കോട്ടയം: ആധുനിക കേരള സമൂഹത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കുടുംബ പ്രശ്നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിംഗ് സേവനം, നിയമ സഹായം, അവബോധ പരിപാടികള്‍, ജോലി സാധ്യതകളുടെ പ്രയോജനപ്പെടുത്തല്‍, അടിയന്തിര സഹായം, വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള സഹായ സാധ്യതകളുടെ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിരൂപത ഫാമിലി കമ്മീഷന്റെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്വവും പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന കൗണ്‍സലിംഗ്, നിയമ സഹായം എന്നീ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ 9567789732 എന്ന നമ്പരില്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. പദ്ധതിയുടെ ഭാഗമായി വിദഗ്ദ്ധരായ ആളുകളുടെ സേവനം ലഭ്യമാകത്തക്ക വിധത്തിലുള്ള റഫറല്‍ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.