ഗുഡ് ഈവനിംഗ്, വളരെ ചുരുക്കി പറയണമെന്ന് അധ്യക്ഷൻ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ നിങ്ങളുടെ വിലയേറിയ സമയം മനസ്സിലാക്കിക്കൊണ്ട് കാര്യത്തിലേക്ക് കടക്കാം. എന്റെ പേര് എൽദോ കൊട്ടാരത്തിൽ, എന്നെ കമ്മറ്റി ചെയർമാൻ ആയി തിരഞ്ഞെടുത്തതിലുള്ള പ്രത്യേകം നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
വേദിയിലിരിക്കുന്ന അധ്യക്ഷൻ പൊന്നപ്പൻ , നമ്മുടെ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്ന ആഗോള പ്രസിഡണ്ട് തങ്കപ്പൻ, കാലാകാലങ്ങളായി നമ്മുടെ പ്രസ്ഥാനത്തെ നടത്തിക്കൊണ്ടുപോകുന്ന സ്വർണ്ണപ്പൻ, പടിഞ്ഞാറേ റീജണൽ നിന്നും വിമാനം എടുത്തു വന്ന കുട്ടപ്പൻ, മേഖല പ്രസിഡണ്ട് രാജപ്പൻ, ലോക്കൽ പ്രസിഡണ്ട് കണ്ണപ്പൻ, ഇന്നത്തെ ഈ സായാഹ്നം ഇത്ര മനോഹരമാക്കിയ ലോക്കപ്പൻ, പ്രോഗ്രാമിന്റെ കമ്മിറ്റി ചെയർമാൻ ബിജുക്കുട്ടൻ, ബിനുക്കുട്ടൻ, ജിജി കുട്ടൻ വിമൻസ് ഫോറം റീജിയണൽ പ്രസിഡന്റ്മാർ , സാറാ കുട്ടി, അന്നക്കുട്ടി, ബീന കുട്ടി, സുമതി പിള്ള, ആനി മേനോൻ, കൺവെൻഷൻ കമ്മറ്റി ബിനുമോൾ, സിനുമോൾ, ചിന്നുമോൾ, ഈ പ്രോഗ്രാം ഇത്ര മനോഹരം ആക്കുവാനായി ഞങ്ങളെ സ്പോൺസർ ചെയ്ത മത്തച്ഛൻ, ചാക്കപ്പൻ, ചിന്നപ്പൻ, കുഞ്ഞപ്പൻ, വിവിധ സ്റ്റേറ്റുകളിൽ നിന്നും ധാരാളം മണിക്കൂർ യാത്ര ചെയ്തു വന്ന ലിജു, ബിജു, സഞ്ജു, അഞ്ജു, സിജു യൂത്ത് കലാകാരന്മാർ ലിനോ, സിനോ, മനോ ആൻഡ് സുനോ, കാലാവസ്ഥ പ്രതികൂലമായിട്ടും ഒരു ആൽക്കഹോളിക് വെതർ സമ്മാനിച്ച വ്യവസായ പ്രമുഖൻ ആന്റപ്പൻ ആൻഡ് കമ്പനി, വേദിയിലിരിക്കുന്ന മുൻ പ്രസിഡന്റ് ലോനൻ, കഴിഞ്ഞ കൺവെൻഷൻ ചെയർമാൻ ഉണ്ണിക്കുട്ടൻ, കൾച്ചറൽ പ്രോഗ്രാം ഡയറക്ടർ കൊച്ചുമോൻ തോട്ടത്തിൽ, ഫാമിലി ഇവന്റ് സ്പോൺസർ ചെയ്ത, ജോണി മേലേടത്ത്, സ്കറിയ കുന്നപ്പള്ളി, കുര്യാക്കോസ് ഇരട്ടവീട്ടിൽ, ഉണ്ണിമോനോൻ പടിഞ്ഞാറെ വീട്ടിൽ , ഇത്ര മനോഹരമായ ഓഡിറ്റോറിയം സ്പോൺസർ ചെയ്ത ബി &ബി കമ്പൈൻസ് കമ്പനി, നല്ല ചായ സ്പോൺസർ ചെയ്ത ജോൺസൺ അച്ചായനും ഭാര്യ ജോമോൾക്കും, വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയ കുട്ടൂസ് കാറ്ററിംഗ് കമ്പനി, മനോഹരമായ എൽ.ഇ.ഡി വാളും സൗണ്ടും കൈകാര്യം ചെയ്യുന്ന മാത്തുക്കുട്ടി മൂലയ്ക്കൽ . വളരെ പ്രധാനമായ ഞാൻ വിട്ടുപോയ ഒരു കാര്യം മനോഹരമായ ചെണ്ടമേളം നടത്തിയ അരുൺ വെട്ടത്ത്, അലക്സ് താഴത്ത്, ഹരി ഇടപറമ്പിൽ, ഉണ്ണി പടിഞ്ഞാറ പറമ്പിൽ, ചന്ദ്രൻ വടക്കേ പറമ്പിൽ, അനിരുദ്ധൻ തെക്കേ പറമ്പിൽ, ശ്രീക്കുട്ടൻ കിഴക്കേ പറമ്പിൽ, ലിൻഡോ പള്ളിപ്പറമ്പിൽ, ഇട്ടായി മാടപ്പറമ്പിൽ, ഞങ്ങളുടെ മീഡിയ റെപ്രസെന്റ്റ്റീവ് ചിക്കൂസ്മോൻ മലഞ്ചെരുവിൽ, വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ ഞാൻ അധികം സംസാരിച്ച് നിങ്ങളെ ബോറടിപ്പിക്കാൻ ശ്രമിക്കുന്നില്ല. ഒരു കാര്യം വിട്ടുപോയി. പൊന്നാട സ്പോൺസർ ചെയ്ത അനിക്കുട്ടനും ശ്രീക്കുട്ടിക്കും അവർ നടത്തുന്ന ശ്രീക്കുട്ടി ടൈലറിംഗ് സർവീസിനും പ്രത്യേകം നന്ദി, ഈ നല്ല മീറ്റിംഗ് തുടങ്ങുവാൻ വേണ്ടി വിളക്ക് കത്തിക്കാൻ ആറടി പൊക്കമുള്ള പൊൻവിളക്കും എണ്ണയും തിരിയും തീപ്പെട്ടിയും സ്പോൺസർ ചെയ്ത ചാക്കപ്പൻ ആൻഡ് സൺസ് എന്നിവരോടുള്ള സ്നേഹവും രേഖപ്പെടുത്തുന്നു. ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു ഞാൻ അധികം സമയം എടുക്കാൻ ഉദ്ദേശിക്കുന്നില്ല...... എന്റെ ചിന്തകൾ പുറകോട്ടു പോകുകയാണ്.... നമ്മൾ തുടങ്ങിവെച്ച ഈ പ്രസ്ഥാനം... ഇന്ന് വളർന്ന് പന്തലിച്ച്... ഞാൻ നിങ്ങളുടെ സമയം അധികം എടുക്കുന്നില്ല, നമ്മുടെ ഇത്രയും കാലത്തെ നമ്മുടെ ആഗോള പ്രവർത്തനങ്ങളെയും ചെറുതായി ഞാനൊന്ന് വിശദീകരിക്കട്ടെ....
സണ്ണി മാളിയേക്കൽ