ചിക്കാഗോ: ഭര്‍തൃ ഭവനത്തിലെ ദുരനുഭവങ്ങളും രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ റെയില്‍ചക്രങ്ങള്‍ക്കിടയില്‍ അരഞ്ഞ് ജീവിതം ഹോമിയ്ക്കുവാന്‍ നിര്‍ബന്ധിതരായ ക്നാനായ സഹോദരി ഷൈനിയുടെയും മക്കളുടെയും ദാരുണ മരണത്തില്‍ ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തീവ്രദുഃഖം രേഖപ്പെടുത്തി. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാന ആസക്തിയുടെയും ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെയും ഇരകളാണ് ഷൈനിയും മക്കളുമെന്ന് കാനാ കരുതുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സഭാ, സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിനും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് കാനാ വിലയിരുത്തി.
മാര്‍ച്ച് അഞ്ചിന് ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ പ്രതിമാസ ടെലിഫോണ്‍ കോണ്‍ഫറന്‍സ്, ഏറ്റുമാനൂര്‍ ദുരന്തം ആഴത്തില്‍ ചര്‍ച്ചചെയ്തു. പ്രസിഡണ്ട് അലക്സ് എസ്തപ്പാന്‍ കാവുംപുറത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വവംശ വിവാഹനിഷ്ഠ വിഷയത്തില്‍ സഭാ, സമുദായ നേതൃത്വങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കാര്‍ക്കശ്യ സമീപനം ഒട്ടനവധി നമ്മുടെ യുവാക്കള്‍ക്ക് തങ്ങളുടെ ആശാഭിലാഷങ്ങള്‍ക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്തുവാന്‍ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രസിഡണ്ട് അലക്സ് എസ്തപ്പാന്‍ അഭിപ്രായപ്പെട്ടു.
കൂലിവേലയില്‍ ഏര്‍പ്പെടുന്നൊരു വ്യക്തിക്കുപോലും പ്രതിദിനം ആയിരമോ, അതിലധികമോ രൂപ വേതനം ലഭിയ്ക്കുന്നൊരു സംസ്ഥാനത്ത്, ബിഎസ്സി നേഴ്സിങ് ബിരുദവും തൊഴില്‍ അനുഭവവും ആരോഗ്യവും ജോലിസന്നദ്ധതയുമുള്ളൊരു വ്യക്തിയ്ക്ക് തന്‍റെയും മക്കളുടെയും അതിജീവനത്തിനായി അനേക വാതിലുകള്‍ മുട്ടേണ്ടി വരുന്നത് തികച്ചും നിരാശാജനകമാണ്. കാരിത്താസ് ഹോസ്പിറ്റല്‍ പോലുള്ള സ്ഥാപനങ്ങള്‍ നേഴ്സിങ് ബിരുദവും നേടി, വായ്പാ ഭാരവുമേന്തി ജോലിക്കായി സമീപിക്കുന്ന യുവാക്കളോട് ഒരു വര്‍ഷം സൗജന്യ സേവനം നിഷ്കര്‍ഷിക്കുന്ന സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണ്. വേലക്കാര്‍ക്ക് മാന്യമായ കൂലി നല്‍കണമെന്ന ബൈബിള്‍ വചനത്തിന്‍റെയും ദേശത്തെ തൊഴില്‍ നിയമങ്ങളുടെയും ലംഘനവും തൊഴിലാളികളോട് വെച്ചുപുലര്‍ത്തേണ്ട സമീപനത്തോടുള്ള ആഗോള വീക്ഷണത്തിന്‍റെ നിരാകരണവുമാണ് ഇത്തരം മനോഭാവം. "ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്" എന്ന യേശുവചനത്തിന്‍റെ നിഷേധവുമാണ് ഇത്തരം സമീപനം.
ക്നാനായ സമുദായ നവീകരണ പ്രസ്ഥാനങ്ങളായ, ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ക്നാനായ കാത്തലിക് നവീകരണ സമിതി, ഗ്ലോബല്‍ ക്നാനായ റീഫോം മൂവ്മെന്‍റ് എന്നീ സംഘടനകള്‍ സംയുക്തമായി 2026 ജനുവരിയില്‍ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം വിജയിപ്പിക്കുവാന്‍ യോഗം ലോകമെമ്പാടുമുള്ള സമുദായാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോട്ടയം, ഉഴവൂര്‍ എന്നിടങ്ങളാണ് സമ്മേളനത്തിനായി പരിഗണിക്കുന്ന നഗരങ്ങള്‍. മത, സാമുദായിക, സാമൂഹ്യ, സാംസ്കാരിക, നിയമ മേഖലകളില്‍നിന്നുള്ള പ്രഗത്ഭ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ALEX KAVUMPURATHU
SALU KALAYIL
UPPACHAN PATHIYIL