ്റ്റേജിൽ എൻ്റെയൊപ്പം ഉണ്ടായിരുന്നത് കാൻസർ ചികിത്സാരംഗത്ത് ആഗോളതലത്തിൽ അറിയപ്പെടുന്ന അമേരിക്കയിലെ കാൻസർ വിദഗ്‌ദ്ധൻ ഡോ: എം.വി. പിള്ള, OBGYN CLUB - ൻ്റെ സെക്രട്ടറിയും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ ഡോ: ജയൃകൃഷ്ണൻ, ലണ്ടനിലെ സെൻ്റ് ജോർജ്സ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡോ: അമർനാഥ് ബിഡേ, മലേഷ്യയിൽ പ്രവർത്തിക്കുന്ന ഡോ: സെൽവരാജ എന്നിവർ.
നമ്മൾ എളുപ്പത്തിൽ ഗൈനക്കോളജിസ്റ് എന്ന് പറയുന്ന ഒബ്സ്റ്റട്രിക്സ് ആൻ്റ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകൾ കേരളത്തിന് നൽകിയ സംഭാവനയെക്കറിച്ചും ഇന്നലെ ഞാൻ സംസാരിച്ചു. വെറും പ്രസവമെടുക്കലും ഗർഭപാത്ര ശസ്ത്രക്രിയകളും മാത്രമാണ് ഇവർ ചെയ്യുന്ന ജോലിയെന്ന് ധരിക്കുന്നവർ ധാരാളമുണ്ട്. അത് ശരിയല്ല.
ഒരുപാട് മക്കളുള്ള തലമുറയിൽ നിന്ന് ഒന്നോ രണ്ടോ മക്കളുള്ള തലമുറകളായി മലയാളി പരിണമിച്ചിട്ട് അര നൂറ്റാണ്ടേ കഴിഞ്ഞിട്ടുള്ളൂ. പരിണതഫലമായ അണുകുടുംബങ്ങളിൽ ഓരോ ഗർഭവും പ്രസവവും അതീവ പ്രധാനമായി. ഗർഭത്തിൻ്റെ ആദ്യ ആഴ്ചകൾ തൊട്ട് ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയും നിരീക്ഷിച്ച് സുരക്ഷിത പ്രസവം വരെ നീളുന്ന വലിയ ഉത്തരവാദിത്വമാണ് നമ്മുടെ 'ഗൈനക്കോളജിസ്റ്റ്'മാർക്ക്. അതുകൊണ്ടാണ് ആയിക്കണക്കിന് സാധാരണ പ്രസവങ്ങൾക്കിടയിൽ എവിടെയെങ്കിലും ഒരു പാകപ്പിഴ ഉണ്ടായാൽ ഡോക്ടർ പ്രതിയാകുന്നത്. സ്കാനിംഗിലൂടെ ഗർഭസ്ഥ ശിശുവിൻ്റ അംഗവൈകല്യം കണ്ടുപിടിക്കാതിരുന്ന ഡോക്ടർ നടപടിക്ക് വിധേയമാകുന്നത്.
വർത്തമാന കാലത്ത് ഒരു ഗർഭിണിയുള്ള വീട് പലപ്പോഴും സമ്മർദ്ദത്തിലാണ്. ആകാംക്ഷയിലാണ്. അപ്പോൾ നിരവധി ഗർഭിണികളെ ചികിത്സിക്കുന്ന ഒരു ഡോക്ടറുടെ കാര്യം ആലോചിച്ചു നോക്കുക. നിരവധി ഡോക്ടർമാർ നിരവധി ഗർഭിണികളെ ചികിത്സിക്കുന്ന ആശുപത്രികളുടെ കാര്യവും ആലോചിച്ചു നോക്കുക.
