ബഹിരാകാശത്ത് രണ്ടു ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപെടുത്തുന്ന സാങ്കേതികവിദ്യയായ ഡീ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. വ്യാഴാഴ്ച പുലർച്ചെ ഭൂമിയുടെ ഭ്രമണപഥത്തിൽ നേരത്തെ ഡോക്ക് ചെയ്തിരുന്ന 220 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ അൺഡോക്ക് ചെയ്തുകൊണ്ട് സ്പാഡെക്സ് ദൗത്യം പൂർത്തിയായതായി പ്രഖ്യാപിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ വിവിധ ഘട്ടങ്ങൾ ISRO സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.
വിജയത്തോടെ ഈ സാങ്കേതിക സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ് ചൈന റഷ്യ എന്നീ രാജ്യങ്ങളാണ് നേട്ടം മുൻപ് കൈവരിച്ചത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഈ വിജയം.


