അറ്റ്ലാന്‍റ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ അറ്റ്ലാന്‍റായുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും ശ്രദ്ധേയമായി. ഏപ്രില്‍ 5-ന് ശനിയാഴ്ച വൈകുന്നേരം ക്നായി തൊമ്മന്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട സ്നേഹവിരുന്നിനുശേഷം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചിറപ്പുറത്തിന്‍റെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സിബി മുളയാനിക്കുന്നേല്‍ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോണി ഇല്ലിക്കാട്ടില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണവും ഒത്തൊരുമയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അതിനുശേഷം എക്സിക്യൂട്ടീവ്, നാഷണല്‍ കൗണ്‍സില്‍ മെംബേഴ്സ്, വിമന്‍സ് ഫോറം, കെ.സി.വൈ.എല്‍., കിഡ്സ് ക്ലബ്, കെ.സി.ജെ.എല്‍, യുവജനവേദി, ലെയ്സണ്‍ ബോര്‍ഡ് മെംബേഴ്സ്, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ച് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
അറ്റ്ലാന്‍റയിലെ സാന്ദ്രലയ മ്യൂസിക്കല്‍ ഗ്രൂപ്പിന്‍റെ ഗാനസന്ധ്യ അരങ്ങേറി. പുതിയതും പഴയതുമായ അനേകം ഗാനങ്ങള്‍ ആലപിച്ച് സംഗീതപ്രേമികളുടെ മനസ്സിനെ പുളകം കൊള്ളിച്ചു. ഇമ്പമാര്‍ന്ന ഗാനസന്ധ്യയ്ക്കുശേഷം വൈസ് പ്രസിഡണ്ട് ഡാര്‍ളി ഉപ്പൂട്ടില്‍ നന്ദി പറഞ്ഞതോടെ ഫാമിലി നൈറ്റിന് തിരശ്ശീല വീണു. ജോ. സെക്രട്ടറി നിഷ പുലിക്കോട്ടില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, കമ്മിറ്റി അംഗങ്ങളായ സാബു വെങ്ങാലില്‍, പൗലോസ് പോട്ടൂര്‍, അന്തോണി പൂവത്തുംമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.