കേരളത്തിൻ്റെ കുറഞ്ഞ മാതൃമരണനിരക്കും ശിശുമരണ നിരക്കും രാജ്യത്തിൻ്റെ ശരാശരികളുടെ നാലിലൊന്ന് മാത്രം. അമേരിക്കയുമായി താരതമ്യം ചെയ്യാവുന്ന നിരക്കുകൾ. ആപൽഘട്ടങ്ങളിൽ നൂറ് കണക്കിന് അമ്മമാരെയും ശിശുക്കളെയും മരണത്തിൽ നിന്ന് രക്ഷിച്ച നിരവധി മഹാത്മാക്കളാണ് ഇന്നലെ എൻ്റെ മുന്നിൽ ഇരിക്കുന്നതെന്ന് ഞാൻ ആദരവോടെ ഓർത്തു.
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും എന്നെ സുരക്ഷിതമായി പുറത്തെടുത്ത പേരറിയാത്ത ഡോക്ടറെ ഞാൻ ഇന്നലെയും ഓർത്തതിന് കാരണം മനസിലാകുമല്ലോ? അന്നാ ഡോക്ടർ അവരുടെ കരവിരുത് സധൈര്യം ഉപയോഗിച്ചില്ലായിരുന്നെങ്കിൽ സർക്കാരിൻ്റെ കണക്കിൽ ആ വർഷത്തെ മാതൃമരണ നിരക്കിലും ശിശുമരണനിരിക്കിലും ഓരോ അക്കങ്ങൾ കൂടുമായിരുന്നു.
ആ ഡോക്ടർ ഇല്ലായിരുന്നെങ്കിൽ അമ്മ എൺപത്തിരണ്ട് വയസുവരെ ജീവിച്ചിരിക്കില്ലായിരുന്നു. മരണ ദിവസം വരെ എൻ്റെ കൈകൊണ്ട് അമ്മയെ ചികിത്സിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഇന്നലെ OBGYN CLUB സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്യാൻ മറ്റാരെങ്കിലും ഉണ്ടാകുമായിരുന്നു. പക്ഷേ, ഞാനുള്ള ചിത്രം ഇല്ലാതെ പോയേനേ.
OBGYN CLUB പ്രസിഡൻ്റ് ഡോ: സുഭദ്രാ നായർ എന്ന മഹതിയാണ്. എൻ്റെ അദ്ധ്യാപിക. പ്രിയ സുഹൃത്ത് ആശ നായരുടെ അമ്മ. സുഭദ്ര മാഡം അനാരോഗ്യം കാരണം ഇന്നലെ യോഗത്തിന് വന്നില്ല. മാഡത്തിനെ വീട്ടിൽ പോയി കാണണം.
OB&G യുടെ ബാല പാഠങ്ങൾ പഠിപ്പിച്ച ഡോ: ശാന്തമ്മ മാത്യു ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ വന്നപ്പോൾ എന്നെ ആലിംഗനം ചെയ്തു. അദ്ധ്യാപികയുടെയും അമ്മയുടെയും ഗന്ധവും ചൂടും ഞാൻ വീണ്ടുമറിഞ്ഞു. മക്കൾ മിഥുനെയും മനീഷിനെയും ഗർഭം ധരിച്ചപ്പോൾ എൻ്റെ സന്ധ്യയെയും ചികിത്സിച്ച ഡോക്ടർ.
ഡോക്ടർ ഐഷ വന്ന് കൈയിൽ പിടിച്ചപ്പോൾ സ്കൂൾ ക്ലാസ്മേറ്റ് രാജുവിൻ്റെയും എം.ബി.ബി.എസ് ക്ലാസ്മേറ്റ് അജയൻ്റെയും ചേച്ചി വീണ്ടും എൻ്റെ ചേച്ചിയായി മുന്നിൽ.
ആ നിമിഷങ്ങളിൽ ആ പാട്ട് വീണ്ടും ഓർത്തു പോയി. ഈ മനോഹര തീരത്ത് തരുമോ....
ഡോ: എസ്.എസ്. ലാൽ